അധികാര കൈമാറ്റത്തിന് മുൻപേ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ തയ്യാറായി ജെസ്യൂട്ട് മിഷനറിമാർ

തലസ്ഥാന നഗരമായ കാബൂൾ പിടിച്ചടക്കിയ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ പോകാൻ തയാറായി ജെസ്യൂട്ട് മിഷനറിമാർ. രണ്ടു ജെസ്യൂട്ട് പുരോഹിതരും നാല് മിഷനറിമാരുമാണ് രാജ്യം വിടാൻ തയ്യാറായിരിക്കുന്നത്. പുരോഹിതരിൽ ഒരാൾ ഇന്ത്യൻ വംശജനാണ്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗങ്ങളും നിലവിൽ നടത്തിക്കൊണ്ടിരുന്ന മിഷൻ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

“ഞങ്ങൾ അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. എന്നാണ് സാഹചര്യങ്ങൾ അനുകൂലമാകുന്നതെന്നു നമുക്ക് പറയാൻ സാധിക്കില്ല. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാർക്കായി വിമാന സർവീസ് ആരംഭിക്കുമ്പോൾ ഞങ്ങൾ പോകാൻ തയാറാണ്,” -പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പുരോഹിതൻ പറഞ്ഞു.

നിലവിൽ രണ്ടുപേരും കാബൂൾ വിമാനത്താവളത്തിൽ കാത്തിരിക്കുകയാണെന്നും എല്ലാവരും അവർക്കായി പ്രാർത്ഥിക്കണമെന്നും ദക്ഷിണേഷ്യയിലെ ജെസ്യൂട്ട് പ്രവിശ്യയുടെ പ്രസിഡന്റ് ഫാ. സ്റ്റാനി ഡിസൂസ പറഞ്ഞു. ഇന്ത്യൻ വംശജനായ ജെസ്യൂട്ട് മിഷനറി ഫാ. അലക്സിസ് പ്രേംകുമാറിനെ 2014 -ൽ താലിബാൻ തട്ടിക്കൊണ്ടു പോയ ശേഷം 2015 ഫെബ്രുവരിയിലാണ് വിട്ടയച്ചിരുന്നു.

2004 മുതൽ അഫ്ഗാനിസ്ഥാനിൽ മിഷനറീസ് ഓഫ് ചാരിറ്റി നിലവിലുണ്ട്. 2002 -ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ അഫ്ഗാനിസ്ഥാനിൽ കത്തോലിക്കാ മിഷൻ സ്ഥാപിച്ചു രണ്ടുവര്ഷത്തിനു ശേഷം രാജ്യത്തെത്തിയ അവർ അഭയാർഥികൾക്കിടയിലും പെൺകുട്ടികളുടെ വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്തു വരികയായിരുന്നു. 25000 കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ അവർ 300 അധ്യാപകരെയും പരിശീലിപ്പിച്ചിട്ടുണ്ട്.

“ഇതിന്റെ പ്രത്യാഘാതങ്ങൾ പാക്കിസ്ഥാനിലും ഉണ്ടാകും. ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ മത മൗലിക വാദം വർദ്ധിക്കും, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അവർ അത് തന്നെയാണ് ക്രൈസ്തവരുടെ നേരെ ചെയ്യുന്നത്. പാക്കിസ്ഥാനിൽ ഇനി ഇസ്ലാമിസ്റ്റ് ബ്രാൻഡ് അവർ കൊണ്ടുവരും.” -പാക്കിസ്ഥാനിൽ നിന്നുള്ള ഫാ. കാമിലാനോ മുഷ്താഖ് അംജമ് പറഞ്ഞു. ആളുകളെ തിരിച്ചറിയാനായി ഇസ്ലാമിസ്റ്റ് മിലിഷിയകൾ വീടുകളുടെ വാതിൽക്കൽ വന്നു മുട്ടുന്നുണ്ടെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.