പുതുചരിത്രം കുറിച്ച് പാപ്പാ: ഇറാഖിൽ മാർച്ച് ആറ് ഇനി സഹിഷ്ണുതയുടെ ദിനം

ഇറാഖിലെ ഉന്നത ഷിയാ നേതാവ് ഗ്രാൻഡ്‌ ആയത്തൊള്ള അൽ-സിസ്തനിയും ഫ്രാൻസിസ് പാപ്പയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയോടുള്ള ആദരസൂചകമായി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ദേശീയ സഹിഷ്ണുതാ ദിനം പ്രഖ്യാപിച്ചു. ഗ്രാൻഡ്‌ ആയത്തൊള്ള അൽ-സിസ്തനിയും ഫ്രാൻസിസ് പാപ്പയും കൂടിക്കാഴ്ച നടത്തിയ മാർച്ച് ആറാം തീയതി ദേശീയ സഹിഷ്ണുതാ ദിനമായി ഇനി മുതൽ ആചരിക്കും. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

“ആയത്തൊള്ള അൽ-സിസ്തനിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ നജഫിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടേയും ഊറില്‍ വെച്ച് നടന്ന മതസൗഹാർദ്ദ കൂട്ടായ്മയുടേയും സ്മരണാർത്ഥം മാർച്ച് ആറ് സഹിഷ്ണുതയുടേയും, സഹവർത്തിത്വത്തിന്റേയും ദേശീയ ദിനമായി ഞങ്ങൾ പ്രഖ്യാപിക്കുന്നു” എന്നു മുസ്തഫ അൽ കാദിമി ട്വീറ്റ് ചെയ്തു.

നജഫിലെ വീട്ടിൽവെച്ചാണ് 90 -കാരനായ അൽ-സിസ്തനിയുമായി ഫ്രാൻസിസ് പാപ്പ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. ഇരുന്നുകൊണ്ട് സന്ദർശകരെ സ്വീകരിക്കുന്ന തന്റെ പതിവ് ലംഘിച്ച് എഴുന്നേറ്റ് വാതിക്കൽ നിന്നുകൊണ്ടാണ് സിസ്തനി ഫ്രാൻസിസ് പാപ്പയെ സ്വീകരിച്ചതെന്നു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.