മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 51

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

വിടരും മുമ്പേ കൊഴിഞ്ഞ പുഷ്പം: ഫാ. കുര്യൻ കുഴിമുറിയിൽ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

“തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്'” (സങ്കീ. 116:15). സങ്കീര്‍ത്തനക്കാരന്റെ ഈ പ്രാർത്ഥന അർത്ഥവത്തായ ഒരു ജീവിതമായിരുന്നു. പത്തനംതിട്ട ജില്ലയിൽ ജനിച്ച് മലപ്പുറം ജില്ലയിലെ തന്റെ  പൗരോഹിത്യശുശ്രൂഷക്കിടയിൽ ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ, കഷ്ടിച്ച് 37 വർഷം മാത്രം ജീവിച്ച കുര്യൻ അച്ചന്റേത്.

പ്രക്കാനം കുഴിമുറിയിൽ വീട്ടിൽ കെ.ജി. ഉണ്ണൂണ്ണിയുടെയും സാറാമ്മയുടെയും മകനായി 1961 ഒക്ടോബർ 30 -ന് കുര്യൻ വർഗീസ് എന്ന കുര്യാക്കോസ് ജനിച്ചു. ഗവൺമെന്റ് എൽ.പി. സ്കൂൾ പ്രക്കാനം, ഗവൺമെന്റ് മോഡൽ ഹൈസ്കൂൾ ഇലന്തൂർ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാതാപിതാക്കളുടെ പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും ഫലമെന്നവണ്ണം പത്താം ക്ലാസ്സ്‌ പഠനത്തിനു ശേഷം 1978 ജൂണിൽ തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു.

തിരുവല്ല രൂപത വിഭജിച്ച് വയനാട് പ്രദേശങ്ങളിലെ കുടിയേറ്റമേഖലയുടെ വളർച്ചക്കായി ബത്തേരി രൂപത നിലവിൽ വന്നത് (1978) ഇക്കാലയളവിലാണ്. മിഷൻ പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്യാൻ താൽപര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ബത്തേരി രൂപതയുടെ പ്രഥമ ഇടയൻ സിറിൽ മാർ ബസേലിയോസ് പിതാവ് തിരുവനന്തപുരം മൈനർ സെമിനാരിയിലെ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. വീട്ടിൽ നിന്നും വളരെ അകലെ യാതൊരു പരിചയവുമില്ലാത്ത നാട്ടിലേക്കു പോകുക എന്നത് ഏറെ ക്ലേശകരമാണെന്ന് അറിയാമെങ്കിലും ആത്മാക്കളെ നേടുന്ന തീക്ഷ്ണമതിയായ ഒരു മിഷനറിയായി സേവനം ചെയ്യണമെന്ന ആഗ്രഹത്താൽ പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം 1979 ജൂണിൽ ബത്തേരി രൂപതയിലെ മൈനർ സെമിനാരിയിൽ പഠനം തുടർന്നു.

രൂപതയുടെ ബാലാരിഷ്ടതയുടെ ഈ നാളുകളിലെ അസൗകര്യങ്ങളും സംവിധാനങ്ങളുടെ അപര്യാപ്തതയുമെല്ലാം അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുത്തു. തുടർന്ന് തിരുവനന്തപുരം മേജർ സെമിനാരിയിൽ നിന്നും ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കി 1990 ഡിസംബർ 31 -ന് പ്രക്കാനം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വച്ച് സിറിൽ മാർ ബസേലിയോസ് പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു; പുതുവർഷത്തിൽ, 1991 ജനുവരി 1 -ന് പ്രക്കാനം പള്ളിയിൽ തന്നെ പ്രഥമ ദിവ്യബലി അർപ്പിച്ചു.

അച്ചൻ ബത്തേരി രൂപതയിൽ നാരങ്ങാത്തോട്, പുലിക്കയം, മണൽവയൽ, ഈങ്ങാപ്പുഴ, ചിപ്പിലിത്തോട്, മൂത്തേടം, പാലാങ്കര, പാട്ടവയൽ (തമിഴ്നാട്) മുതലായ ഇടവകകളിൽ വികാരിയായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ബത്തേരി രൂപതയുടെ യൂത്ത് ഡയറക്ടറായും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈങ്ങാപ്പുഴ സെന്റ് മേരീസ് ദേവാലയത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ആരംഭിക്കുന്നതിനും അതിന്റെ പ്രവർത്തനം തുടരുന്നതിനും അച്ചൻ അക്ഷീണം യത്നിച്ചിരുന്നു. എല്ലാത്തരം ആൾക്കാരോടും വളരെ നല്ല സ്നേഹബന്ധം അച്ചൻ പുലർത്തിയിരുന്നു. പ്രത്യേകിച്ച് പാവങ്ങൾ ഏതവസരത്തിൽ സമീപിച്ചാലും എല്ലാ സഹായങ്ങളും നൽകാൻ അച്ചൻ ശ്രദ്ധിച്ചിരുന്നു.

അച്ചൻ മണൽവയൽ ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന കാലത്ത് 5 പേരടങ്ങുന്ന ഒരു ഹിന്ദു കുടുംബത്തെ മാമ്മോദീസ നൽകി സഭയിലേക്ക് ചേർക്കുകയുണ്ടായി. അതിൽ ഒരാളുടെ മകൻ ഇപ്പോൾ സെമിനാരി വിദ്യാർത്ഥിയാണ്.

നാരങ്ങാത്തോട് വികാരിയായിരിക്കെ, കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് തുഷാരഗിരി ഉൾപ്പെടുന്ന പ്രദേശത്ത് തന്റെ കഠിനപ്രയത്നത്തിന്റെ ഫലമായി ഒരു മിഷൻ ആരംഭിച്ചിരുന്നു. 25 -ലധികം വീട്ടുകാർ ചേർന്ന പള്ളിയിൽ ഭൂരിഭാഗവും ഓർത്തഡോക്സ്, യാക്കോബായ, മർത്തോമ്മ എന്നീ സഭകളിൽ നിന്ന് അച്ചൻ പുനരൈക്യപ്പെടുത്തിയവരായിരുന്നു. പിന്നീട് ഈ മിഷൻ ഇപ്പോഴുള്ള സ്ഥലത്തേക്ക് 4.5 ഏക്കറിലധികം സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ആലോചനകൾക്കും പ്രവർത്തനങ്ങൾക്കും അച്ചൻ അന്നേ ആരംഭം കുറിച്ചിരുന്നു.

പുലിക്കയം മിഷൻ വളർത്തിയെടുത്തതും ഇക്കാലയളവിലാണ്. നാരങ്ങാത്തോട് പള്ളിയുടെ സാക്രിസ്റ്റിയിലെ തികച്ചും പരിമിതമായ സൗകര്യങ്ങളിലാണ് ഈ കാലയളവിലുടനീളം താമസിച്ചിരുന്നത്. തന്റെ പൗരോഹിത്യജീവിതത്തിൽ എപ്പോഴും ആനന്ദം കണ്ടെത്തിയിരുന്ന അച്ചൻ, ദൈവവിളികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുഷാരഗിരി മിഷൻ ആരംഭിച്ച ആദ്യ മാസത്തിൽ തന്നെ, അതുവരെ അടുത്തുള്ള സിറോ മലബാർ സഭാംഗങ്ങളായിരുന്ന, വെള്ളാവൂർ കുടുംബത്തിലെ ഇരട്ടസഹോദരങ്ങളെ മലങ്കരയിലേക്ക് ക്ഷണിച്ചുവരുത്തിയത് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു. അവർ ഇരുവരും (ഫാ. വർഗ്ഗീസ് വെളളാവൂർ, ബത്തേരി രൂപത; സി. നിമിയ റോസ് ഡി.എം, പഞ്ചാബ് പ്രൊവിൻസ്) ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ സ്തുത്യർഹ്യമായ സഭാശുശ്രൂഷയിൽ ഏർപ്പെടുന്നു.

ബത്തേരി രൂപതയുടെ പ്രഥമ ഇടയനായിരുന്ന സിറിൽ മാർ ബസേലിയോസ് തിരുമേനിയോട് ഏറ്റവും അടുപ്പവും സ്നേഹവുമുള്ള വ്യക്തിയായിരുന്നു കുര്യൻ അച്ചൻ. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ബത്തേരി രൂപതയിൽ വൈദികനായി ശുശ്രൂഷ ചെയ്യുന്ന കാലത്ത്, അദ്ദേഹത്തോട് അടുത്ത സ്നേഹബന്ധം പുലർത്തുന്നതിനും അച്ചന് സാധിച്ചിരുന്നു.

“പ്രാണനെ പിടിച്ചുനിര്‍ത്താനോ മരണസമയം നിശ്ചയിക്കാനോ ആര്‍ക്കു കഴിയും?”
എന്ന വിശുദ്ധ ഗ്രന്ഥവചനം അന്വർത്ഥമാകും വിധം 1998 മെയ്‌ 3 -ന് പാലാങ്കര ഇടവകയിലെ ശുശ്രൂഷ കഴിഞ്ഞു തിരികെ വരുന്ന വഴിക്കുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കുര്യൻ അച്ചൻ തന്റെ മുപ്പത്തിയേഴാം വയസ്സിൽ മരണപ്പെട്ടു. സിറിൾ മാർ ബസേലിയോസ് പിതാവിന്റെയും ഗീവർഗീസ് മാർ ദിവന്നാസിയോസ് പിതാവിന്റെയും കാർമ്മികത്വത്തിൽ അനവധി വൈദികരുടെയും സന്യസ്തരുടെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിദ്ധ്യത്തിൽ മാതൃ ഇടവകയായ പ്രക്കാനം സെന്റ് മേരീസ് പള്ളിയിൽ കബറടക്കി.

ആരെയും കുറ്റപ്പെടുത്താത്ത കുര്യനച്ചൻ, മറ്റുള്ളവർക്കായി സഹനങ്ങൾ ഏറ്റെടുക്കുകയും കൂടെയുള്ളവരെ എന്നും കരുതുകയും തന്നാൽ കഴിയുംവിധം എല്ലാവരേയും സഹായിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് സതീർത്ഥ്യനായ ഫാ. ജോഷ്വ കന്നിലേത്ത് അനുസ്മരിക്കുന്നു.

പ്രൈവറ്റായി എം.എ. സോഷ്യോളജി പഠിക്കുകയും റോമിൽ പോയി ഉപരിപഠനം നടത്തുന്നതിന് ബത്തേരി രൂപതാദ്ധ്യക്ഷൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് പിതാവിന്റെ അനുമതി ലഭിക്കുകയും ചെയ്തിരുന്ന അവസരത്തിലാണ് അച്ചൻ മരണപ്പെട്ടത്. അച്ചന്റെ മരണത്തിനു ശേഷം ബത്തേരി രൂപതയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്കോളർഷിപ്പ്‌ ഏർപ്പെടുത്തിയിരുന്നു.

മാർത്താണ്ഡം രൂപതാദ്ധ്യക്ഷൻ വിൻസെന്റ് മാർ പൗലോസ് പിതാവ്, പാലക്കാട് രൂപതാ സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുര തുടങ്ങിയ പിതാക്കന്മാരും ബത്തേരി രൂപതയുടെ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ, മുൻ വികാരി ജനറാൾ ഫാ. തോമസ് കാഞ്ഞിരമുകളിൽ, പൂനെ കഡ്കി രൂപതയുടെ വികാരി ജനറാളായിരുന്ന ഫാ. വർഗ്ഗീസ് മറ്റമന തുടങ്ങിയ പ്രഗത്ഭരായ നിരവധി വൈദികരും കുര്യൻ അച്ചന്റെ സഹപാഠികളാണ്.

അച്ചന് മോഹൻ കെ. വർഗീസ്, മാത്യൂസ് വർഗീസ്, ഫിലിപ്പ് വർഗീസ്, ജോൺ വർഗീസ്, തോമസ് വർഗീസ് എന്നീ അഞ്ച് സഹോദരന്മാരും അന്നമ്മ വർഗീസ്, ലിജി വർഗീസ് എന്നീ രണ്ട് സഹോദരിമാരും ഉണ്ട്.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ജോൺ വർഗീസ് (കുര്യൻ അച്ചന്റെ സഹോദരൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.