കോവിഡിന് വാക്സിൻ കണ്ടെത്തി; കാൻസറിന്‌ വാക്സിൻ ഇല്ലേ?

എന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന മൂന്നു സംഭവങ്ങൾ ഈയിടെ ഉണ്ടായി. ഇത് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് ആ മൂന്നു സംഭവങ്ങളാണ്.

ഒന്നാമത്തെ സംഭവം എന്റെ സുഹൃത്തുമായി സംസാരിക്കാൻ ഇടയായതാണ്. എന്റെ കൂടെ പ്രീഡിഗ്രിക്കു പഠിച്ച ഒരു സുഹൃത്തുണ്ട്. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ്. പ്രകൃതിസ്‌നേഹിയായ അദ്ദേഹം പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നയാളുമാണ്. ഈ കൊറോണ കാലഘട്ടത്തില്‍ അദ്ദേഹവുമായി സംസാരിക്കാൻ ഇടയായി.

അദ്ദേഹം വാക്‌സിന്‍ എടുത്തിട്ടില്ല. വാക്‌സിന്‍ എടുക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു.

അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “വാക്‌സിന്‍ എന്ന ഒന്നില്ല, ഓരോ കമ്പനിക്കാര്‍ പണം ഉണ്ടാക്കാന്‍ വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ. ഇങ്ങനെയുള്ള വാക്‌സിന്‍ ഒന്നും ശരിയല്ല, നമ്മെ പറഞ്ഞു പറ്റിക്കുന്നതാണ്. ഞാൻ ഏതായാലും എടുക്കില്ല.”

അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: “അഞ്ചോ, ആറോ മാസം കൊണ്ട് കൊറോണക്കെതിരെ വാക്‌സിന്‍ ഉണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് കാന്‍സറിനെതിരെ ഒരു വാക്‌സിന്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല?”

അപ്പോള്‍ അതിനെക്കുറിച്ചും അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി.

രണ്ടാമത്തെ സംഭവം ഈ നാട്ടില്‍ തന്നെ സംഭവിച്ചതാണ്. ബിസിനസ് നടത്തുന്ന കുറച്ചു സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരുമായി സംസാരിച്ചിരുന്നപ്പോഴും കൊറോണ വാക്‌സിൻ വിഷയം കടന്നുവന്നു.

അതിലൊരാള്‍ എന്നോട് ചോദിച്ചു: “കാന്‍സറിനെന്താ ഡോക്ടറേ വാക്‌സിൻ ഇല്ലാത്തത്?”

അപ്പോള്‍ തൊട്ടടുത്തയാള്‍ പറഞ്ഞു: “കാൻസറിന്‌ വാക്‌സിൻ ഉണ്ടെങ്കിൽ മരുന്ന് കമ്പനിയൊക്കെ പൂട്ടിപ്പോകില്ലേ? അതുകൊണ്ട് മനഃപൂര്‍വ്വം കാന്‍സറിന് വാക്‌സിന്‍ കണ്ടുപിടിക്കാത്തതാണ്.”

അപ്പോള്‍ അവരോടും ഇതിനെക്കുറിച്ച് സംസാരിച്ചു.

മൂന്നാമത്തെ സംഭവം അതിനും ശേഷം നടന്നതാണ്. എന്റെ ഒരു പേഷ്യന്റിന്റെ മകളുമായി ബന്ധപ്പെട്ടതാണ്. അവളുടെ അമ്മക്ക് ബ്രെസ്റ്റ് കാന്‍സര്‍ ആണ് അസുഖം. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഈ കുട്ടിയുടെ ഭര്‍ത്താവിന്റെ അമ്മയ്ക്കും ബ്രെസ്റ്റ് കാന്‍സര്‍ ആണെന്നു കണ്ടെത്തി. അപ്പോള്‍ അവര്‍ക്കൊരു സംശയം. അവരുടെ മക്കള്‍ രോഗികളായ ഈ അമ്മമാരോട് അടുത്ത് ഇടപഴകുന്നവരാണ്. അപ്പോള്‍ കാന്‍സര്‍ അവര്‍ക്കും പകരുമോ? പകരില്ല, എന്ന് അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു.

അതിനു ശേഷം അവര്‍ എന്നോട് ചോദിച്ചത് കാൻസർ വാക്സിനെക്കുറിച്ചായിരുന്നു. “മക്കള്‍ക്ക് ചെറുപ്പത്തിലേ എന്തെങ്കിലും വാക്‌സിന്‍ എടുത്താല്‍ കാന്‍സര്‍ വരാതിരിക്കുമോ?”

അവര്‍ക്കും കാന്‍സര്‍ വാക്‌സിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞുകൊടുത്തു.

ഇങ്ങനെയുള്ള രണ്ടു-മൂന്ന് സംഭവങ്ങളാണ് ഈ വിഷയത്തെക്കുറിച്ച് എഴുതാന്‍ എനിക്ക് പ്രചോദനമായത്.

വാക്‌സിന്‍ എന്നാൽ എന്താണ്? 

നമ്മുടെ ശരീരത്തിന്റെ തന്നെ ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷിയെ ഉപയോഗിച്ച് രോഗം വരാതെയോ അഥവാ വന്നാല്‍ തന്നെ അത് ഗുരുതരമാകാതെയോ നോക്കുക എന്നതാണ് വാക്‌സിനുകള്‍ പ്രധാനമായും ചെയ്യുന്നത്. രോഗാണുവിന്റെ കോശത്തിന്റെ ഏതെങ്കിലും ഭാഗമോ, നിര്‍ജ്ജീവമാക്കപ്പെട്ട രോഗാണു മുഴുവനോ അല്ലെങ്കില്‍ നിരുപദ്രവകരമാക്കപ്പെട്ട ജീവനുള്ള രോഗാണുവോ (live attenuated) വളരെ ചെറിയ തോതില്‍ ശരീരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയാണ് വാക്‌സിനേഷന്റെ ആദ്യപടി. ഇങ്ങനെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന വാക്‌സിന്‍ നിയന്ത്രിതരീതിയില്‍ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ, രോഗം വന്നാലുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. അതേ തുടര്‍ന്ന് രോഗാണുവിനെ നശിപ്പിക്കാനുള്ള ആന്റിബോഡി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.

ഇതു കൂടാതെ, ഈ പ്രത്യേക ആന്റിബോഡി ഉണ്ടാകുന്ന കോശങ്ങള്‍ പ്രത്യേകമായി നിര്‍മ്മിക്കപ്പെടുകയും അത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന മെമ്മറി സെല്‍ ഏതെങ്കിലും അവസരത്തില്‍ അണുബാധ ഉണ്ടാകുമ്പോള്‍ വളരെ പെട്ടെന്ന് ആന്റിബോഡി ഉണ്ടാക്കുകയും അണുബാധ നിയന്ത്രണവിധേയമാക്കാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തില്‍ ആന്റിബോഡി നിലനില്‍ക്കും എന്നതനുസരിച്ച് ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണയോ അല്ലെങ്കില്‍ കുറേ കാലങ്ങള്‍ക്കു ശേഷം ബൂസ്റ്റര്‍ ഡോസ് ആയി ആവശ്യമായി വരാറുണ്ട്.

കാന്‍സര്‍ വാക്‌സിൻ 

രണ്ടു വിധത്തിലാണ് കാന്‍സര്‍ വാക്‌സിനുകള്‍ ഉപയോഗിക്കുന്നത്.

ആദ്യത്തെ വിഭാഗം, കാന്‍സര്‍ വരാതെ തടയുന്ന വാക്‌സിനുകളും രണ്ടാമത്തെ വിഭാഗം, കാന്‍സര്‍ വന്നതിനു ശേഷം കാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന വാക്‌സിനുകളുമാണ്.

കാന്‍സര്‍ വരാതെ തടയുന്ന വാക്‌സിനുകള്‍ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം.

രണ്ടു വാക്‌സിനുകളാണ് കാന്‍സര്‍ തടയാനായി ഇന്ന് ഉപയോഗത്തിലുള്ളത്. ഈ വാക്‌സിനുകള്‍ ചില വൈറസ് ബാധ തടയുകയും അതുവഴി വൈറസ് ബാധ മൂലമുളള കാന്‍സറുകള്‍ തടയുകയുമാണ് ചെയ്യുന്നത്.

ആദ്യത്തെ വാക്‌സിന്‍ ആണ് എച്ച് പി വി വാക്‌സിന്‍ (HPV Vaccine). ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. സെര്‍വിക്കല്‍ കാന്‍സര്‍ (ഗര്‍ഭാശയഗള കാന്‍സര്‍), വജൈനല്‍ കാന്‍സര്‍ (Vaginal  Cancer) തുടങ്ങിയ സ്ത്രീകളിലെ കാന്‍സറുകള്‍, പുരുഷന്മാരുടെ ലൈംഗികാവയവത്തിൽ ഉണ്ടാകുന്ന കാൻസർ (Penile Cancer), സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന മലാശയ കാന്‍സറുകള്‍, ടോൺസിൽ, തൊണ്ട, നാക്ക് (Tonsil, Throat, Tongue) എന്നിവിടങ്ങളിലെ കാന്‍സറുകള്‍, തുടങ്ങിയവയുടെ പ്രധാന കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് (Human papillomavirus) ഇന്‍ഫെക്ഷന്‍ ആണ്. കണക്കുകള്‍ നോക്കിയാല്‍ ഏതാണ്ട് 97 % കാന്‍സര്‍ കൂടാതെ ഉണ്ടാകുന്ന ‘ആനോ ജനിറ്റൽ വാർട്സ്’ (Anogenital Warts) അഥവാ അരിമ്പാറകള്‍ക്കും കാരണം ‘ഹ്യൂമന്‍ പാപ്പിലോമ വൈറസ്’ ഇന്‍ഫെക്ഷന്‍ ആണ്. കൃത്യസമയത്ത് നല്‍കുന്ന ‘എച്ച് പി വി വാക്‌സിന്‍’ (HPV Vaccine) കൊണ്ട് 90 ശതമാനത്തോളം ‘എച്ച് പി വി’ – കാന്‍സറുകളെ ഒഴിവാക്കാന്‍ സാധിക്കും.

എപ്പോഴാണ് എച്ച് പി വി വാക്‌സിന്‍ നല്‍കേണ്ടത്?

സാധാരണ 11- മത്തെ  വയസിലാണ് നല്‍കേണ്ടതെങ്കിലും 9 വയസു മുതല്‍ എച്ച് പി വി  വാക്‌സിന്‍ നല്‍കാവുന്നതാണ്. ഇൻട്രാമുസ്കുലർ കുത്തിവയ്പ്പ് (Intra muscular) ആയി രണ്ട് ഡോസ് വാക്‌സിന്‍ ആണ് നല്‍കേണ്ടത്. എന്നാല്‍ ആദ്യത്തെ ഡോസ് 15 വയസിനു ശേഷമാണ് നല്‍കുന്നതെങ്കില്‍ മൂന്നു ഡോസ് വാക്‌സിന്‍ നല്‍കേണ്ടതാണ്. 26 വയസു വരെയാണ് പ്രയോജനം ലഭിക്കുന്നതെങ്കിലും ഇപ്പോള്‍ 45 വയസു വരെ വാക്‌സിന്‍ നല്‍കുന്നത് ഗുണകരമാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എച്ച് പി വി  വൈറസ് പല തരത്തിലുള്ളവയുണ്ട്. അതിനാല്‍ എത്ര തരത്തിലുള്ളവയെ തടയും എന്നതിനനുസരിച്ച് രണ്ടു തരം (Bivalent), നാലു തരം (Quadrivalent), ഒൻപതു തരത്തിലുള്ള ഇന്‍ഫെക്ഷന്‍സിനെ തടയാന്‍ കഴിയുന്നവ (Nine valent) എന്നിങ്ങനെ വിവിധ വാക്‌സിനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഒൻപതു തരത്തിലുള്ള ഇന്‍ഫെക്ഷന്‍സിനെ തടയാന്‍ കഴിയുന്നവ (Nine valent) ആണ് ഏറ്റവും പ്രയോജനപ്രദം.

ഹെപ്പറ്റൈറ്റിസ്-ബി (Hepatitis B) വാക്‌സിന്‍

അടുത്തത് ഹെപ്പറ്റൈറ്റിസ്-ബി (Hepatitis B) വാക്‌സിന്‍ ആണ്. ലിവര്‍ കാന്‍സര്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം B വിഭാഗത്തില്‍പെടുന്ന Hepatitis B വൈറസ്  ആണ്. അതിനാല്‍ ഈ വൈറസ ബാധ തടയുന്നതു വഴി കരളിലെ കാന്‍സര്‍ തടയാന്‍ ഒരു പരിധി വരെ നമ്മെ സഹായിക്കും. കുട്ടികളിലെ ആധുനിക വാക്‌സിന്‍ ഷെഡ്യൂളില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനാല്‍ പുതിയ തലമുറയ്ക്ക് ഇത് വളരെ പ്രയോജനം ചെയ്യുന്നുണ്ട്.

Hbs Ag വാക്‌സിന്റെ ഇഫെക്റ്റ് ഏതാണ്ട് 30 വര്‍ഷം വരെ നീണ്ടുനില്‍ക്കും എന്നതാണ് വാസ്തവം. അതിനാല്‍ ഇനിയും Hepatitis B വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

തെറാപ്യൂട്ടിക് വാക്സിനുകൾ

അടുത്ത വിഭാഗം എന്നത് കാന്‍സര്‍ ചികിത്സക്കുള്ള വാക്‌സിനുകളാണ്. ഇതിനെ നമ്മള്‍ തെറാപ്യൂട്ടിക് വാക്സിനുകൾ (Therapeutic Vaccine) എന്നാണ് വിളിക്കുന്നത്. ഇതിനെ നമ്മള്‍ ഇമ്മ്യൂണോ തെറാപ്പി (Immuno Therapy) എന്നും വിളിക്കാറുണ്ട്. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയെ ബൂസ്റ്റ് ചെയ്യുക അതുവഴി കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുക എന്നതാണ് ഈ ചികിത്സയുടെ അടിസ്ഥാനതത്വം.

കാന്‍സര്‍ കോശങ്ങളില്‍ കാണപ്പെടുന്ന കാന്‍സര്‍ സ്‌പെസിഫ്ക് ആന്റിജന്‍ (Cancer specific antigen) കണ്ടെത്തി അതിനെതിരെ വാക്‌സിന്‍ നല്‍കി ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥ കൊണ്ട് കാന്‍സറിനെ നശിപ്പിക്കാനാണ് ഇപ്പോള്‍ നടക്കുന്ന റിസേര്‍ച്ചുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

തെറാപ്യൂട്ടിക് വാക്സിനുകൾ  ഫലപ്രദമാകാതിരിക്കുന്നതെങ്ങനെ? 

തെറാപ്യൂട്ടിക് വാക്സിനുകൾ (Therapeutic Corner) വാക്‌സിനുകള്‍ ഫലപ്രദമാകാതിരിക്കാനുള്ള ചില കാരണങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം.

കാന്‍സര്‍ ബാധിക്കുന്നതോടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറയുന്നു. അതുപോലെ കാന്‍സര്‍ ബാധ ഉണ്ടാകുന്ന പ്രായമായവരിലും ഇമ്മ്യൂണിറ്റി കുറവ് അനുഭവപ്പെടുന്നു എന്നത് ഇമ്മ്യൂണോ തെറാപ്പിയുടെ ഫലം കുറയ്ക്കാന്‍ പലപ്പോഴും ഇടയാക്കുന്നു. അതേപോലെ തന്നെ മറ്റൊരു പ്രശ്നമാണ് വലിയ ട്യൂമറുകള്‍. വലിയ ട്യൂമറുകള്‍ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി വ്യത്യാസപ്പെടുത്തിയതു കൊണ്ടു മാത്രം നമുക്ക് ഭേദപ്പെടുത്താന്‍ സാധിക്കില്ല. നമ്മുടെ ശരീരത്തില്‍ തന്നെ ഉണ്ടാകുന്നതിനാല്‍ പലപ്പോഴും ശരീരത്തിന്റെ ഇമ്മ്യൂണ്‍ സിസ്റ്റത്തിന് ഈ അപകടകാരിയായ കോശത്തെ നശിപ്പിക്കാനും സാധിക്കാറില്ല.

ഈ കാരണങ്ങള്‍ മൂലം ഇതുവരെ തെറാപ്യൂട്ടിക് (Therapeutic) ആയി ഒരു വാക്‌സിന്‍ മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ. അതാണ് ബി സി ജി വാക്‌സിന്‍ (BCG Vaccine). യൂറിനറി ബ്ലാഡര്‍ അഥവാ മൂത്രസഞ്ചിയിലെ കാന്‍സറിന് BCG  വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

മെലനോമ, കോളോ-റെക്ടല്‍ കാന്‍സര്‍, പ്രോസ്‌ട്രേറ്റ് കാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള കാന്‍സര്‍ വാക്‌സിനുകള്‍ വിവിധ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ (Trails) – ല്‍ കൂടി കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.

സമീപഭാവിയില്‍ സാധാരണ ഉപയോഗത്തിനായി തെറാപ്യൂട്ടിക് (Therapeutic) വാക്‌സിന്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കാം. അതുവരെ കാന്‍സര്‍ തടയുന്ന HPV, Hbs Ag വാക്‌സിനുകൾ എല്ലാവരിലേക്കും എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം.

വാല്‍ക്കഷണം: കോവിഡും കാന്‍സര്‍ വാക്‌സിനും

കൊറോണക്കെതിരെ തങ്ങൾ വികസിപ്പിച്ചെടുത്ത Viral vector technology (Covishield) ഉപയോഗിച്ച് വളരെ ഫലപ്രദമായ കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു എന്ന് AstraZeneca ഈയിടെ പറഞ്ഞത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.