ലെബനൻ രക്ഷിക്കാൻ പോരാടുന്നത് മൂല്യവത്താണ്: ലെബനന്റെ പുതിയ പ്രധാനമന്ത്രിയോട് ഫ്രാൻസിസ് പാപ്പാ

പ്രതിസന്ധിയിലായ രാജ്യം രക്ഷിക്കാൻ പോരാടുന്നത് മൂല്യവത്താണെന്ന് ലെബനന്റെ പുതിയ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയോട് ഫ്രാൻസിസ് മാർപാപ്പ. നവംബർ 25 -ന് വത്തിക്കാനിൽ, നജീബ് മിക്കാറ്റിയുമായി ഫ്രാൻസിസ് മാർപാപ്പ 20 മിനിറ്റ് കൂടിക്കാഴ്ച നടത്തി.

“എല്ലാ ലെബനൻ നിവാസികൾക്കും സമ്പൂർണ്ണ പൗരത്വം എന്ന ആശയം മാത്രമല്ല, സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കാനുള്ള അവസരമായിരുന്നു ഈ കൂടിക്കാഴ്ച. അങ്ങനെ ലെബനൻ മിഡിൽ ഈസ്റ്റിൽ നിന്ന് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയരട്ടെ” – വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു.

വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിലെ ക്ലെമന്റൈൻ ഹാളിൽ ഇരുവരും സമ്മാനങ്ങൾ കൈമാറി. 2020 ആഗസ്റ്റിൽ ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച മെൽകൈറ്റ് കാത്തലിക് ചർച്ച് ഓഫ് ദി സേവിയറിൽ നിന്നുള്ള ഇഷ്ടികയാണ് മിക്കാറ്റി പോപ്പിന് സമ്മാനിച്ചത്. ഒരു മുന്തിരിത്തോട്ടത്തിലെ തൊഴിലാളികളെ ചിത്രീകരിക്കുന്ന വെങ്കല വാർപ്പ് മാർപാപ്പ പ്രധാനമന്ത്രിക്കു നൽകി.

ലെബനനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കായി തന്റെ പ്രാർത്ഥനാശംസകൾ ഫ്രാൻസിസ് മാർപാപ്പ മിക്കാറ്റിക്കു നൽകി. കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ, ഒരു നിമിഷം മൗനപ്രാർത്ഥനയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ പ്രതിനിധികളോടും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ ഗല്ലഗെർ എന്നിവരുമായും മിക്കാറ്റി കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.