സിനിമകൾ സ്വപ്നം കണ്ട ജസ്യൂട്ട് വൈദികൻ മരണമടഞ്ഞു

ഇന്ത്യയിലെ ഫിലിം സ്റ്റുഡിയോകളുടെ പിതാവ് ജസ്യൂട്ട് വൈദികൻ ഗാസ്റ്റൺ റോബർഗ് അന്തരിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ കൊൽക്കത്തയിൽ വച്ചായിരുന്നു മരണം. 85 വയസായിരുന്നു.

പ്രഭാത ഭക്ഷണത്തിനു ശേഷം ശാന്തമായ ഒരു മരണമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് കൊൽക്കൊത്ത പ്രൊവിൻസിൽ നിന്ന് വ്യക്തമാക്കി. സത്യജിത് റേയുമായും ലോകത്തിലെ മറ്റ് മികച്ച ചലച്ചിത്ര പ്രവർത്തകരുമായും ഒത്തു ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് ഫാ. ഗാസ്റ്റൺ റോബർഗ്. കനേഡിയൻ മിഷനറിയായ ഫാദർ റോബർജ് പശ്ചിമ ബംഗാളിലെ സെന്റ് സേവ്യേഴ്‌സ് ഇൻഫർമറിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. 1961 -ൽ ആണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്.

1970 -ൽ കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പഴയ മാധ്യമ പരിശീലന സ്ഥാപനമായ ചിത്രബാനി അദ്ദേഹം സ്ഥാപിച്ചു. സെന്റ് സേവ്യേഴ്സ് കോളേജിന്റെ വിപുലീകരണ സേവനമായാണ് ഇത് ആരംഭിച്ചത്. ഫാ. റോബർജ് 1935 മെയ് 27 -ന് ജനിച്ചു. 1956 -ൽ ജെസ്യൂട്ട് സന്യാസ സമൂഹത്തിൽ ചേർന്നു. 1967 മാർച്ച് 18 -ന് പുരോഹിതനായി. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ ഫാദർ റോബർജ് തീയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. കൊൽക്കത്തയിൽ തിരിച്ചെത്തിയ അദ്ദേഹം ചലച്ചിത്ര പഠനത്തിനായി ആളുകളെ ക്ഷണിക്കുകയും ചിത്രബാനി എന്ന ഒരു കേന്ദ്രം ആരംഭിക്കുകയും ചെയ്തു. ഫാ. റോബർജ് 1996 വരെ ചിത്രബാനിയുടെ ഡയറക്ടറായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.