ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 14 – ദാവീദ്

ഫാ. ജെയ്സൺ കുന്നേൽ

ഈശോ, ദാവീദന്റെ പുത്രന്‍ എന്നാണ് അറിയപ്പെടുന്നത്. ദാവീദ് രാജാവിന്റെ മഹത്വത്തെപ്പറ്റി വിവരിക്കാന്‍ മറ്റൊരു വിശേഷണവും ആവശ്യമില്ല. ഈശോ ദാവീദിന്റെ സന്തതിപരമ്പരയിൽപെട്ട വ്യക്തിയാണ്. നാല്പതു വർഷം ഇസ്രായേൽ ഭരിച്ച ശക്തനായ രാജാവാണ് അവൻ. നാഥാൻ പ്രവാചകനിലൂടെ ദാവീദിന്റെ കുടുംബവും രാജത്വവും സ്ഥിരമായിരിക്കും എന്നു ദാവീദിനോട് ദൈവം പറയുമ്പോൾ (2 സാമു. 7:16) ദാവീദ് കൂടാരത്തിനകത്തു ചെന്ന് കർത്താവിന്റെ സന്നിധിയിൽ ഇപ്രകാരം പറയുന്നു: “ദൈവമായ കര്‍ത്താവേ, അങ്ങ്‌ എന്നെ ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കര്‍ത്താവേ, ഇത്‌ അങ്ങേക്ക്‌ എത്ര നിസ്സാരം! (2 സാമു. 7:19). മനുഷ്യവതാരം ചെയ്ത ദൈവപുത്രന്റെ പിറവിത്തിരുനാളിനൊരുങ്ങാൻ നാം സ്വന്തമാക്കേണ്ട മനോഭാവമാണിത്.

ആടുകളെ മേയിച്ചു നടന്ന ബേത്‌ലഹേമുകാരനായ ജസ്സെയുടെ ഇളയപുത്രൻ ദാവീദിന് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ ഒന്നിച്ചുനിർത്താൻ സാധിച്ചത് ദൈവത്തിന്റെ അരൂപി അവനൊപ്പം ഉണ്ടായിരുന്നതിനാലാണ്. ദൈവാരൂപിയുടെ നിമന്ത്രണങ്ങൾക്കനുസരിച്ച്‌ ജീവിതം മെനയുന്നവർക്ക്, മനുഷ്യബുദ്ധിക്കും ശക്തിക്കും അസാധ്യമായ പലതും ചെയ്യുവാൻ കഴിയും. ദൈവത്തിന്റെ പ്രീതി അവനെ ദൈവപുത്രത്വത്തിലേയ്ക്ക് അടുപ്പിച്ചു. ധാർമ്മികമായി അധപതിച്ചപ്പോൾ അദ്ദേഹം പശ്ചാത്തപിക്കുകയും പാപപരിഹാരം അനുഷ്ഠിക്കുകയും ചെയ്തു. വാഗ്ദാനങ്ങളിൽ വിശസ്തനായ ദൈവം ദാവീദിനോട് ചെയ്ത ഉടമ്പടി പാലിച്ചു.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.