ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 12 – റൂത്ത്

ഫാ. ജെയ്സൺ കുന്നേൽ

ബൈബളിലെ പഴയനിയമത്തിൽ ആദ്യമായി ഒരു സ്ത്രീയുടെ ഒരു പേരിൽ, അതും യഹൂദ വംശജയല്ലാത്തവളുടെ പേരിൽ ഒരു പുസ്തകം – ആ മൊവാബ്യ സ്ത്രീയായ റൂത്താണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.

ഇസ്രയേൽക്കാരനായ ഭർത്താവ് മരിച്ചിട്ടും വിധവയായ അമ്മായിയമ്മയോടൊപ്പം ജറുസലെമിലേയ്ക്ക് തിരിച്ചുവന്ന് വിശ്വസ്തയായി ജീവിക്കുന്ന റൂത്ത്, ആഗമനകാലത്തിലെ വഴികാട്ടുന്ന നക്ഷത്രം തന്നെയാണ്. ഭർത്താവും മക്കളും നഷ്ടപ്പെട്ട അമ്മായിയമ്മയ്ക്ക്, വിധവയായ മരുമകൾ സഹായമരുളുമ്പോൾ സ്വന്തം വേദന മറന്ന് മറ്റുള്ളവർക്ക് ആശ്വാസമരുളുന്ന ക്രിസ്തുവിന്റെ ചൈതന്യം റൂത്തിന്റെ ജീവിതത്തിലുമുണ്ട്. അമ്മായിയമ്മയായ നവോമിക്കായി റൂത്ത് ജീവിതം സമർപ്പിക്കുന്നു.

നവോമി എന്ന പേരന്റെ അർത്ഥം സന്തുഷ്ട എന്നാണ്. എന്തായിരുന്നു അവളുടെ ജീവിതത്തെ സന്തുഷ്ടമാക്കിയത് അത് മറ്റൊന്നുമായിരുന്നില്ല, മരുമകളായ റൂത്തിന്റെ സാമീപ്യം ആയിരുന്നു. “റൂത്ത്‌ പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെ പോരാതിരിക്കാനോ എന്നോട് പറയരുത്‌. അമ്മ പോകുന്നിടത്ത് ഞാനും വരും; വസിക്കുന്നിടത്ത് ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും; അമ്മ മരിക്കുന്നിടത്ത്‌ ഞാനും മരിച്ച്‌ അടക്കപ്പെടും. മരണം തന്നെ എന്നെ അമ്മയില്‍ നിന്നു വേര്‍പെടുത്തിയാല്‍, കര്‍ത്താവ്‌ എന്തു ശിക്ഷയും എനിക്കു നല്‍കിക്കൊള്ളട്ടെ” (റൂത്ത്‌ 1:16-17).

തന്നോട് കാരുണ്യം കാണിച്ച മരുമകൾക്ക്, നവോമി ബന്ധുവും സമ്പന്നനുമായ ബോവാസിനെ ഭർത്താവായി നൽകുന്നു. അങ്ങനെ ദാവീദിന്റെ പരമ്പരയിലും യേശുവിന്റെ വംശാവലിയിലും ഒരു കണ്ണിയായി വിശ്വസ്തയായ റൂത്ത് തീരുന്നു. ആഗമനകാലം കാരുണ്യം ജീവിക്കേണ്ട പുണ്യകാലമാണ്. അർഹതയില്ലാത്തതുപോലും അപരർക്ക് നൽകേണ്ട കാലം.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.