ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 21 – സഖറിയായും എലിസബത്തും

ഫാ. ജെയ്സൺ കുന്നേൽ

മക്കളില്ലാത്ത വൃദ്ധദമ്പതികൾക്ക് ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളൂ. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെ മകനായി നൽകുന്ന സന്ദർഭം (ലൂക്കാ 1-ാം അധ്യായം).

എലിസബത്തിന്‍റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയ പ്രതീക്ഷയുടെ തിരുനാളായിരുന്നു സ്നാപകന്റെ ജനനം. ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ”നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവന് യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിപൂരിതനാകും” (ലൂക്കാ 1: 13-15).

ഒരു പുത്രന്‍ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അത് വിശ്വസിക്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല. പ്രകൃതിനിയമമനുസരിച്ച് അത് അസാധ്യമായിരുന്നു. കാരണം, അവർ പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സഖറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതുവരെ അയാള്‍ ഊമനായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു

ദൈവത്തിന്‍റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്‍റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി. നമ്മുടെ യുക്തിയും അളവുമല്ല ദൈവത്തിന്റെ ചെയ്തികൾക്കാധാരം എന്നു സഖറിയായുടെ മൗനം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്‍റെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും എളിമയോടും നിശബ്ദതയോടും കൂടി ധ്യാനിക്കാനും സഖറിയായും എലിസബത്തും പഠിപ്പിക്കുന്നു.

മനുഷ്യന്റെ സാധ്യതകൾക്കും പ്രതീക്ഷകൾക്കും അതിർത്തികളുണ്ട്. എന്നാൽ, ദൈവം നമ്മിൽ കാണുന്ന സ്വപ്നങ്ങൾക്ക് സമയമോ പ്രകൃതിനിയമങ്ങളോ തടസ്സം നിൽക്കില്ലെന്ന് വൃദ്ധദമ്പതികളായ സഖറിയായും എലിസബത്തും നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.