‘ അമ്മേ എന്റെ അമ്മേ…’ ഇത്തവണയും ഇറ്റാലിയന്‍ വൈദികന്റെ മലയാളം പാട്ട് വമ്പന്‍ ഹിറ്റ്

1984-ല്‍ പുറത്തിറങ്ങിയ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍…’ എന്ന അനശ്വരഗാനം അക്ഷരസ്ഫുടതയോടെ ആസ്വദിച്ചുപാടുന്ന ഒരു ഇറ്റാലിയന്‍ വൈദികന്റെ മുഖം ആരും മറന്നുകാണില്ല. കാരണം, അത്രമേല്‍ ആകര്‍ഷകമായിരുന്നു ആ ആലാപനം. സോഷ്യല്‍ മീഡിയയില്‍ വൈറലും.

സംഗീതത്തിന് ഭാഷയും അതിരുകളുമില്ല എന്നും സംഗീതം തന്നെയാണ് ഭാഷ എന്നും തെളിയിച്ചുകൊണ്ട് പ്രസ്തുതഗാനം തെളിമയോടെ പാടി ശ്രദ്ധേയനായ ആ വൈദികന്‍, ഫാ. സിമോണെ ബര്‍ബേരി വീണ്ടും തന്റെ മികവ് തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഫാ. ബിനോജ് മുളവരിക്കല്‍ രചനയും സംഗീതവും നിര്‍വഹിച്ച് കെസ്റ്റര്‍ ആലപിച്ച, മരിയന്‍ ഭക്തിഗാനരംഗത്ത് വമ്പന്‍ ഹിറ്റായി മാറിയ, ‘അമ്മേ എന്റെ അമ്മേ…’ എന്ന ഗാനമാണ് ഇത്തവണ ഫാ. ബര്‍ബേരി പാടിയിരിക്കുന്നത്. ഇത്തവണയും മാസ്മരിക പ്രകടനമാണ് അച്ചന്‍ നടത്തിയിരിക്കുന്നത്. തന്റെ മലയാളി സുഹൃത്തുക്കളായ ഫാ. ജാക്‌സണ്‍ സേവ്യര്‍, ഫാ. സനോജ് ജോയി തുടങ്ങിയവരുടെ സഹായത്തോടെയാണ് ഫാ. ബര്‍ബേരി ഈ ഗാനം പഠിച്ചെടുത്തതും മനോഹരമായി ആലപിച്ചതും. പാട്ടിന് കോറസ് പാടിയിരിക്കുന്നതും സുഹൃത്തുക്കളായ ഈ വൈദികരാണ്. ഫാ. ജാക്‌സണ്‍ സേവ്യറിന്റെ പേരിലുള്ള യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

റോമിലെ പഠനകാലത്തെ മലയാളി സുഹൃത്തുക്കളാണ് മലയാളം പാട്ടുകള്‍ ആസ്വദിക്കാനും പാടാനും തനിക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നതെന്നും മലയാളം കൂടുതലായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. ബര്‍ബേരി ആദ്യ വീഡിയോയില്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ ഗാനം കേട്ടവരെല്ലാം അദ്ദേഹത്തിന്റെ പുതിയ പാട്ടിനായുള്ള കാത്തിരിപ്പിലുമായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ആലാപനത്തിന് സോഷ്യല്‍മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും അഭിനന്ദനങ്ങളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.