ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 22 – വി. യൗസേപ്പ്

ഫാ. ജെയ്സൺ കുന്നേൽ

ക്രിസ്തുമസിനോട് ഏറ്റവും അടുക്കുന്ന ദിനങ്ങളിൽ നമ്മുടെ ചിന്തകൾ നസ്രത്തിലെ തിരുക്കുടുംബത്തിലേയ്ക്കു തിരിക്കാം. ആദ്യ ദിനം ഉണ്ണീശോയുടെ വളർത്തുപിതാവ് വി. യൗസേപ്പ് ആയിരിക്കട്ടെ നമ്മുടെ വഴികാട്ടി.

യൗസേപ്പിതാവിന് തിരുസഭയിൽ നൽകുന്ന ബഹുമാനത്തിനും വണക്കത്തിനും പ്രോട്ടോദൂളിയാ (Protodulia) എന്നാണ് ദൈവശാസ്ത്രത്തിൽ അറിയപ്പെടുക. വിശുദ്ധരുടെ ഇടയിൽ ആദ്യം വണങ്ങപ്പേടേണ്ട വിശുദ്ധൻ എന്നാണ് ഇത് അർത്ഥമാക്കുക.

വിശുദ്ധനായ ഒരു നല്ല അപ്പനായിരുന്നു വി. യൗസേപ്പ്. സ്വർഗ്ഗീയപിതാവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരു കർത്തവ്യമായിരുന്നു സ്വപുത്രനെ ലോകരക്ഷയ്ക്കായി ഭൂമിയിലേയ്ക്ക‌യക്കുക എന്നത്. എന്നാൽ ദൈവപുത്രന്റെ വളർത്തപ്പനാകാനുള്ള ഉത്തരവാദിത്വം യൗസേപ്പിനാണ് കൈവന്നത്. അതിനായി ആ ദൈവീകപദ്ധതിയിൽ വി. ജോസഫ് നിത്യപിതാവിന്റ വിശ്വസ്തനായ പുത്രനായി മാറി. ഒരു നല്ല അപ്പനാകാൻ ഒരുവൻ ആദ്യമേ തന്നെ സ്വർഗ്ഗീയപിതാവിന്റെ അനുസരണമുള്ള, കുലീനമുള്ള, സ്നേഹമുള്ള മകനായിരിക്കണം.

എല്ലാ പിതാക്കന്മാരും സ്വർഗ്ഗീയപിതാവിന്റെ തിരുഹിതം നിറവേറ്റാൻ ദിനവും പ്രാർത്ഥിക്കണം. ഒരു ശരിയായ അപ്പനാകാൻ സ്വർഗ്ഗീയപിതാവിനെ മാർഗ്ഗദർശിയും ഉറവിടവും ജീവനും പ്രചോദനവുമായി ഒരാൾ സ്വീകരിക്കണം. വി. ജോസഫിനെപ്പോലെ സ്വർഗ്ഗീയപിതാവുമായുള്ള ഒരു വ്യക്തിബന്ധം ഓരോ പിതാക്കന്മാരും വളർത്തിയെടുത്താലേ കുടുംബങ്ങൾ തിരുക്കുടുംബങ്ങൾ ആവുകയുള്ളൂ.

സ്വയം യേശുവിനും മാതാവിനും വേണ്ടി ബലിയായിത്തീർന്ന ബലിവസ്തുവാണ് വി. യൗസേപ്പ്. അതു ഒരു പ്രാവശ്യം ആയിരുന്നില്ല പല പ്രാവശ്യം. അതും സഹനത്തിന്റെ തീവ്രനിമിഷങ്ങളിൽ. യേശുക്രിസ്തുവിന്റെ മനുഷ്യവതാര രഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾവീശിയ താഴ്‌വരയിൽ രക്ഷകന് സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീകസ്വരങ്ങൾക്ക് സംശയമെന്യ കാതു നൽകുന്ന നിർമ്മല മനഃസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുക്കുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചുകാണും. അത് ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിലുള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.