ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഇറാഖ് ഭരണകൂടം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തോടുള്ള സ്മരണാര്‍ത്ഥം ഇറാഖി പോസ്റ്റ് ആന്‍ഡ് സേവിംഗ്‌സ്, പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇറാഖി കലാകാരന്‍ സാദ് ഘാസി ഡിസൈന്‍ ചെയ്ത സ്റ്റാമ്പുകള്‍ ആകെ അയ്യായിരം എണ്ണമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇറാഖിലെ ഉന്നത ഷിയാ നേതാവായ ആയത്തുള്ള അല്‍ സിസ്താനിയുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയും അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ സന്ദര്‍ശനവും പ്രമേയമാക്കിയുള്ള സ്റ്റാമ്പുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഐഎസ് അധിനിവേശത്തിനു ശേഷം ഇറാഖിലെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ കുറവാണ് ഉണ്ടായത്. പലായനം ചെയ്ത പതിനായിരങ്ങള്‍ മടങ്ങിവരാന്‍ ഇത്തരം നടപടികള്‍ സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറാഖി പോസ്റ്റല്‍ സര്‍വീസ് രാജ്യത്തെ വിവിധ മേഖലകളിലുള്ള വിവിധ സഭകളുടെ ദേവാലയങ്ങള്‍ പ്രമേയമാക്കിയ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു. സാദ് ഘാസി തന്നെയാണ് ഈ സ്റ്റാമ്പുകളും ഡിസൈന്‍ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.