“ശരിക്കും ദൈവമുണ്ടോ?” 

റോക്ക് സോളിഡ് വിശ്വാസം പ്രസംഗിക്കുന്ന എനിക്കും ചിലപ്പോൾ ഇങ്ങനൊരു സംശയം തോന്നാറുണ്ട്. അപ്പോഴൊക്കെ എവിടെയോ വായിച്ചതുപോലെ ഞാനും ഒരു “ഒക്കേഷണൽ എത്തേയിസ്റ്റ്” (യാദൃശ്ചിക യുക്തിവാദി) ആണെന്ന് എനിക്കു തന്നെ തോന്നാറുണ്ട്. “ഒക്കേഷണൽ എത്തേയിസ്റ്റ്” മാത്രമല്ല, ചിലപ്പോഴെങ്കിലും ‘ഓപ്പർച്യൂണിസ്റ്റിക്ക് എത്തേയിസ്റ്റ്” (അവസരവാദി യുക്തിവാദി) ആയും ഞാൻ മാറാറുണ്ട്.

അതായത് ദൈവം ഉണ്ടെന്ന ബോധ്യമൊക്കെ ഉണ്ടെങ്കിലും ആ ബോധ്യത്തിന് അനുസരിച്ചൊന്നും ജീവിക്കാൻ മെനക്കെടാറില്ലെന്ന്. “ഓപ്പർച്യൂണിസ്റ്റിക്ക് എത്തേയിസം” എന്നത് സത്യത്തിൽ “ഉയർന്ന ചിന്തഗതിയും മൂ*** ജീവിതവും എന്നതിന്റെ വകഭേദമാണെന്നാണ് എന്റെ തന്നെ പക്ഷം. അതുകൊണ്ട് അതിനെക്കുറിച്ച് അധികമൊന്നും പറയാനില്ല. പക്ഷെ “ഒക്കേഷണൽ എത്തേയിസം” ഒരു വിശ്വസിയെ സംബന്ധിച്ചിടത്തോളം നല്ലതാണ്.

ഒക്കേഷണൽ എത്തേയിസം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നു ചോദിച്ചാൽ അതിന്റെ പ്രധാനപ്പെട്ട കാരണം, എനിക്ക് ദൈവത്തിന്റെ അസ്ഥിത്വത്തെയും പ്രകൃതിയെപ്പറ്റിയും ഉണ്ടാകുന്ന സംശയങ്ങളാണ്. ഉദാഹരണത്തിന് ഞാൻ വിശ്വസിക്കുന്ന സർവ്വഗുണസമ്പന്നനായ ദൈവം എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുവദിക്കുന്നു..? ദൈവം സർവ്വശക്തനും സർവ്വനന്മയും ആണെങ്കിൽ എന്തുകൊണ്ട് ഈ ലോകത്തിൽ തിന്മ അനുവദിക്കുന്നു..? ഇത്തരം സംശയങ്ങൾ എല്ലാ മനുഷ്യരുടെയും മനസിൽ തോന്നാറുണ്ട് എന്നതാണ് സത്യം. ആരൊക്കെ എന്തൊക്കെ ഉത്തരങ്ങൾ പറഞ്ഞാലും എല്ലാവർക്കും തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ സാധിക്കുകയുമില്ല. ചില കാര്യങ്ങൾ നാം ജീവിതത്തിൽ അനുഭവിച്ചു തന്നെ പഠിക്കേണ്ടതാണ്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ ആദ്യമായി സ്കൂളിൽ ചേർന്ന പല കുട്ടികളുടെയും കരയുന്ന ചിത്രങ്ങൾ കാണാനിടയായി. വീട്ടിൽ ആടിയും പാടിയും ബാല്യം ആഘോഷിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സ്കൂളിൽ പോകുന്നത് വലിയ വേദനയാണ്. പക്ഷെ ഏതാനും വർഷങ്ങൾക്കപ്പുറം സ്കൂളിൽ നിന്ന് പുറത്തുപോകേണ്ടി വരുമ്പോൾ അവരിൽ പലരും കരയാറുമുണ്ട്.

സ്കൂൾ ജീവിതത്തെക്കുറിച്ച് മനോഹരമായ ഉപന്യാസങ്ങളും കവിതയുമൊക്കെ രചിക്കുന്നത് ആ കാലഘട്ടത്തിനു ശേഷമായിരിക്കുമല്ലോ. “ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…” എന്ന് ഒ.എൻ.വി പാടിയത് പഠനകാലമൊക്കെ കഴിഞ്ഞതിനു ശേഷമാ‍യിരുന്നു. ചുരുക്കത്തിൽ, ഒരുപക്ഷെ ഇന്നത്തെ വേദനയെ നമ്മൾ മനസിലാക്കാൻ പോകുന്നത് നാളെയായിരിക്കും. ഇന്നലെകളിലേക്ക് തിരികെ നോക്കിയില്ലെങ്കിൽ ദൈവകരം മനസിലാക്കുവാൻ എനിക്കും കഴിയുകയില്ല. എന്നിലെ “ഒക്കേഷണൽ എത്തേയിസ്റ്റിനെ” വിശ്വാസിയാക്കി നിലനിർത്തുന്നത് ഇതുപോലെയുള്ള തിരിഞ്ഞുനോക്കലുകളാണ്.

എങ്കിലും “ഒക്കേഷണൽ എത്തേയിസ്റ്റ്” ആകുന്നത് നല്ലതാണ്. കാരണം, എന്നിലെ ഒക്കേഷണൽ എത്തേയിസ്റ്റിനെ ഉണർത്തുന്ന സംശയങ്ങളാണ് വിശ്വാസത്തെക്കുറിച്ച് കൂടുതൽ തെളിമയാർന്ന ചിത്രങ്ങൾ കാണാൻ എന്നെ പ്രാപ്തനാക്കുന്നത്. അചഞ്ചലവിശ്വാസത്തിന്റെ പ്രതീകമായ അബ്രഹാം പോലും പ്രായമായ തനിക്ക് മക്കളുണ്ടാകുമോയെന്നും പ്രായമായ തന്റെ ഭാര്യ ഗർഭം ധരിക്കുമോയെന്നും സംശയിക്കുന്നുണ്ട്. ഓരോ വിശുദ്ധന്മാർക്കും ഇപ്രകാരമുള്ള സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. സംശയങ്ങൾ നല്ലതാണ്. വിശ്വാസവളർച്ചയിൽ അവ അനിവാര്യങ്ങളുമാണ്.

ഫാ. ബിബിന്‍ മഠത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ