കുഷ്ഠരോഗികളെ അവഗണിച്ചതിന് മാപ്പ് പറഞ്ഞ് മെത്രാന്‍സംഘം

കുഷ്ഠരോഗികളോടു കാണിച്ച അവഗണനയ്ക്ക് ജപ്പാനിലെ ദേശീയ മെത്രാന്‍സംഘം മാപ്പപേക്ഷിച്ചു. ജപ്പാനിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ ടോക്കിയോ ഓഫീസില്‍ നിന്നും ദേശീയ സംഘത്തിന്‍റെ പ്രസിഡന്‍റും നാഗസാക്കി അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമിയാണ് മാപ്പപേക്ഷിക്കുന്ന പ്രസ്താവന പ്രസിദ്ധപ്പെടുത്തിയത്.

ജാപ്പനീസ് സര്‍ക്കാര്‍ 2001-വരെ കുഷ്ഠിരോഗികള്‍ക്ക് എതിരായ നയം പാലിക്കുകയും അവരെ സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്തു. ജപ്പാനിലെ ദേശിയസഭയും ഈ കാലയളവില്‍ സര്‍ക്കാരിന്‍റെ നയത്തോടു നിശ്ശബ്ദമായി അനുകൂലിച്ചു നില്‍ക്കുകയും രോഗികളായവര്‍ക്ക് ചെയ്യാമായിരുന്ന നന്മയും ശുശ്രൂഷയും വേണ്ടുവോളം ചെയ്യാതിരിക്കുകയും ചെയ്തു. മാത്രമല്ല 1956-ല്‍ വത്തിക്കാന്‍ പുറത്തുവിട്ട സഭയുടെ പ്രബോധനത്തോടും നിസംഗത കാട്ടിയതില്‍ ജപ്പാനിലെ സഭ ഇന്ന് ഖേദിക്കുന്നു. അതുകൊണ്ടാണ്, വൈകിയെങ്കിലും പരസ്യമായി കുഷ്ഠരോഗികളോടും അവരുടെ കുടുംബത്തോടും ജപ്പാനിലെ ദേശീയസഭ മാപ്പപേക്ഷിക്കുന്നത്.

ഇനിയൊരിക്കലും കുഷ്ഠരോഗികളെ അവഗണിക്കുന്ന തിന്മ ചെയ്യില്ലെന്നും, ക്രിസ്തുവിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ഒരിക്കലും മനുഷ്യാവകാശത്തെ ലംഘിക്കുകയില്ലെന്നും മെത്രാന്‍സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി.