ഞങ്ങളുടെ വിശ്വാസവും കുരിശും വിജയിച്ചു: പ്രതീക്ഷയ്‌ക്കും ഭയത്തിനുമിടയിൽ ഇറാഖി ക്രൈസ്തവസമൂഹം

ആക്രമണത്തിന്റെയും അസമാധാനത്തിന്റെയും ഇടയിൽ ജീവിക്കുന്നതെങ്കിലും ഇറാഖിലെ ക്രൈസ്തവ സമൂഹത്തിനു പ്രതീക്ഷയാകുകയാണ് വടക്കൻ ഇറാഖിലെ നിനവേ സമതലത്തിലെ ടെൽസ്‌കുഫിലെ ദൈവാലയത്തിൽ നടന്ന 70 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നതിനായി ഏതാനം വർഷങ്ങൾക്കു മുൻപ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കനത്ത ആക്രമണം നടത്തിയ കാലയളവിൽ ജനിച്ച കുട്ടികളാണ് ഇപ്പോൾ ആദ്യകുർബാന സ്വീകരിച്ചിരിക്കുന്നത്. എങ്കിലും ദിവസങ്ങൾക്കു ശേഷം ബാഗ്ദാദിലെ അൽ വുഹൈലത്ത് മാർക്കറ്റിൽ നടന്ന സ്‌ഫോടനത്തിൽ 30 പേർ മരണമടഞ്ഞത് വിശ്വാസികൾക്കിടയിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നു.

ഇറാഖിലെ ദൈവാലയത്തിലെ പുരോഹിതനായ ഫാ. കരം ഷമാശ ആദ്യകുർബാന സ്വീകരിച്ച 70 കുട്ടികളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. “ഞങ്ങളുടെ വിശ്വാസവും കുരിശും വിജയിച്ചു. യുദ്ധത്തിൽ ജനിച്ച ഈ കുഞ്ഞുങ്ങളുടെ വികാരങ്ങളെ വിവരിക്കുവാൻ ഞാൻ അശക്തനാണ്. കാരണം ഒരിക്കൽ പോലും അവർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും യേശുവിന്റെ ഭാഷയായ അരമായയിൽ ദൈവത്തോട് പ്രാർത്ഥിക്കുവാനും അവിടുത്തേയ്ക്കായി പാടാനും കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ്. കാരണം ഇതെല്ലാം ചെയ്യുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയും അതോടൊപ്പം ഞങ്ങളുടെ രാജ്യത്തിന്റെ നാളത്തെ ക്രിസ്ത്യാനികൾക്ക് വേണ്ടിയുമാണ്.” -അദ്ദേഹം പറഞ്ഞു.

2014 മുതൽ ഐ എസ് ഭീകരർ നടത്തിവരുന്ന ആക്രമണങ്ങളിൽ നിനവെയടക്കം ഇറാഖിലെ എല്ലാ സ്ഥലങ്ങളും തകർന്നടിഞ്ഞിരുന്നു. 2014 -ലെ ഇരുണ്ട ദിവസങ്ങൾക്ക് ശേഷം ആദ്യകുർബാന സ്വീകരണ ദിനത്തിലാണ് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയും കാണുന്നത്. തുടരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതീക്ഷ കൈവിടാതെ ജീവിക്കുകയാണ് ഇറാഖിലെ ക്രൈസ്തവ സമൂഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.