ഇറാഖി ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരം

വത്തിക്കാന്‍: ഇറാഖി ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോര്‍ട്ട്. നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവരാണിവര്‍. എന്നാല്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുവാന്‍ അഭയാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നതായി കത്തോലിക്ക നേതാക്കള്‍ പറഞ്ഞു. ജോര്‍ദ്ദാനിലെ കത്തോലിക്കാ ചാരിറ്റിയായ കാരിത്താസ് ജോര്‍ദ്ദാനും അമാനിലെ വത്തിക്കാന്‍ എംബസ്സിയും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ഫന്‍സിലാണ് ഇക്കാര്യം നേതാക്കള്‍ വെളിപ്പെടുത്തിയത്.

”അഭയാര്‍ത്ഥികളുടെ കൈയില്‍ ഉണ്ടായിരുന്ന പണം പൂര്‍ണ്ണമായും അവസാനിച്ചിട്ടുണ്ട്. ഏതാണ്ട് 1.5 ദശലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ഇവിടെ എത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികളുടെ ഈ ധാരാളിത്തം നിമിത്തം തങ്ങളുടെ ധനത്തിന്റെയും വെള്ളത്തിന്റെയും വിദ്യുച്ഛക്തിയുടേയും വിതരണവും താറുമാറായി എന്നുമാണ് ജോര്‍ദ്ദാന്‍ ഗവണ്‍മെന്റ് പറയുന്നത്. ജോലി ചെയ്യുവാനുള്ള അവകാശം പോലുമില്ലാത്ത അവസ്ഥയില്‍ അവര്‍ക്കെങ്ങനെ ജീവിക്കുവാന്‍ കഴിയും?” സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഖലീല്‍ ജാര്‍ പറഞ്ഞു.

200-ഓളം ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് കത്തോലിക്ക സഭ വിദ്യാഭ്യാസം നല്‍കുന്ന കാര്യവും വൈദികന്‍ ചൂണ്ടികാണിച്ചു. ”ഈ സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഏതു സമയം വേണമെങ്കിലും ഞങ്ങളുടെ സ്‌കൂള്‍ അടച്ചു പൂട്ടാം. കാരണം അത് നടത്തികൊണ്ട് പോകുവാന്‍ ആവശ്യമായ പണം ഞങ്ങളുടെ കയ്യിലില്ല. തങ്ങളുടെ കുടുംബം പോറ്റുവാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് ഈ ചിലവുകള്‍ വഹിക്കുവാന്‍ സാധിക്കുകയില്ല.” ഫാദര്‍ ഖലീല്‍ ജാര്‍ കൂട്ടിച്ചേര്‍ത്തു.

ആയിരത്തോളം ക്രിസ്തീയ കുടുംബങ്ങളാണ്  ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ കീഴടക്കിയപ്പോള്‍ രക്ഷപ്പെട്ടു ജോര്‍ദ്ദാനിലെത്തിയത്. ജോര്‍ദ്ദാനിലെ ഇറാഖി അഭയാര്‍ത്ഥികള്‍ക്കായി തൊഴില്‍ സംഘടിപ്പിക്കുവാനുള്ള പദ്ധതിക്കായി വത്തിക്കാന്‍ ധനസഹായം നല്‍കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.