ലളിതകലാ അക്കാദമി സൂപ്പര്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നത് അപകടകരം: വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെപ്പോലും അവഗണിച്ചുതള്ളി കേരള ലളിതകലാ അക്കാദമി സൂപ്പര്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നത് ധിക്കാരപരവും ജനാധിപത്യ സംവിധാനത്തിന് അപമാനവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

സാംസ്‌കാരിക വകുപ്പുമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം മറികടന്നുള്ള ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ക്രൈസ്തവ സമൂഹത്തിന് വിശുദ്ധമായ കുരിശിനെ വിചിത്രമായി ചിത്രീകരിച്ചിട്ട് അവഹേളനമല്ലെന്നു പറഞ്ഞ് ന്യായീകരണം കണ്ടെത്തുന്നവരെ അക്കാദമിയില്‍ നിലനിര്‍ത്തുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തുമാകാമെന്നത് ധിക്കാരമാണ്. ഈ ധിക്കാരം ക്രൈസ്തവരോട് വേണ്ട.

മുസ്ലീം, ഹൈന്ദവ വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസികളിലും വെല്ലുവിളികളുയര്‍ത്തി ആക്ഷേപിച്ചവഹേളിച്ച് ആവിഷ്‌കാരം നടത്തുവാന്‍ ഇക്കൂട്ടര്‍ക്ക് നട്ടെല്ലില്ലെന്നിരിക്കെ ക്രൈസ്തവരെ അപമാനിച്ച് സമൂഹത്തില്‍ വര്‍ഗ്ഗീയവിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത് ശരിയാണോയെന്ന് പൊതുസമൂഹം വിലയിരുത്തണം.

അക്രമങ്ങള്‍ അഴിച്ചുവിട്ട് ക്രമസമാധാനം തകര്‍ത്ത് നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് ക്രൈസ്തവശൈലിയല്ല. സമാധാനത്തോടെയുള്ള ക്രൈസ്തവ പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും മുഖവിലയ്‌ക്കെടുത്ത് വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ചും അവാര്‍ഡ് റദ്ദാക്കിയും അടിയന്തര നടപടികളെടുക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.