എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കായി ഒളിമ്പിക്സ് മെഡൽ ലേലത്തിനു വച്ച് ജാവലിൻ താരം

വനിതാ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ പോളണ്ടുകാരി മരിയ ആന്ദ്രെസിക് സൂപ്പറാണ്. ഒളിമ്പിക് മെഡൽ നേടിയതുകൊണ്ടു മാത്രമല്ല പിന്നെയോ, എട്ട് മാസം പ്രായമുള്ള മിലോസെ മാലിസ എന്ന കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ മരിയ സ്വന്തം മെഡൽ ലേലത്തിൽ വച്ചു. ഒന്നേകാൽ ലക്ഷം ഡോളറാണ് (ഏകദേശം 92 ലക്ഷം രൂപ) ലേലത്തുകയായി ലഭിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കൾ പണം സമാഹരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഫേസ്ബുക്കിലൂടെ അറിഞ്ഞതിനെ തുടർന്നാണ് താരം തന്റെ മെഡൽ ലേലം ചെയ്ത് പണം സമാഹരിക്കാൻ തീരുമാനിച്ചത്.

“ഇത് തീരുമാനിക്കാൻ എനിക്ക് കൂടുതൽ സമയം ആവശ്യമില്ലായിരുന്നു. കാരണം ഇത് ശരിയാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ധനസമാഹരണം നടത്തുന്നത്. മിലോസെക്കിന് ഗുരുതരമായ ഹൃദയവൈകല്യമുണ്ട്; ശസ്ത്രക്രിയ ആവശ്യമാണ്. ഒരു മെഡലിന്റെ യഥാർത്ഥ മൂല്യം ഹൃദയത്തിലാണ് നിലനിൽക്കുന്നത്. മെഡൽ ഒരു വസ്തു മാത്രമാണ്. പക്ഷേ അത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്നത് ഇതുപോലെ ജീവൻ രക്ഷിക്കാൻ കഴിയുമ്പോഴാണ്. അതുകൊണ്ടാണ് രോഗിയായ ഈ കുട്ടിയെ സഹായിക്കാൻ ഞാൻ മെഡൽ ലേലം ചെയ്യാൻ തീരുമാനിച്ചത്” – മരിയ പറയുന്നു.

പോളണ്ടിലെ സൂപ്പർ മാർക്കറ്റ് ചെയിനായ സാബ്കയാണ് മെഡൽ ലേലത്തിൽ പിടിച്ചത്. എന്നാൽ, പണം നൽകിയശേഷം മെഡൽ മരിയക്ക് തന്നെ അവർ അത് തിരിച്ചുകൊടുക്കുകയും ചെയ്തു. മരിയയുടെ ആദ്യത്തെ ഒളിമ്പിക്സ് മെഡലാണ് ഇത്.

മരിയയുടെ ജീവിതത്തിലും രോഗത്തെ അതിജീവിച്ച ഒരു സംഭവമുണ്ട്. 2018 -ൽ അസ്ഥിക്ക് പിടിപെടുന്ന കാൻസറിന്റെ ഒരു രൂപമായ ഓസ്റ്റിയോസർകോമ എന്ന രോഗനിർണ്ണയം നടത്തിയെങ്കിലും അവർ തിരിച്ചുവന്നു. 2019 യൂറോപ്യൻ ടീം ചാമ്പ്യൻഷിപ്പ് സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. അതിജീവനത്തിന്റെയും സഹാനുഭൂതിയുടെയും പാഠങ്ങളാണ് മരിയ ആന്ദ്രെസിക് എന്ന ഒളിമ്പിക് താരം ലോകത്തെ പഠിപ്പിക്കുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.