പരിശുദ്ധ കുര്‍ബാനയില്‍ മുറിവേറ്റ ഈശോയെ കണ്ടു; ജയകുമാര്‍ ഇമ്മാനുവേലായി

മരിയ ജോസ്

ആദ്യമായി പള്ളിയിൽ കയറി വെറുതെ അൾത്താരയിൽ നോക്കി നിന്ന ജയകുമാർ വിശുദ്ധ കുർബാനയിൽ ഒരു അത്ഭുതം കണ്ടു. “ദേഹമാസകലം മുറിവേറ്റ ഈശോ ആ അള്‍ത്താരയില്‍ എന്നോട് പറഞ്ഞു: ജയകുമാറേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.” ആ വാക്കുകളാണ് ജയകുമാറിനെ ഇമ്മാനുവേലാക്കി മാറ്റിയത്.

വിശുദ്ധ കുർബാനയിൽ അശ്രദ്ധമായി നിൽക്കുന്ന, അതിലെ ഈശോയുടെ സാന്നിധ്യം തിരിച്ചറിയാതെ പോകുന്ന, ബലിയർപ്പണം ഒരു ചടങ്ങായി മാത്രം കണക്കാക്കുന്ന അനേകർക്ക്‌ മുന്നിൽ വിശുദ്ധ കുർബാനയിൽ താൻ കണ്ട ആ അത്ഭുതം വിവരിക്കുകയാണ് ഇമ്മാനുവേലായ ആ ജയകുമാർ.

പൂജാരിയാകുന്നത് സ്വപ്നം കണ്ട സമയം 

എറണാകുളം ജില്ലയുടെ അങ്ങേയറ്റത്തുള്ള ചെല്ലാനം എന്ന സ്ഥലത്താണ് ജയകുമാർ ജനിച്ചത്. ജയകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അമ്പലത്തിലെ ശാന്തിക്കാരൻ ആവുക എന്നത്. ആ ഒരു സ്വപ്നവുമായി ദിവസേന അമ്പലത്തിൽ പോയി തൊഴുതും പ്രാർത്ഥനയും നാമജപവുമൊക്കയായി മുന്നോട്ടുപോകുന്ന സമയം.

എട്ടാം ക്ലാസ് വരെയും അമ്പലത്തിലല്ലാതെ മറ്റൊരു മതത്തിന്റെയും ആരാധനാലയത്തിൽ ജയകുമാർ കയറിയിട്ടില്ലായിരുന്നു. മറ്റ് ദേവാലയങ്ങളിൽ കേറുന്നതിനെക്കുറിച്ചോ അവരുടെ വിശ്വാസത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ഒന്നുംതന്നെ ജയകുമാർ ചിന്തിച്ചിരുന്നില്ല. ഉള്ളിലുണ്ടായിരുന്നത് ഒന്നുമാത്രം. ശാന്തിക്കാരൻ ആവണം. ആ ആഗ്രഹം അതിന്റെ തീവ്രതയിൽ അങ്ങനെ തുടരുമ്പോഴാണ് അപ്രതീക്ഷിതമായ ആ സംഭവം ജയകുമാറിന്റെ ജീവിതത്തെ മാറ്റുന്നത്.

സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി പള്ളിയിലേയ്ക്ക്

ആ സമയം ജയകുമാർ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. സ്‌കൂളിൽ എല്ലാ ആദ്യ വെള്ളിയാഴ്ചയും കത്തോലിക്കാ കുട്ടികൾക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുക പതിവുണ്ടായിരുന്നു. സാധാരണ  ആദ്യ വെള്ളിയാഴ്ചകളിൽ ക്ലാസിൽ ജയകുമാർ തനിച്ചിരിക്കുമായിരുന്നു. എന്നാൽ പതിവിനു വിപരീതമായി ഇത്തവണ ജയകുമാറിന്റെ ഉറ്റസുഹൃത്ത് കടന്നുവന്നു. ‘ജയകുമാർ, നീ ഇവിടെ തനിച്ച് ഇരിക്കണ്ടാ. വാ പള്ളിയിലേയ്ക്ക് നീ വാ’ എന്നുപറഞ്ഞ് സുഹൃത്ത് വിളിച്ചു. എന്നാൽ പള്ളിയിൽ പോകാൻ ജയകുമാർ തയ്യാറായിരുന്നില്ല. നിനക്കറിയരുതോ ഞാൻ പള്ളിയിൽ കേറില്ലെന്ന് എന്നൊക്കെ ചോദിച്ച് പള്ളിയിൽ പോകാതിരിക്കാൻ കഴിവതും ശ്രമിച്ചുവെങ്കിലും സുഹൃത്തിന്റെ സ്‌നേഹപൂർവമായ ആ നിർബന്ധത്തിനു മുന്നിൽ ജയകുമാറിനു വഴങ്ങേണ്ടിവന്നു.

മുന്‍പൊരിക്കല്‍ പോലും ആ സുഹൃത്ത് തന്നെ പള്ളിയില്‍ വരാന്‍ നിര്‍ബന്ധിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം ഓര്‍ക്കുന്നു. ശരിക്കും ആ സുഹൃത്തിലൂടെ ദൈവം തന്റെ സ്നേഹത്തിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു എന്ന് ജയകുമാർ സാക്ഷ്യപ്പെടുത്തുന്നു.

അങ്ങനെ ജയകുമാർ പള്ളിയിലെത്തി. ജീവിതത്തിൽ ആദ്യമായാണ് അന്ന് ജയകുമാർ ഒരു ക്രിസ്ത്യൻ പള്ളിയിൽ കയറുന്നത്. പള്ളിയുണ്ട്, അവിടെ യേശുവുണ്ട് എന്നൊക്കെ കേട്ടിരുന്നെങ്കിലും അതിന്റെ ഉള്ളിൽ കയറുന്നത് ആദ്യമായി ആയിരുന്നു. ചുമ്മാ സമയം പോകുന്നതിനായാണ് ജയകുമാർ പള്ളിയിൽ എത്തിയത്. പള്ളിയിൽ എത്തിയപ്പോൾ അവിടെ വല്ലാത്തൊരു ശാന്തത അനുഭവിക്കുവാന്‍ കഴിഞ്ഞു. പള്ളിയിലെ രൂപങ്ങളും സാധനങ്ങളും പാട്ടുകളും അൾത്താരയും ഒക്കെ നോക്കി ജയകുമാർ അങ്ങനെയിരുന്നു. പ്രാർത്ഥിക്കുവാൻ ഒന്നും മുതിർന്നില്ല. ആദ്യമായി പള്ളിയിൽ കയറുന്ന ഒരു കൊച്ചുകുഞ്ഞ് പള്ളിയിലെ വസ്തുവകകൾ ഒക്കെ തിരയുന്നതുപോലെ, ഒരു കാഴ്ചക്കാരനായാണ് ജയകുമാർ അവിടെ നിന്നത്.

വിശുദ്ധ കുർബാന എന്ന അത്ഭുതം

പള്ളിയില്‍ നിന്നപ്പോള്‍ ടീച്ചര്‍മാര്‍ കുട്ടികളെ ക്ലാസ് അനുസരിച്ച് ലൈന്‍ നിര്‍ത്തുന്നത് ജയകുമാര്‍ കണ്ടു. ഇനി അവിടെ നിന്നാല്‍ അവര്‍ ചെയ്യുന്നതൊക്കെ താനും ചെയ്യേണ്ടിവരും എന്നുകരുതി ജയകുമാര്‍ പള്ളിയില്‍ നിന്ന് ഇറങ്ങുവാന്‍ ശ്രമിച്ചു. സുഹൃത്ത് പോവണ്ട എന്ന് നിര്‍ബന്ധിച്ചു എങ്കിലും പറ്റില്ല ഞാന്‍ പോകുവാണ് എന്ന് പറഞ്ഞു ജയകുമാര്‍ പള്ളിക്ക് പുറത്തേയ്ക്ക് ഇറങ്ങുവാന്‍ ശ്രമിച്ചു. പക്ഷേ ജയകുമാറിന് ഇറങ്ങാന്‍ കഴിയുന്നില്ല. അദൃശ്യമായി ആരോ ഒരാള്‍ തന്നെ അവിടെ പിടിച്ചുനിര്‍ത്തുന്നതു പോലെ ജയകുമാറിനു തോന്നി. പഠിച്ച പണി പലതും പയറ്റിയിട്ടും പള്ളിയില്‍ നിന്ന് പുറത്തിറങ്ങുവാന്‍ കഴിയാതിരുന്ന ജയകുമാര്‍ ഒടുവില്‍ ആനവാതില്‍ പടിയില്‍ ഭിത്തിയില്‍ ചാരിയിരുന്നു.

ലാറ്റിന്‍ കുര്‍ബാന ആയിരുന്നു അത്. കുര്‍ബാന പുരോഗമിക്കുകയാണ്. ജയകുമാര്‍ അതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നു. അല്‍പനേരം കടന്നുപോയി. അങ്ങനെ ഇരിക്കുമ്പോള്‍ ജയകുമാര്‍ കാണുന്നത് അച്ചന്‍ തിരുവോസ്തി എടുത്ത് ഉയര്‍ത്തുന്നതാണ്. അത് തിരുവോസ്തി ആണെന്നോ ഒന്നും ജയകുമാറിന് അറിയില്ലായിരുന്നു. താന്‍ കണ്ട ആ അത്ഭുതത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

“ആ തിരുവോസ്തിയിലേയ്ക്കു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് വൈദികന്റെ കയ്യില്‍ ജീവനുള്ള ഒരു ഹൃദയം ഇരുന്ന് തുടിക്കുന്നതാണ്. ഹൃദയം തുടിക്കുന്നതനുസരിച്ച് അച്ചന്റെ കൈ തുടിക്കുന്നത് ഏറ്റവും പിറകില്‍ ഇരുന്ന എനിക്ക് വ്യക്തമായി കാണാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആ ഹൃദയത്തിലേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ അച്ചന്റെ കയ്യിലിരുന്ന ആ ഹൃദയം രണ്ടായി പൊട്ടിപ്പിളര്‍ന്ന് അതിലൂടെ രക്തം താഴേയ്ക്ക് ഒഴുകുന്നതാണ് കാണുന്നത്. ആ രക്തം അള്‍ത്താരയില്‍ വിരിച്ചിരുന്ന വെള്ളത്തുണിയിലേയ്ക്കാണ്. ആ വെള്ള വസ്ത്രം മുഴുവന്‍ ചുമന്ന നിറമായി മാറുകയായിരുന്നു” – ഈ ഒരു കാഴ്ച കുട്ടിയായിരുന്ന ജയകുമാറിന്റെ ഉള്ളില്‍ ഭയങ്കര സങ്കടം ഉളവാക്കി.

ഇതാരുടെ രക്തമാണെന്ന് അറിയില്ല. രക്തം ഇറ്റിറ്റു വീണുകൊണ്ടിരിക്കുകയുമാണ്. അല്‍പനേരം ഇങ്ങനെ കണ്ടപ്പോള്‍ ജയകുമാറിന് തലകറങ്ങുന്നതായി തോന്നി. പെട്ടന്ന് ജയകുമാര്‍ കണ്ണുകള്‍ അടച്ചു. കണ്ണുകള്‍ തുറന്നപ്പോള്‍ ശരിക്കും ജയകുമാര്‍ ആ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനയുടെ അത്ഭുതം ദര്‍ശിക്കുകയായിരുന്നു. “അതുവരെ ഞാന്‍ കണ്ട ഹൃദയമോ രക്തമോ എന്തിന്, അവിടെ കുര്‍ബാന ചൊല്ലിക്കൊണ്ടു നിന്നിരുന്ന വൈദികനോ ആ അള്‍ത്താരയില്‍ ഉണ്ടായിരുന്നില്ല. പകരം ആ അള്‍ത്താരയില്‍ ശരീരമാസകലം മുറിവേറ്റ ഒരു മനുഷ്യന്‍.  നമുക്ക് കണ്ടുനില്‍ക്കാന്‍ കഴിയില്ല. അതിലേറെ മുറിവുകളുമായി ശരീരം മുഴുവന്‍ അടിച്ചു തകര്‍ക്കപ്പെട്ട അവസ്ഥയില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്‍.  ഈശോയുടെ പീഡാനുഭവം മുഴുവന്‍ ആ അള്‍ത്താരയില്‍ ഞാന്‍ കാണുകയായിരുന്നു. ഈശോയെ ചമ്മട്ടികൊണ്ട് അടിക്കുന്നതും മുള്‍കിരീടം തറച്ചു വയ്ക്കുന്നതും ഒക്കെ ലൈവ് ആയി ഞാന്‍ കാണുകയാണ്. കണ്ണുകള്‍ രണ്ടും നിറഞ്ഞ് ഒഴുകുകയാണ്. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്ന് ആ മനുഷ്യനെ ശക്തിയായി അടിച്ചു. അപ്പോള്‍ ആ മനുഷ്യന്‍ അള്‍ത്താരയിലേയ്ക്കു കമഴ്ന്നുവീഴുകയാണ്. ആയാസപ്പെട്ട്‌ അവിടെ നിന്ന് എഴുന്നേറ്റ ആ മനുഷ്യനെ അവര്‍ വീണ്ടും പ്രഹരിച്ചു. രണ്ടാം തവണ എഴുന്നേല്‍ക്കുമ്പോള്‍ ആ മുറിവേറ്റ മനുഷ്യന്‍ എന്നെത്തന്നെ നോക്കുകയാണ്. എന്നിട്ട് ആ മനുഷ്യന്‍ പറഞ്ഞു: മകനേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട്. നിനക്കും വേണ്ടിക്കൂടി ഞാന്‍ കുരിശില്‍ മരിക്കാന്‍ പോവുകയാണ്” – അദ്ദേഹം സാക്ഷ്യപ്പെടുത്തി.

പിന്നെ എന്താണ് സംഭവിച്ചതെന്ന് ജയകുമാറിനറിയില്ല. കണ്ണ് തുറക്കുമ്പോള്‍ ഒരു ക്ലാസ് മുറിയിലാണ്. കൂട്ടുകാര്‍ വെള്ളം മുഖത്ത് തളിക്കുന്നുണ്ട്. പിന്നീട് ടീച്ചര്‍മാര്‍ പറഞ്ഞു ബോധംകെട്ട് വീഴുന്ന സമയത്ത് ഈശോയെ കൊല്ലാന്‍ കൊണ്ടുപോകുന്നു എന്ന് ഞാന്‍ പറയുന്നുണ്ടായിരുന്നു എന്ന്.

കാഴ്ചപ്പാടുകളിലെ മാറ്റം

മറ്റൊരു വിശ്വാസത്തില്‍ വളര്‍ന്ന ജയകുമാര്‍ അന്നുവരെ, സ്നേഹിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് കേട്ടിരുന്നില്ല. ആദ്യമായാണ്  ദൈവം തന്നെ നോക്കി ‘മകനേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്ന് പറയുന്നത്. ആ വാക്കുകള്‍ അദ്ദേഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങി. അന്നുവരെ ദേവാലയത്തില്‍ കയറാന്‍ മടികാട്ടിയിരുന്ന ജയകുമാര്‍ ആ സംഭവത്തിനു ശേഷം പതിവായി പള്ളിയില്‍ കയറുവാന്‍ തുടങ്ങി.

സ്കൂളില്‍ എത്തുന്നതിനു  മുന്‍പ് പള്ളിയില്‍ കയറി ഈശോയെ കാണുവാനും പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. ചെറിയ ചെറിയ പ്രാര്‍ത്ഥനകള്‍ പഠിക്കുവാന്‍ തുടങ്ങി. അങ്ങനെ ജപമാലയും ചൊല്ലാന്‍ പഠിച്ചു. ബൈബിള്‍ പതിവായി വായിക്കുവാന്‍ തുടങ്ങി. അപ്പോഴാണ് അന്ന് അള്‍ത്താരയില്‍ താന്‍ കണ്ടത് ഈശോയുടെ പീഡാനുഭവം ആണെന്ന് ജയകുമാറിന് മനസിലാകുന്നത്. പതിയെ പതിയെ അമ്പലത്തില്‍ പോക്ക് നിര്‍ത്തലാക്കി തുടങ്ങി. ജയകുമാറില്‍ ഉണ്ടായ ഈ മാറ്റങ്ങള്‍ വീട്ടിലുള്ളവരും ശ്രദ്ധിച്ചു തുടങ്ങി. പ്രത്യേകിച്ച് അമ്മ. അമ്മ, വിശ്വാസം ഉള്ള ഒരു വ്യക്തിയായിരുന്നു. അതിനാല്‍ തന്നെ ജയകുമാറിനെ വഴക്കുപറയുവാനോ ഒന്നും തുനിഞ്ഞില്ല.

വഴിത്തിരിവായി ഫാ. ജോസ് ഉപ്പാണിയുമായുള്ള സൗഹൃദം

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോസ് ഉപ്പാണിയെ പരിചയപ്പെടുന്നത്. ജയകുമാര്‍ അംഗമായിരുന്ന പ്രയര്‍ഗ്രൂപ്പിലെ ബേര്‍ളി എന്ന ചേട്ടനിലൂടെയാണ് ഉപ്പാണിയച്ചനെ പരിചയപ്പെടുന്നത്. അത് ശരിക്കും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു.ആ പരിചയപ്പെടല്‍ സൌഹൃദത്തിലേയ്ക്ക് നയിച്ചു. പിന്നീടു അച്ചന്‍ ജയകുമാറിനെ വിളിക്കുകയും അവധി സമയത്ത് അച്ചന്റെ കൂടെ വന്നുനില്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പത്തിന്റെ പരീക്ഷ കഴിഞ്ഞ സമയത്ത് അച്ചന്‍ വിളിച്ചു. അവധിയല്ലേ ഇവിടെ വന്നു നില്‍ക്കാമോ എന്ന അച്ചന്റെ ചോദ്യം നിരസിക്കാന്‍ ജയകുമാറിന് കഴിഞ്ഞില്ല. വീട്ടില്‍ നിന്ന് അനുവാദം വാങ്ങി അച്ചനൊപ്പം ധ്യാനകേന്ദ്രത്തില്‍ എത്തി. അവിടെ ആദ്യം ശുശ്രൂഷകളില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ഇടയ്ക്കിടെ സാക്ഷ്യം പറയുവാനും അച്ചന്‍ അനുവദിച്ചു. ധ്യാനത്തിന് മുന്‍പ് ജപമാല പ്രാര്‍ത്ഥന നയിക്കുക, പ്രാര്‍ത്ഥനയ്ക്കായി പങ്കെടുക്കുന്നവരെ ഒരുക്കുക തുടങ്ങിയവയായിരുന്നു ആദ്യത്തെ ചുമതല എങ്കില്‍ പതിയെപ്പതിയെ സാക്ഷ്യം പറയുവാനും മറ്റും അച്ചന്‍ ജയകുമാറിനെ സ്റ്റേജില്‍ കയറ്റിത്തുടങ്ങി. ആ ധ്യാനകേന്ദ്രത്തില്‍ ശ്രുശ്രൂഷ ചെയ്യുന്ന എല്ലാവരും ദിവസം രണ്ടുമണിക്കൂര്‍ നിശ്ചയമായും പ്രാര്‍ത്ഥിക്കണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അവിടുത്തെ ജീവിതം ശരിക്കും തന്റെ ജീവിതത്തെ പ്രാര്‍ത്ഥനയില്‍ അടിസ്ഥിതമായി രൂപീകരിക്കുകയായിരുന്നു എന്ന്  അദേഹം സാക്ഷ്യപ്പെടുത്തുന്നു.

ജയകുമാറില്‍ നിന്ന്  ഇമ്മാനുവലിലേയ്ക്ക്

ജയകുമാറിന്റെ മാറ്റം കുടുംബത്തെയും സ്വാധീനിച്ചു തുടങ്ങിയിരുന്നു. ആദ്യം അമ്മയാണ് ഇശോയിലുള്ള വിശ്വാസത്തിലേയ്ക്ക് നീങ്ങിത്തുടങ്ങിയത്. അമ്മ മാതാവിന്റെ നോവേനകളിലും മറ്റും പങ്കെടുത്തു തുടങ്ങി. അതിന് പ്രധാനകാരണം അപ്പന്റെ കുടിയായിരുന്നു. അമ്മയും സഹോദരനും പതിയെ വിശ്വാസത്തിലേയ്ക്ക് അടുത്തു തുടങ്ങി. ജയകുമാര്‍ പത്താം ക്ലാസില്‍ അച്ചനോപ്പം ശുശ്രൂഷ ചെയ്യാന്‍ പോയ അതേ സമയം തന്നെ അമ്മയും അപ്പനും ഡിവൈനില്‍ ധ്യാനം കൂടുകയും ദൈവനുഭാവത്തിലേയ്ക്ക് കടന്നുവരികയും ചെയ്തു.

ഒപ്പംതന്നെ അപ്പന്‍ കുടി നിര്‍ത്തി. കുടുംബം വലിയൊരു മനസാന്തരത്തിലേയ്ക്ക് കടന്നുവരികയും ചെയ്തു. ധ്യാനം കൂടി വന്നതിനു ശേഷം വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥന മുടങ്ങാതെ നടത്തുവാന്‍ ശ്രദ്ധിച്ചു. എങ്കിലും മാമ്മോദീസ സ്വീകരിക്കുന്നതിനു കുറച്ചുനാള്‍ കൂടി കാത്തിരുന്നു. അങ്ങനെ പതിനെട്ടാമത്തെ വയസില്‍ ജയകുമാര്‍ മാമ്മോദീസ സ്വീകരിക്കുകയും ഇമ്മാനുവേല്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

കുട്ടികള്‍ക്കിടയിലേയ്ക്ക്

തുടര്‍ന്നുള്ള തന്റെ ജീവിതം പൂര്‍ണ്ണമായും ഇമ്മാനുവല്‍ ദൈവത്തിനായി മാറ്റി വയ്ക്കുകയായിരുന്നു. ആദ്യം ഉപ്പാണിയച്ചന് ഒപ്പവും പിന്നീട് അല്ലാതെയും ഒക്കെ ധ്യാനങ്ങള്‍ നടത്തി. അങ്ങനെ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഒരു വെളിപ്പെടുത്തൽ ലഭിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുവാനായി ദൈവം തന്നെ പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. ഈ കാര്യം അച്ചനോടും ടീം അംഗങ്ങളോടും പറഞ്ഞതിനുശേഷം അവരുടെ അനുവാദത്തോടെ കുട്ടികളുടെ ഇടയിലെ പ്രേഷിതപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ചു.

അങ്ങനെ കൊച്ചിയിലുള്ള ക്രിസ്ടീന്‍ ധ്യാന ടീമുമായി ചേര്‍ന്ന് കുട്ടികള്‍ക്കിടയിലെ പ്രവര്‍ത്തനം ആരംഭിച്ചു. ഇടവകകളും സ്കൂളുകളും കേന്ദ്രീകരിച്ചു കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

കുര്‍ബാന അനുഭവം

തന്റെ ക്ലാസുകളില്‍ എല്ലാം അദ്ദേഹം ഊന്നിയൂന്നി പറയുന്ന ഒരു കാര്യമുണ്ട് മക്കളെ കുര്‍ബാനയില്‍ നിങ്ങള്‍ അലസരായി നില്‍ക്കരുതേ എന്ന്. കാരണം വിശുദ്ധ കുര്‍ബാന എന്താണെന്നും അതിന്റെ ശക്തി എന്താണെന്നും ഇമ്മാനുവലിനേക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരാള്‍ ഇല്ലല്ലോ. വിശുദ്ധ കുര്‍ബാനയില്‍ ദൈവത്തിന്റെ കയ്യില്‍ താന്‍ സമര്‍പ്പിച്ച ഒരു കാര്യവും ഇതുവരെ സാധിക്കാതെ ഇരുന്നിട്ടില്ല എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതിനു ഉദാഹരണമായി പറയുവാന്‍ ധാരാളം അനുഭവങ്ങള്‍ ഇമ്മാനുവലിന്റെ ജീവിതത്തില്‍ ഉണ്ട്.

അദ്ദേഹത്തിന്‍റെ ഭാര്യ ഗര്‍ഭിണിയായ സമയം. പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍ വിധിയെഴുതി കുഞ്ഞിന്റെ തല വളരെ വലുതാണ്. നോര്‍മലായ ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് ലഭിക്കില്ല എന്ന്. അദ്ദേഹത്തിനും ഭാര്യയ്ക്കും വളരെ സങ്കടമായി. അവര്‍ വീട്ടിലേയ്ക്ക് മടങ്ങി. ബസ്‌ ഇറങ്ങുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ വി. കുര്‍ബാന നടക്കുകയാണ്. രാവിലെ കുര്‍ബാനയില്‍ പങ്കെടുത്തതാണെങ്കിലും ഭാര്യയെയും കൂട്ടി ബലിയില്‍ ഒന്നുകൂടി പങ്കെടുത്തു. ആ കുര്‍ബാനയില്‍ വൈദികന്‍ തിരുവോസ്തി ഉയര്‍ത്തിയ സമയങ്ങളിലൊക്കെ അദ്ദേഹം തനിക്ക് ഒരു കുഴപ്പവും ഇല്ലാത്ത നോര്‍മലായ കുഞ്ഞിനെ നല്കണമേ എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ പ്രസവത്തിനു മുന്‍പ് അദ്ദേഹം ഡോക്ടറിനോട് പറഞ്ഞു” എനിക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നല്‍കും” എന്ന്. ഡോക്ടറിന് ദേഷ്യമാണ് വന്നത്. ഒടുവില്‍ കുഞ്ഞിനെയുമായി അദ്ദേഹം വെളിയില്‍ വന്നത് കരഞ്ഞുകൊണ്ടാണ് എന്ന് ഇമ്മനുവേല്‍ ഓര്‍ക്കുന്നു.

അങ്ങനെ അനേകം അനുഭവങ്ങള്‍ ഉണ്ട് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍. തന്റെ വീടുപണി നടന്നതും തനിക്കു ബൈക്ക് ലഭിച്ചതും ഒക്കെ താനറിയാത്ത ആളുകളിലൂടെ ദൈവം തനിക്കായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് അദ്ദേഹം തന്റെ രണ്ടു മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം ചെല്ലാനത്ത് താമസിക്കുന്നു. ദൈവത്തിനായുള്ള ഈ ജീവിതത്തില്‍ ദൈവം കൈപിടിച്ചു നടത്തും എന്ന പൂര്‍ണ്ണവിശ്വാസത്തില്‍ യാത്ര ചെയ്യുകയാണ് ഇമ്മാനുവേലും കുടുംബവും.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.