ബാഗ്ദാദിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ക്രൈസ്തവരുടെ രക്തസാക്ഷിത്വം: വത്തിക്കാനിലേക്ക് ഉറ്റുനോക്കി ഇറാക്ക് സഭ

ബാഗ്ദാദിലെ കത്തോലിക്ക ദൈവാലയത്തിൽ വച്ച് ഐ എസ് ഭീകരർ കൊലപ്പെടുത്തിയവരെ രക്തസാക്ഷികളുടെ കൂട്ടായ്മയിലേക്ക് ഉയർത്തുന്നതിനുള്ള രേഖകൾ ഇറാഖിലെ സഭ സമർപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് ഇറാഖിലെ സഭ വത്തിക്കാന് സമർപ്പിച്ചത്.

ദിവ്യബലിയിൽ പങ്കെടുക്കവേ കൊല്ലപ്പെട്ട വിശ്വാസികളെ സഭയിലെ രക്തസാക്ഷികളുടെ കൂട്ടായ്മയിലേക്കും വിശുദ്ധരുടെ ഗണത്തിലേക്കും ചേർക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് രേഖകൾ സമർപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ ജീവിതവിശുദ്ധി തെളിയിക്കുന്ന റിപ്പോർട്ടും അതിനെ പിന്തുണക്കുന്ന രേഖകളുമാണ് സമർപ്പിച്ചതെന്ന് പോസ്റ്റുലേറ്റർ ഡോ. ലൂയി എസ്‌കലാന്തെ അറിയിച്ചു.

2010 ഒക്ടോബർ 31നായിരുന്നു ഇറാഖിനെ നടുക്കിയ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. മാതാവിന്റെ നാമധേയത്തിലുള്ള ബാഗ്ദാദിലെ കത്തോലിക്ക ദൈവാലയത്തിൽ ദിവ്യബലി മധ്യേയാണ് ഐസിസ് തീവ്രവാദികൾ അക്രമം നടത്തിയത്. ദിവ്യബലി അർപ്പിച്ചിരുന്ന ഫാ. തായറിനെയും കുമ്പസാര ശുശ്രൂഷ നൽകിക്കൊണ്ടിരുന്ന ഫാ. വാസിമിനെയുമാണ് തീവ്രവാദികൾ ആദ്യം കൊലപ്പെടുത്തിയത്. തുടർന്ന് വിശ്വാസികളുടെ നേരെ തിരിയുകയായിരുന്നു. ആക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടു.