ഈശോയുടെ സ്വര്‍ഗ്ഗാരോഹണം നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നു: മാര്‍പാപ്പ

ഈശോയുടെ സ്വര്‍ഗ്ഗാരോഹണം നമ്മില്‍ സന്തോഷം പ്രദാനം ചെയ്യുന്നുവെന്ന് മാര്‍പാപ്പ. ഞായറാഴ്ച റെജീന കോളി സന്ദേശത്തിനിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഈശോ സത്യദൈവവും യഥാര്‍ത്ഥ മനുഷ്യനും പരിശുദ്ധാത്മാവിന്റെ വാഗ്ദാനവുമാണെന്നതിന് തെളിവായതിനാലാണ് അവിടുത്തെ സ്വര്‍ഗ്ഗാരോഹണം സന്തോഷത്തിന്റെ ഉറവിടമാകുന്നതെന്നും പാപ്പാ പറഞ്ഞു.

“ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ക്ക് എന്തെങ്കിലും നഷ്ടബോധമോ നിരാശയോ ഒറ്റപ്പെടലോ തോന്നിയില്ല. പകരം ഈശോ അവരില്‍ നിന്ന് പിരിഞ്ഞപ്പോള്‍ അവര്‍ സന്തോഷവാന്മാരാവുകയും ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കാന്‍ പുറപ്പെടാന്‍ തയ്യാറാവുകയുമാണ് ചെയ്തത്. എന്തുകൊണ്ടായിരിക്കും ഈശോ പോയപ്പോള്‍ അവര്‍ സങ്കടപ്പെടാത്തത്? എന്തുകൊണ്ടാണ് നമുക്കും ഈശോയുടെ സ്വര്‍ഗ്ഗാരോഹണം സന്തോഷം നല്‍കുന്ന ഒന്നാകുന്നത്? അതിനുള്ള ഉത്തരമിതാണ്, സ്വര്‍ഗ്ഗാരോഹണത്തിലൂടെയാണ് നമ്മുടെ ഇടയിലുള്ള ഈശോയുടെ ദൗത്യം പൂര്‍ത്തിയാവുന്നത്” – പാപ്പാ പറഞ്ഞു.

“ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിലൂടെ ഒരിക്കലും ശിഷ്യന്മാര്‍ പരിത്യജിക്കപ്പെടുകയല്ല ചെയ്യുന്നത്. കാരണം ഈശോയുടെ സാന്നിധ്യം അവരോടൊപ്പം സദാ ഉണ്ടായിരുന്നു. അതുപോലെ അവിടുത്തെ തിരുമുറിവുകള്‍ നമുക്കും സുരക്ഷിതത്വവും സന്തോഷവും പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ധൈര്യത്തോടെ സ്വര്‍ഗ്ഗാരോഹിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ നമുക്കാവട്ടെ” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.