ബൈബിൾ സംഭവങ്ങളുടെ ആധികാരികത ഉറപ്പിച്ച് ഇസ്രായേലിൽ പുരാതന കോട്ട കണ്ടെത്തി

ബൈബിളിലെ ന്യായാധിപന്മാരുടെ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുരാതന കാനോനൈറ്റ് കോട്ട ഇസ്രായേലിൽ കണ്ടെത്തി. 3,200 വർഷം പഴക്കമുള്ള കോട്ടയുടെ ഭാഗങ്ങൾ പുരാവസ്തു ഗവേഷകരും വോളണ്ടിയേഴ്സും ചേർന്ന് നടത്തിയ ഘനനത്തിലാണ് കണ്ടെത്തിയത്. തെക്കൻ ഇസ്രായേലിൽ കിര്യാത് ഗാറ്റിനടുത്തുള്ള കിബ്ബറ്റ്സ് ഗാലോണിന് സമീപമാണ് ഈ കോട്ട കണ്ടെത്തിയത്.

ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങളിലേയ്ക്ക് ഈ കണ്ടെത്തൽ വഴിതെളിക്കുന്നു. ഇസ്രായേല്യരും ഫെലിസ്ത്യരും പരസ്പരം പോരടിക്കുന്ന സംഭവങ്ങളുടെ വിവരണങ്ങൾ സത്യമാണെന്നതിനു തെളിവാണ് ഈ കണ്ടെത്തൽ എന്ന് ഇസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയിൽ പുരാവസ്തു ഗവേഷകരായ സാർ ഗാനോർ, ഇറ്റമാർ വർഗീസ്ബെയ്ൻ എന്നിവർ വ്യക്തമാക്കുന്നു.

മുറ്റത്തിന്റെ ഇരുവശത്തും നിർമ്മിച്ച മുറികളും നൂറുകണക്കിന് മൺപാത്രങ്ങളും മതപരമായ ചടങ്ങുകൾക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന ഒരു പാത്രവും കപ്പും ഇവിടെ നിന്ന് കണ്ടെത്തി. കണ്ടെത്തിയ ബൗളുകൾ പുരാതന ഈജിപ്ഷ്യൻ ശൈലിയിൽ നിർമ്മിച്ചവ ആയിരുന്നു. അവയിൽ ഈജിപ്ത്, ഇസ്രായേൽ, പലസ്തീൻ തുടങ്ങിയ ഇടങ്ങളിൽ അക്കാലത്ത് നിലനിന്നിരുന്ന നാടക രൂപങ്ങളും മറ്റും ചിത്രീകരിച്ചിരുന്നു.

പുതിയ ഭൗമരാഷ്ട്രീയ സാഹചര്യത്തെ നേരിടാനുള്ള ശ്രമമായാണ് ഈ ഗാലൺ കോട്ട പണിതതെന്ന് കരുതുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.