ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 25 – ഈശോ മിശിഹാ

ഫാ. ജെയ്സൺ കുന്നേൽ

ഞാനും പുതിയ ജെസ്സയാകുന്ന സഭ എന്ന തണൽ വൃക്ഷത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവാണ് ചരിത്രത്തിലെ ഈ പുണ്യ ദിനത്തിന്റെ ഓർമ്മ നമുക്കു തരുന്നത്.

ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ മനുഷ്യവതാരം. ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു (ലൂക്കാ 2:10-11). ദൈവം ചരിത്രത്തിന്റെ ഭാഗമായ ദിനത്തിൽ മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ അധ്യായം പിറവി എടുത്തു. പഴയ നിയമത്തിൽ ആരംഭിച്ച ജസ്സയുടെ വൃക്ഷത്തിന്റെ അവസാന കണ്ണിയായി യേശു ജനിച്ചു. “യാക്കോബ്‌ മറിയത്തിന്‍െറ ഭര്‍ത്താവായ ജോസഫിന്‍െറ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.(മത്തായി 1:16).

ക്രിസ്തുവിന്റെ മൗതീക ശരീരമാണ് സഭ. ആ സഭ വിശ്വാസികളായ നമ്മളോരോരുത്തരുമാണ്. പരിശുദ്ധ മാമ്മോദീസായിലൂടെ നാമോരോരുത്തരും പുതിയ ജസ്സയായ സഭാ തരുവിൽ അംഗങ്ങളാകുന്നു.

വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ മണ്ണിന്റെ മണമുള്ള മക്കൾ അനുദിന ജീവിതത്തിലൂടെ വചനമാകുന്ന ദൈവത്തിനു ജീവൻ നൽകുമ്പോൾ ജെസ്സയുടെ വൃക്ഷം പടർന്നു പന്തലിക്കും. ഞാനും പുതിയ ജെസ്സയാകുന്ന സഭ എന്ന തണൽ വൃക്ഷത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവാണ് ചരിത്രത്തിലെ ഈ പുണ്യ ദിനത്തിന്റെ ഓർമ്മ നമുക്കു തരുന്നത്.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.