ജറുസലേമിലെ വിശുദ്ധവാരാചരണം മുടക്കുന്നില്ലെങ്കിലും തിരുക്കര്‍മ്മങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ്

വിശുദ്ധവാരാചരണത്തില്‍ ജറുസലേമിലെ തിരുക്കര്‍മ്മങ്ങള്‍ മുടക്കില്ലെങ്കിലും കാര്യമായ ചുരുക്കലുകള്‍ ഉണ്ടാകുമെന്ന് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് വിശുദ്ധവാരത്തിനായി പ്രഖ്യാപിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതുവരെ ഉണ്ടാകാത്ത പുതിയ തീരുമാനങ്ങള്‍ക്ക് നിര്‍ബന്ധതിരാവുന്നുവെന്ന് വിശുദ്ധനാട്ടിലെ വത്തിക്കാന്റെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല വ്യക്തമാക്കി. മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഓശാന ഞായറാഴ്ച ഒലിവ് ചില്ലയുമായുള്ള പ്രദക്ഷിണം ജറുസലേമില്‍ ഉണ്ടാവില്ല.

യേശുവിന്റെ തിരുക്കല്ലറ ദൈവാലയം സ്ഥിതിചെയ്യുന്ന കബറിടത്തിലുള്ള ആഘോഷങ്ങള്‍ ചുരുക്കുമെന്ന് അറിയിച്ച അദ്ദേഹം ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ ഉപേക്ഷിക്കില്ലെന്നും പറഞ്ഞു. ആശീര്‍വദിച്ച ഒലിവ് ശാഖയും വെഞ്ചിരിച്ച ഹന്നാന്‍ വെള്ളം നിറച്ച കുപ്പികളും ജനങ്ങള്‍ക്ക് മുന്‍കൂട്ടി ലഭ്യമാക്കാന്‍ വൈദികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പെസഹാ വ്യാഴാഴ്ചകളില്‍ അര്‍പ്പിക്കുന്ന ക്രിസം മാസ് (വരും വര്‍ഷത്തേയ്ക്ക് ആവശ്യമായ തൈലം കൂദാശ ചെയ്യുന്ന ദിവ്യബലി) പെന്തക്കുസ്ത നാളുകളിലേയ്ക്ക് മാറ്റിവച്ചു. കത്തീഡ്രലിലെ ത്രിദിന പെസഹാ തിരുക്കര്‍മ്മങ്ങള്‍ ലോകം മുഴുവനും വിവിധ ഭാഷകളില്‍ ടെലിവിഷനിലൂടെ തത്‌സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അനുരഞ്ജന കൂദാശയ്ക്ക് അപ്പോസ്തലിക പെനിറ്റന്‍ഷ്യറിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൊതു പാപവിമോചനം നല്‍കാനുള്ള കാനോനീക നിയമം അനുസരിക്കാനും നിര്‍ദ്ദേശിച്ച അദ്ദേഹം, വ്യക്തിപരമായ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ ഒഴിവാക്കാനും വിശ്വാസികളെ നല്ല മനസ്താപത്തോടെ, സാഹചര്യമനുവദിക്കുമ്പോള്‍ കുമ്പസാരക്കാരെ സമീപിക്കാനും ആവശ്യപ്പെട്ടു. കൊറോണാ വൈറസ് ബാധിതരെ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കാനും ക്ഷണിച്ചുകൊണ്ടാണ് വിശുദ്ധവാര നിര്‍ദ്ദേശങ്ങള്‍ അവസാനിപ്പിക്കുന്നത്.