ഫാ. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേയ്ക്ക് മാറ്റി

എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിയെ, ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ ആശുപതിയിലേയ്ക്ക് മാറ്റി. 15 ദിവസത്തെ ചികിത്സയ്ക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേയ്ക്ക് മാറ്റാനാണ് ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പാര്‍ക്കിന്‍സണ്‍സ് അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന വൈദികനെ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു. കോവിഡ് സാഹചര്യവും തന്റെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ഫാ. സ്റ്റാന്‍ സ്വമി ഇടക്കാല ജാമ്യം ആവശ്യപ്പെട്ടിരുന്നു. ചികിത്സയ്ക്കായി സ്വാമിയെ ആശുപത്രിയിലേയ്ക്ക് മാറ്റുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് എസ്.എസ്. ഷിന്‍ഡെ, എന്‍.ആര്‍. ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജയില്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജെ.ജെ. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ വാദിച്ചിരുന്നു. ഹോളി ഫാമിലി ആശുപത്രിയിലെ ചകിത്സാ ചെലവ് സ്വന്തമായി വഹിക്കാമെന്ന് സ്റ്റാന്‍ സ്വാമിയും കോടതിയെ അറിയിച്ചിരുന്നു. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ സുഹൃത്തായ ഫാ. ഫ്രോസര്‍ മസ്‌കെരെന്‍ഹാസിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.