ഇറാഖിലെ ക്രൈസ്തവരില്‍ നിന്ന് തട്ടിയെടുത്ത വസ്തുവകകള്‍ തിരിച്ചുനല്‍കുന്നു

ഇറാഖിലെ ക്രൈസ്തവര്‍ക്ക് പ്രത്യാശ നല്‍കിക്കൊണ്ട് വിവിധ കാലങ്ങളിലായി അവരില്‍ നിന്ന് അന്യായമായി തട്ടിയെടുത്ത വസ്തുവകകള്‍ വീണ്ടെടുത്തു നല്‍കുന്ന നടപടി പുരോഗമിക്കുന്നു. ഇറാഖിലെ ഷിയാ നേതാവും സദ്രിസ്റ്റ് പാര്‍ട്ടി തലവനുമായ മുഖ്താദ അല്‍ സദറിന്റെ നേതൃത്വത്തില്‍ ഇതുവരെ വീടും സ്ഥലവും ഉള്‍പ്പെടെ 80 -ല്‍പ്പരം വസ്തുവകകള്‍ യഥാര്‍ത്ഥ ഉടമകള്‍ക്ക് വീണ്ടെടുത്തു നല്‍കി.

2003 -ലെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ പതനത്തിനു ശേഷമാണ് പ്രാദേശിക തീവ്രവാദിസംഘടനകളും ഗുണ്ടാസംഘങ്ങളും സ്വാധീനമുള്ള കുടുംബങ്ങളും ക്രൈസ്തവരുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നത് പതിവായത്. ഐസിസ് അധിനിവേശവും പലായനം ചെയ്തവര്‍ ഭൂമി ചോദിച്ച് തിരിച്ചെത്തില്ലെന്ന ധാരണയുമായിരുന്നു അതിനു കാരണം. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കവര്‍ച്ച നടത്തിയിരുന്നത്.

ക്രൈസ്തവര്‍ക്ക് തങ്ങളുടെ സ്വത്തിന്മേലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഇ-മെയിലൂടെയും വാട്‌സാപ്പിലൂടെയും സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കി. അതുപ്രകാരം ബാഗ്ദാദ് റീജ്യണിലെ അവസാന വസ്തുവകകള്‍ വരെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് കൈമാറിയെന്നും ‘സദ്രിസ്റ്റ്’ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഹക്കിം അല്‍ സമിലി പ്രസ്താവനയില്‍ അറിയിച്ചു.

കണക്കുകള്‍ പ്രകാരം 2003 -ല്‍ രാജ്യത്ത് ഒരു മില്യണ്‍ ക്രൈസ്തവരുണ്ടായിരുന്നെങ്കില്‍ ഇന്ന് അത് മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമാണ്. എന്തായാലും, പലായനം ചെയ്ത ക്രൈസ്തവരില്‍ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചുവരാന്‍ ഇത് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ക്രൈസ്തവരുടെ വസ്തു കൈവശാവകാശം കവര്‍ന്നെടുക്കുന്നത് അവസാനിപ്പിച്ച് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്ദത അല്‍ സദര്‍ ഇപ്രകാരമൊരു സംരംഭത്തിന് ആഹ്വാനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.