ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 17 – ഹെസക്കിയ

ഫാ. ജെയ്സൺ കുന്നേൽ

കർത്താവിനോട് ഒട്ടിനിന്ന് ഇരുപത്തൊൻപതു വർഷം യൂദാരാജ്യം ഭരിച്ച ഹെസക്കിയാ ആണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. മുൻഗാമികളോ പിൻഗാമികളോ ആയ യൂദാരാജാക്കന്മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല (2 രാജാ. 18:5). ദൈവത്തോടു എന്നും വിശ്വസ്തത പുലർത്തിയിരുന്ന ഹെസക്കിയ തന്റെ പിതാവായ ആഹാസ് ചെയ്ത തെറ്റുകൾക്ക് സ്വന്തം ജീവിതം കൊണ്ട് പരിഹാരം ചെയ്തു. ശരിയായ ദൈവാരാധനയിലേയ്ക്ക് ദൈവജനത്തെ തിരികെ കൊണ്ടുവന്ന നല്ലൊരു ഭരണാധികാരിയായിരുന്നു ഹെസക്കിയ.

അതുപോലെ തന്നെ ദൈവത്തിന്റെ മുമ്പിൽ ചൊരിയുന്ന കണ്ണീർ ഒരിക്കലും വെറുതയാകില്ല എന്നതിന് ഹെസക്കിയായുടെ ജീവിതത്തിൽ ഒരു ഉദാഹരണമുണ്ട്. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ മുപ്പത്തിയെട്ടാം അധ്യായത്തിൽ ഹെസക്കിയ രാജാവ്‌ രോഗിയായപ്പോൾ “നീ മരിക്കും, സുഖം പ്രാപിക്കുകയില്ല” (ഏശയ്യ 38:1) എന്നുപറഞ്ഞ അതേ ദൈവം, രാജാവ്‌ കണ്ണുനീരോടെ പ്രാർത്ഥിച്ചപ്പോൾ ആ പ്രാർത്ഥന കേട്ടു തീരുമാനം മാറ്റുന്നു. “അപ്പോൾ ഏശയ്യായ്ക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി: “നീ ചെന്ന് ഹെസക്കിയായോടു പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമയ കര്‍ത്താവ് അരുള്‍ചെയ്യുന്നു. നിന്റെ പ്രാര്‍ത്ഥന ഞാൻ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീർ ഞാൻ ദർശിച്ചു” (ഏശയ്യ 38:5-6).

കർത്താവിനോട് ഒട്ടിനിൽക്കുന്നവരുടെ പ്രാർത്ഥനയ്ക്ക് ദൈവത്തിന്റെ തീരുമാനം പോലും മാറ്റാൻ കഴിയുമെന്ന് ഹെസക്കിയായുടെ ജീവിതം തെളിയിക്കുന്നു.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.