ക്രിസ്മസ് ആഘോഷിച്ച് ഇറാഖി ജനത 

മൊസൂള്‍: അക്രമങ്ങളുടെ നടുവിലും ക്രിസ്മസ് ആഘോഷിച്ച് ഇറാഖി ജനത. ക്രിസ്മസ് ദിനമായ ഇന്നലെ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിൽ  പള്ളികളിലും വീടുകളിലും ക്രിസ്മസ് ആഘോഷവും പ്രാർത്ഥനകളും നടന്നു.  ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലീങ്ങളും ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു.

ഇറാഖി ദേശീയ ഗാനം ആലപിച്ചായിരുന്നു പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിട്ടത്. ഇറാഖിലും ലോകത്തും സമാധാനം ഉണ്ടാകുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പറഞ്ഞു. ഐ‌എസ് ക്രൂരതയ്ക്കിടെ പലായനം ചെയത് പിന്നീട് മടങ്ങിയെത്തിയ ക്രൈസ്തവരാണ് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.

കഴിഞ്ഞ ജൂലൈയിലാണ് ഇറാഖ് സൈന്യം വടക്കന്‍ നഗരമായ മൊസൂള്‍ തിരിച്ചു പിടിച്ചത്. ഐഎസ് നിയന്ത്രണത്തിലായിരുന്ന വര്‍ഷങ്ങളില്‍ നഗരത്തില്‍ ക്രിസ്മസ് ആഘോഷം വിലക്കിയിരുന്നു. ദുരിതങ്ങള്‍ക്കിടയിലും തങ്ങള്‍ ഇവിടെ തന്നെ തുടരുകയാണെന്ന് ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. ബുട്രോസ് കപ്പ എന്ന വൈദികന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.