താല്‍ക്കാലിക ആശ്വാസം! വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. വെടിനിര്‍ത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി ഇസ്രയേല്‍ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഹമാസും പ്രതികരിച്ചു.

അമേരിക്ക കൂടി നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിര്‍ത്തല്‍ എന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിലേയ്ക്ക് ഇസ്രയേല്‍ തയ്യാറായത്. രാത്രി ചേര്‍ന്ന സുരക്ഷാ കാബിനറ്റാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹമാസും അനുകൂലമായി പ്രതികരിച്ചതോടെ യുദ്ധത്തിലേയ്ക്ക് എത്തുമോ എന്ന് സംശയിക്കപ്പെട്ട പോരാട്ടത്തിനാണ് ഇതോടെ താല്‍ക്കാലികമായെങ്കിലും പരിഹാരമായത്.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ പശ്ചിമേഷ്യയില്‍ കഴിഞ്ഞ 11 ദിവസമായി തുടരുന്ന സംഘര്‍ഷമാണ് അവസാനിക്കുന്നത്. 100 കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 232 പേര്‍ ഗാസയിലും 12 പേര്‍ ഇസ്രായേലിലും ഇതിനകം കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് പാപ്പാ അടക്കമുള്ള നിരവധി ലോകനേതാക്കള്‍ വെടിനിര്‍ത്തലിനായി പലതവണ അഭ്യര്‍ത്ഥിക്കുകയും ഇരുരാജ്യങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.