ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 09 – മോശ

ദൈവം ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തിലേയ്ക്ക് ഇറങ്ങിവന്ന് അവരെ അടിമത്വത്തിൽ നിന്നു വിമോചിപ്പിച്ച് അവരുമായി ഉടമ്പടി ചെയ്ത് അവരുടെ മധ്യേ കൂടാരത്തിൽ വസിക്കുന്നു. പുറപ്പാടിന്റെ രത്നച്ചുരക്കമാണിത്. അതിന് ദൈവം നിയോഗിച്ച വ്യക്തിയാണ് മോശ. പാപം മൂലം ദൈവത്തിന്റെ സ്വന്തജനം ഈജിപ്തിൽ അടിമത്വത്തിലായി. പക്ഷേ, ദൈവം അവരെ കൈവിട്ടില്ല. മോശയെ അവന്റെ പരിമിതികൾക്കപ്പുറം, തന്റെ ജനത്തെ വിമോചിപ്പിക്കുവാനായി ദൈവം നിയോഗിച്ചു. ദൈവം അവരെ അടിമത്വത്തിൽ നിന്ന് സാതന്ത്രത്തിലേയ്ക്കു നയിച്ചു. എന്നിട്ടും അവർ എതിർക്കുകയും മറുതലിക്കുകയും അവനിൽ നിന്നും മുഖം തിരിക്കുകയും ചെയ്തു. എല്ലാം അവരുടെ സ്വാതന്ത്രത്തിന്റെ ദുരുപയോഗം ആയിരുന്നു. വിക്കനായിരുന്ന മോശയെ ദൈവം ദൈവജനത്തിന്റെ നേതാവാക്കി. ഇസ്രായേൽ ജനത്തിനു അവൻ വഴിയാണ് ദൈവം നിയമം നൽകിയത്.

മോശ എന്ന വാക്കിന്റെ അർത്ഥം ‘വലിച്ചു പുറത്തെടുക്കുക’ എന്നാണ്. പേര് സൂചിപ്പിക്കുംവിധം പാപത്തിന്റെ അടിമത്വത്തിൽ നിന്നു വിമോചിപ്പിക്കാൻ ഇസ്രായേൽ ജനത്തെ വലിച്ചു പുറത്തുകൊണ്ടുവരുവാൻ ദൈവം അവനെ ഉപകരണമാക്കി.

ആഗമനകാലത്ത് മോശയെ ധ്യാനവിഷയമാക്കുമ്പോൾ പാപത്തിന്റെ ബന്ധനാവസ്ഥയിൽ നിന്നു പുറത്തിറങ്ങി ദൈവമക്കളുടെ സ്വാതന്ത്രത്തിലേയ്ക്ക് നമുക്കു പ്രവേശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.