റോങ്‌മൈ ഗോത്രത്തിൽ നിന്നും ആദ്യമായി ജസ്യൂട്ട് വൈദികൻ പൗരോഹിത്യം സ്വീകരിച്ചു 

റോങ്‌മൈ ഗോത്രത്തിൽ നിന്നും ആദ്യമായി ഒരു ജസ്യൂട്ട് വൈദികൻ പൗരോഹിത്യം സ്വീകരിക്കുകയാണ് ഇന്ന്. ഫാ. ഗാംഗ്‌മൈ ഫിഗാത്തുവൈപോ ഡാനിയേൽ ആണ് ആദ്യമായി ജസ്യൂട്ട് സമൂഹത്തിലേക്ക് ചേരുന്ന റോങ്‌മൈ ഗോത്രക്കാരൻ. മണിപ്പൂർ സംസ്ഥാനത്തെ ജെസ്യൂട്ട് ഇടവകയായ ബിഷ്ണുപൂരിലെ സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തിൽ വച്ച് ഇന്ന് പൗരോഹിത്യ ശുശ്രൂഷകൾ നടക്കും.

35 വർഷം മുമ്പ് ജെസ്യൂട്ട് വൈദികർ സ്ഥാപിച്ച ഈ ഇടവകയിൽ നടക്കുന്ന ആദ്യത്തെ തിരുപ്പട്ടമാണ് ഫാ. ഡാനിയേലിന്റേത്. ഇടവകയിൽ ഇപ്പോൾ 20 ഗ്രാമങ്ങളിലായി 2,300 കത്തോലിക്കർ ആണ് ഉള്ളത്. ചുരചന്ദ്‌പൂർ ജില്ലയിലെ മജുറോൺ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഈ നവവൈദികൻ. 9 മക്കളിൽ ഏഴാമത്തെ ആളാണ് അദ്ദേഹം. ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന ജസ്യൂട്ട് വൈദികരുടെയും മിഷനറിമാരുടെയും ജീവിതം കണ്ടാണ് ദൈവവിളിയിലേയ്ക്ക് ഫാ. ഡാനിയേൽ കടന്നു വരുന്നത്.

“ഞാൻ വളർന്നുവരുമ്പോൾ കുക്കി, നാഗ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തി പ്രാപിച്ചു. സമീപ ഗ്രാമവാസികളെ ചുട്ടുകൊല്ലുന്നത് ഞാൻ കണ്ടു. കലുഷിതമായ ഈ സാഹചര്യത്തിനും മാനുഷിക പരിഗണനയോടെ സേവനങ്ങൾക്കായി ഓടിയെത്തുന്ന വൈദികരെയും സന്യസ്തരെയും അത്ഭുതത്തോടെ ആണ് ഞാൻ നോക്കിയിരുന്നത്. അവരാണ് എനിക്ക് വൈദികനാകുവാൻ ഉള്ള പ്രചോദനം നൽകിയത്.”- എന്ന് പൗരോഹിത്യം സ്വീകരിക്കുന്ന ഫാ. ഡാനിയേൽ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.