ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 23 – സ്നാപക യോഹന്നാൻ

ഫാ. ജെയ്സൺ കുന്നേൽ

രക്ഷകനു വഴിയൊരുക്കുവാൻ വന്ന സ്ത്രീകളില്‍നിന്നു ജനിച്ചവനിൽ ഏറ്റവും വലിയവനായ സ്നാപക യോഹന്നാനാണ് ജെസ്സയുടെ വൃക്ഷത്തിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. ക്രിസ്തുവിന്റെ ജനനം പോലെ തിരുസഭയിൽ മൂന്നുപേരുടെ ജന്മദിനം മാത്രമേ തിരുനാളായി ആഘോഷിക്കാറുള്ളു, ഒന്നു രക്ഷകന്റെയും മറ്റൊന്നു രക്ഷകനു വഴിയൊരിക്കിയവന്റെയും മൂന്നാമതു രക്ഷകനു മാതാവായവളുടെയും. രക്ഷാകര ചരിത്രത്തിലുള്ള ഈ പ്രത്യേക സ്ഥാനം തന്നെയാണ് സ്നാപകന്റെ ജീവിതം മഹോന്നതമാക്കുന്നത്. ക്രിസ്തുവിന്‍റെ ‘മുന്നോടി’യെന്നും, ‘വഴിയൊരുക്കിയവന്‍’ എന്നുമെല്ലാം യോഹന്നാന്‍ ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.

രക്ഷകനായ യേശുവിനെ ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി സ്നാനാപക യോഹന്നാനാണ്. അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ തന്നെ ആദ്യമായി സ്നാപകൻ യേശുവിനെ തിരിച്ചറിഞ്ഞു. “മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി” (ലൂക്കാ 1:41 ). രക്ഷകനെ തിരിച്ചറിയാൻ ഏറ്റവും ഉത്തമനായ വ്യക്തി സ്നാപകനാണ്. ക്രിസ്തുമസ് ചുറ്റുമുള്ളവരിൽ രക്ഷകനെ കണ്ടെത്തേണ്ട തിരുനാൾ ആണ്.

രക്ഷകനെ ആദ്യമായി തിരിച്ചറിഞ്ഞ സ്നാപകനാണ് ക്രിസ്തു ശിഷ്യത്വത്തിന്റെ അനുകരണീയമായ ഏറ്റവും നല്ല മാതൃക. ഏതു സാഹചര്യത്തിലും ക്രിസ്തുവിനെ തിരിച്ചറിയുക, അതനുസരിച്ചു പ്രവർത്തിക്കുക, ഞാൻ രക്ഷകനല്ല വഴികാട്ടി മാത്രമാണന്നു തിരിച്ചറിയുക, തന്നെ മറന്നു യേശുവിനു പിന്നാലെ അനുയായികൾ പോകുമ്പോൾ തടസ്സം നിൽക്കാതിരിക്കുക, ഫാൻസ് ഗ്രൂപ്പുകൾ ഉണ്ടാക്കാതിരിക്കുക, ഏതു സാഹചര്യത്തിലും സത്യം വെടിയാതിരിക്കുക, ആർഭാടവും ആത്യാഡംബരങ്ങളും നശ്വരമായി കരുതുക തുടങ്ങി ആധുനിക ശിഷ്യർ ഹൃദയത്തിൽ പതിപ്പിക്കേണ്ട ഒരായിരം ഗുണങ്ങളുടെ കലവറയാണ് സ്നാപക യോഹന്നാൻ.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.