സാത്താൻ യാഥാർത്ഥ്യമാണ്; ദൈവനിഷേധമാണ് അവനു ആവശ്യം: ജസ്യൂട്ട് സുപ്പീരിയർ

സാത്താൻ സത്യമാണ് എന്ന് ജസ്യൂട്ട് സുപ്പീരിയർ ജനറൽ ഫാ. ആർടുറോ സോസ. ചൊവ്വാഴ്ച വത്തിക്കാനിൽ വച്ച് സാത്താൻ ഒരു സ്വത്വമോ വ്യക്തിയോ അല്ല മറിച്ച് ഒരു പ്രതീകമാണ് എന്ന തന്റെ വാദം തിരുത്തി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ദൈവത്തിന്റെ പദ്ധതിക്കും ക്രിസ്തു നേടിത്തന്ന രക്ഷയ്ക്കും ഇടയിൽ നിൽക്കുന്നവനാണ് സാത്താൻ. കരുണയുള്ള ദൈവത്തെ തള്ളിപ്പറയിപ്പിച്ചു കൊണ്ട് മറ്റുള്ളവരെ തിന്മയിലേയ്ക്ക് വലിച്ചിഴയ്ക്കുവാൻ അവൻ തീരുമാനമെടുത്തിരിക്കുന്നു. ദൈവത്തിലേയ്ക്ക് അടുക്കുന്നതിനുള്ള നമ്മുടെ തീരുമാനത്തെ ഇല്ലാതാക്കുന്നതിനായി ഒരു പൈശാചികശക്തി പ്രവർത്തിക്കുന്നുണ്ട് – സോസ വ്യക്തമാക്കി.

സാത്താൻ പല രീതിയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, മനുഷ്യനെപ്പോലെയുള്ള ഒരു വ്യക്തിയല്ല സാത്താൻ. അത് തിന്മ പ്രവർത്തിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. മനുഷ്യജീവിതത്തിൽ തിന്മ പ്രവർത്തിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് സാത്താൻ എന്നാണ് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്. ഈ പ്രസ്താവന ഏറെ ചർച്ചകൾക്കു വഴി തെളിച്ചിരുന്നു.