ഐ.എസ്. സാമ്രാജ്യത്തിന്റെ പരാജയം പൂര്‍ണ്ണമായെന്ന് റിപ്പോര്‍ട്ടുകള്‍

ലോകത്തെ വിറപ്പിച്ച തീവ്രവാദ ഗ്രൂപ്പായ ഐ.എസ്. സാമ്രാജ്യത്തിന്റെ പരാജയം പൂര്‍ണ്ണമായെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ബാഘൂസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഐ.എസിന്റെ അവസാനത്തെ ശക്തികേന്ദ്രം കുര്‍ദ്ദിഷ് സൈന്യം നേതൃത്വം കൊടുക്കുന്ന യു.എസ്. സഖ്യസൈന്യം മോചിപ്പിച്ചെന്ന റിപ്പോര്‍ട്ട് സിറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഫോക്സ് ന്യൂസാ’ണ് പുറത്തുവിട്ടത്.

ലോകജനതയ്ക്കും സിറിയന്‍ വംശജര്‍ക്കും വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും വ്യക്തമായ വിവരങ്ങളോടെയാണ് ‘ഫോക്സ് ന്യൂസ്’ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.എസ്. സഖ്യസേനയുടെ നേതൃത്വത്തിലുള്ള ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഭീകരസംഘത്തെ തകര്‍ക്കാന്‍ കഴിഞ്ഞത്.

കാലങ്ങളായി ബാഗൂസില്‍ ഐ.എസ്. ഭീകരര്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സിറിയന്‍ മാധ്യമങ്ങള്‍ തന്നെയാണ് ‘ഐ.എസ്. ഖിലാഫത്ത്’ നശിച്ചതായ വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  ”ഇതാദ്യമായാണ് സിറിയയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി അഞ്ചു ദിവസത്തിനുള്ളില്‍ ബോംബാക്രമണം നിര്‍ത്തിവയ്ക്കുന്നതും വെടിവെയ്പ്പ് അപ്രത്യക്ഷമാകുന്നതുമായി കാണപ്പെടുന്നത്.” എട്ട് ദശലക്ഷംപേര്‍ ഉള്‍ക്കൊള്ളുന്ന ഇവിടുത്തെ ‘ഐ.എസ്. ഖിലാഫത്ത്’ തകര്‍ന്നതിനും തങ്ങള്‍ സാക്ഷ്യം വഹിച്ചതായും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.