മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 54

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

തിരുപ്പിറവി നാളിൽ ജനിച്ച് ‘ഉള്ളം കൈയ്യിൽ’ ദൈവം പരിപാലിച്ച ഗീവർഗീസ് പെരുമല അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

1940 ഡിസംബറിലെ ക്രിസ്തുമസ് രാത്രിയിൽ അങ്ങാടിക്കൽ നോർത്ത് പെരുമല വീട്ടിൽ ചാണ്ടപ്പിള്ള മത്തായിയുടെയും റാഹേൽ മത്തായിയുടെയും നാലു മക്കളിൽ രണ്ടാമനായി ഗീവർഗീസ് ജനിച്ചു. എം. ജോയ്, എം. തോമസ്, എം. ജോർജ് എന്നിവരാണ് സഹോദരങ്ങൾ.

കുടിപ്പള്ളിക്കൂടത്തിലെ നിലത്തെഴുത്ത് പഠനത്തിനു ശേഷം ഗവണ്മെന്റ് എൽ.പി.എസ് ഒറ്റത്തേക്ക്, ദേവസ്വം യു.പി.എസ് അങ്ങാടിക്കൽ നോർത്ത്, എസ്.എൻ.വി എച്ച്.എസ് അങ്ങാടിക്കൽ സൗത്ത് എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

പിതാവായ ചാണ്ടപ്പിള്ള മത്തായിയുടെ മൂത്ത സഹോദരനായിരുന്ന ഫാ. തോമസ് പെരുമല, ഓർത്തഡോക്സ് സഭയിൽ നിന്നും കത്തോലിക്കാ സഭയിലേക്ക് 1931 -ൽ പുനരൈക്യപ്പെട്ട വൈദികനാണ്. ഓർത്തഡോക്സ് സഭയിലെ കക്ഷിവഴക്കുകളിലും പടലപ്പിണക്കങ്ങളിലും മനസ്സു മടുത്ത അദ്ദേഹം, ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ സഭാദർശനങ്ങളിൽ ആകൃഷ്ടനായി മലങ്കര കത്തോലിക്കാ സഭയിലേക്ക് കടന്നുവന്ന് ചന്ദനപ്പള്ളിയിലും പരിസരങ്ങളിലും മലങ്കര കത്തോലിക്കാ പള്ളികൾ സ്ഥാപിച്ചു. കുടുംബത്തിലെ അനുഗ്രഹീതമായ ഈ വൈദികപശ്ചാത്തലവും മാതാപിതാക്കളുടെ പ്രോത്സാഹനവും ഹൈസ്കൂൾ പഠന നാളിൽ തട്ട ലൂർദ്ദ്ഗിരി പള്ളിയിൽ നടന്ന നാല് വൈദികരുടെ പട്ടംകൊട ശുശ്രൂഷയുമെല്ലാം സെമിനാരിയിൽ പോകണം, വൈദികനാകണം എന്നതിന് നിമിത്തമായി.

വൈദിക പട്ടാഭിഷേക ശുശ്രൂഷകളും മനീഷിയായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ വചനസന്ദേശവുമെല്ലാം ഹൃദയത്തിൽ ദിവ്യസ്പർശനമായി. അങ്ങനെ പത്താം ക്ളാസ് പരീക്ഷ പാസായ ഉടനെ 1958 -ൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽ നിന്നുള്ള പഠനത്തിനു ശേഷം 1966 ഡിസംബർ 3 -ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. ഡിസംബർ 5 -ന് മാതൃ ദേവാലയമായ അങ്ങാടിക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പണം നടത്തി.

വൈദികനായ ശേഷം ബാംഗ്ലൂർ NBCLC, ഫിലിപ്പിയൻസിലെ മനിലയിലുള്ള East Asian Pastoral Institute, അമേരിക്കയിലെ MADONA University എന്നിവിടങ്ങളിൽ ഉപരിപഠനം നടത്താൻ അച്ചന് സാധിച്ചു. 1967 -ൽ മൂന്നു മാസം മിഷൻ മേഖലയായ കന്യാകുമാരി ജില്ലയിലെ മാർത്താണ്‌ഡത്ത് പ്രേഷിതവര്യനായ മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ അച്ചനൊപ്പം താമസിച്ച് ആറ്റൂർ, കാട്ടുവിള, ഉണ്ണാമലക്കട, സൂസൈപുരം ഇടവകകളിലെ ശുശ്രൂഷ. 1967-1968 ൽ റാന്നി-പെരുന്നാട്, ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ, ആങ്ങമൂഴി, കൊച്ചുകോയിക്കൽ, തോണിക്കടവ് പള്ളികളിൽ സഹവികാരിയായുള്ള സേവനം. 1968-1973 ൽ ബാലരാമപുരം, ഊക്കോട്, വെണ്ണിയൂർ, വിഴിഞ്ഞം, മുല്ലൂർ, ചൊവ്വര ഇടവകകളിൽ. അംഗൻവാടികൾ, നേഴ്സറി സ്കൂളുകൾ, തയ്യൽ പരിശീലനകേന്ദ്രങ്ങൾ ഇവയെല്ലാമായി ഇക്കാലയളവിൽ അജപാലന ശുശ്രൂഷക്കൊപ്പം സാമൂഹിക-വിദ്യാഭ്യാസമേഖലകളിൽ പ്രവർത്തനം ആരംഭിച്ചു. നിരവധി വീടുകളും ശുചിമുറികളും കിണറുകളുമെല്ലാം നിർദ്ധനരായ നിരവധി കുടുംബങ്ങൾക്ക് നൽകി അവർക്ക് കൈത്താങ്ങായി.

1973 മുതൽ 1981 വരെ തിരുവനന്തപുരം അതിഭദ്രാസന പ്രൊക്കുറേറ്ററായി സാമ്പത്തിക കാര്യങ്ങളിൽ സുസ്ഥിതിയിലേക്ക് രൂപതയെ കൈപിടിച്ചുയർത്തി. ഈ കാലയളവിൽ കണ്ണറവിള, കൊടങ്ങാവിള ഇടവകകളുടെ വികാരിയുമായിരുന്നു. പിന്നീട് 1981-83 കാലത്ത് കണ്ണറവിളയിൽ താമസിച്ച് ധനുവച്ചപുരം, പനയറയ്ക്കൽ, വെള്ളൂർക്കോണം പള്ളികളിൽ ശുശ്രൂഷ ചെയ്തു. ഇക്കാലയളവിൽ സ്ത്രീശാക്തീകരണത്തിനായി വനിതാ ക്ഷേമഭവനം, എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജിതരാകുന്നവരെ കൈപിടിച്ചുയർത്താൻ തയ്യൽ, കരകൗശല പരിശീലനം ഇവയെല്ലാം ആരംഭിച്ചു. 1983-1986 ൽ കൊല്ലം, കൊട്ടറ, പൂയപ്പള്ളി, മരുതമൺപള്ളി ഇടവകകളിലെ സേവനം. 1986 മുതൽ 1989 വരെ കിഴക്കേത്തെരുവ്, കരിക്കം, പുലമൺ, അലക്കുഴി, മൈലം ഇടവകകകളുടെ വികാരിയായും ഒപ്പം കൊട്ടാരക്കര വൈദിക ജില്ലാ വികാരിയായും ജില്ലക്ക് നേതൃത്വം നൽകി.

1989-1991 ൽ അതിഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടറായുള്ള ശുശ്രൂഷാ കാലയളവിൽ വിശ്വാസപരിശീലന പ്രസ്ഥാനത്തെ കൂടുതൽ നവീനമാക്കി. ഒപ്പം കുറവൻകോണം, പേരൂർക്കട, തിരുവല്ലം ഇടവകകളിലെ ശുശ്രൂഷ. 1992-1995 ൽ കൊല്ലം ജില്ലാ വികാരിയായും പുത്തൂർ, കാരയ്ക്കൽ, തേവലപ്പുറം, പൂവത്തൂർ വികാരിയായും നിയമിതനായി. 1995-1996 ൽ വണ്ടന്നൂർ, പെരുമ്പഴുതൂർ, കരിപ്രകോണം എന്നീ സ്ഥലങ്ങളിലും 1996-2001 ൽ പുലിയൂർ, പാണ്ടനാട്, ചെറിയനാട് ഇടവകകളിലും 2001-2006 ൽ കൂടൽ, നെടുമൺകാവ് പള്ളികളിലും 2006-2007 ൽ ചീക്കനാൽ, പുത്തൻപീടിക ഇടവകകളിലും 2007-2010 ൽ പന്തളം ഇടവകയിലും 2010 ൽ വള്ളിക്കോട് കോട്ടയത്തും 2012 ൽ കുരമ്പാല പള്ളിയിലും അച്ചൻ ശുശ്രൂഷ ചെയ്തു.

“മുല കുടിക്കുന്ന കുഞ്ഞിനെ അമ്മക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49: 15-16). പ്രവാചകന്റെ വാക്കുകളെ ജീവിതത്തോട് എന്നും ചേർത്തുവച്ചിരുന്ന അച്ചൻ തന്റെ
സപ്തതിസ്മരണികയായി പ്രസിദ്ധീകരിച്ച ചെറുപുസ്തകത്തിനു നൽകിയ പേര് ‘ഉളളം കൈയ്യിൽ’ എന്നാണ്. അച്ചൻ അതിൽ തന്റെ ജീവിതം, ദൈവവിളി, പൗരോഹിത്യശുശ്രൂഷകൾ, ജീവിതത്തെ സ്വാധീനിച്ച വ്യക്തികൾ എല്ലാം വിവരിക്കുന്നു.

യാത്രകളെ സ്നേഹിച്ചിരുന്നതിനാൽ സ്വദേശത്തും വിദേശത്തുമായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഓരോ യാത്രയിലും നിരവധിയായ കാര്യങ്ങൾ പഠിക്കാനും അറിയാനും സാധിച്ചുവെന്നും അതിലുപരിയായി ദൈവത്തിന്റെ പരിപാലനയും സംരക്ഷണയും അനുഭവിച്ചറിഞ്ഞെന്നും പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തുന്നു.

പൗരോഹിത്യത്തെ എന്നും സ്നേഹിച്ചിരുന്ന അച്ചൻ താൻ ശുശ്രൂഷ ചെയ്ത പള്ളികളിൽ നിന്നെല്ലാം അനേകരെ സന്യസ്ത-വൈദികജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയിരുന്നു. അച്ചന്റെ ജ്യേഷ്ഠൻ ജോയിയുടെ മകൾ സിസ്റ്റർ മേരി മരീന SND പാറ്റ്ന സന്യാസിനീ സമൂഹാംഗമാണ്; ഇപ്പോൾ റോമിൽ ശുശ്രൂഷ ചെയ്യുന്നു. തന്റെ സന്യസ്തജീവിതത്തിന് പ്രചോദനാത്മകമായ ദർശനം നൽകിയതും പ്രാർത്ഥനയുടെ പിൻബലമായി കൂടെയുണ്ടായിരുന്നതും അച്ചനാണ് എന്ന് സന്തോഷത്തോടെ സിസ്റ്റർ അനുസ്മരിക്കുന്നു.

ദൈവമാതാവിന്റെ വലിയ ഭക്തനായിരുന്ന അച്ചൻ, ജീവിതത്തിലെ വിവിധ പ്രതിസന്ധികളിൽ അമ്മയുടെ മാദ്ധ്യസ്ഥം ഉറപ്പുളള സങ്കേതമാണെന്ന് സ്വജീവിതാനുഭവങ്ങളിലൂടെ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചിരുന്നു.

ക്യാൻസർ രോഗബാധിതനായ അച്ചൻ 2012 ഡിസംബർ 31 -ന് കർത്താവിൽ നിദ്ര പ്രാപിച്ചു. അങ്ങാടിക്കൽ പള്ളിയിൽ അച്ചന്റെ ഭൗതികശരീരം സംസ്കരിച്ചു. 2010 -ൽ പത്തനംതിട്ട ഭദ്രാസനം രൂപീകൃതമായപ്പോൾ ഇവിടെ അംഗമായ അച്ചന്റെ പാവനസ്മരണക്കായി കുമ്പഴയിലെ വൈദിക വിശ്രമ മന്ദിരത്തിന്റെ (Clergy Home) ചാപ്പലിനായി അച്ചന്റെ സ്വത്തുവകകൾ എല്ലാം സഹോദരങ്ങൾ നൽകി.

സ്നേഹത്തോടെ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.