മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 50

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

കത്തോലിക്കാ സഭയുടെ ശ്രേഷ്ഠത തിരിച്ചറിഞ്ഞ് വിശ്വാസം സ്വീകരിച്ച് പുരോഹിതനായ ഗീവർഗീസ് ചെങ്കിലേത്ത് അച്ചൻ

ഫാ. സെബാസ്റ്റ്യന്‍ ജോണ്‍

ചെങ്ങന്നൂർ അടുത്ത് പെരിങ്ങേലിപ്പുറത്ത് തോന്നയ്ക്കാട് ഓർത്തഡോക്സ് ഇടവകാംഗമായിരുന്ന തോമസിന്റെയും മറിയാമ്മയുടെയും മകനായി 1934 ഏപ്രിൽ 22 -ന് ഗീവർഗീസ് ജനിച്ചു. തോമസ്, കുഞ്ഞമ്മ, ഉണ്ണൂണ്ണി, അന്നക്കുട്ടി, പാപ്പച്ചൻ, കുഞ്ഞുകുഞ്ഞ് എന്നീ ആറു സഹോദരങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.

മാവേലിക്കര, തഴക്കര എം.എസ്.എസ്. ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗീവർഗീസ്, കുടുംബം പുലർത്തുന്നതിനായി ജോലി തേടി മധ്യപ്രദേശിലേക്കു പോയി. ഈ കാലത്ത് താമസസ്ഥലത്തിന് അടുത്തുള്ള കത്തോലിക്കാ പള്ളിയുമായും വൈദികരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തി. തന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച കത്തോലിക്കാ പുരോഹിതരെപ്പോലെ ഒരു കത്തോലിക്കാ വൈദികനായി ജീവിതം സമർപ്പിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ രൂഢമൂലമായി. ഈ ആഗ്രഹത്തിന്റെ ആദ്യപടിയെന്നോണം 1955 -ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. മാതാപിതാക്കളും സഹോദരങ്ങളും കുടുംബാംഗങ്ങളുമെല്ലാം ഓർത്തഡോക്സ് സഭയിൽ തന്നെയായിരുന്നുവെങ്കിലും വീടിനു സമീപമുള്ള ഇലഞ്ഞിമേൽ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ അംഗമായി.

ഗീവർഗീസിന്റെ പെങ്ങൾ കുഞ്ഞമ്മയെ വിവാഹം കഴിച്ചത് പന്തളം കുളനട അടുത്ത് ഉളനാട് ആലിന്റെമേലേതിൽ കുടുംബത്തിലെ എം.ജി. ഡാനിയേലാണ്. അദ്ദേഹത്തിന്റെ അനുജനായിരുന്ന ഫാ. സാമുവേലിനെ (സാമുവേൽ മണ്ണിൽ റമ്പാച്ചൻ) സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചു. ഗീവർഗീസിന്റെ ആഗ്രഹമറിഞ്ഞ സാമുവേൽ അച്ചൻ, വൈദികനാകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുകയും അന്നത്തെ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിനെ സന്ദർശിച്ച് ആഗ്രഹമറിയിക്കാൻ വേണ്ട ക്രമീകരണം ചെയ്യുകയും ചെയ്തു.

ഗീവർഗീസിനെ ഇന്റർവ്യൂ ചെയ്ത പിതാവ്, അദ്ദേഹത്തിന്റെ ദൈവവിളിയിലുള്ള ഉറച്ച ബോധ്യം തിരിച്ചറിഞ്ഞ് സെമിനാരിയിലേക്ക് സ്വീകരിക്കാമെന്ന് അറിയിച്ചു. അങ്ങനെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും എതിർപ്പിനെ മറികടന്ന് 1956 -ൽ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. കൂടെയുള്ളവരെല്ലാം തന്നേക്കാൾ പ്രായത്തിൽ ഇളയതായിരുന്നതും പത്താം ക്ളാസ് പഠനത്തിനു ശേഷമുള്ള നീണ്ട ഇടവേളയുമെല്ലാം പരിശീലനകാലത്തെ വെല്ലുവിളികളായിരുന്നു. എങ്കിലും അതൊന്നും ഉള്ളിലുള്ള തീവ്രാഭിലാഷത്തിന് ഒരു തടസമായിരുന്നില്ല.

തുടർന്ന് ആലുവ സെന്റ് ജോസഫ്സ് സെമിനാരിയിൽ നിന്നുള്ള തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനങ്ങൾക്കു ശേഷം 1966 മാർച്ച്‌ 27 -ന് പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. ഗീവർഗ്ഗീസ് അച്ചൻ ആദ്യബലി അർപ്പിച്ചത് താൻ പുനരൈക്യപ്പെട്ട ഇലഞ്ഞിമേൽ മലങ്കര കത്തോലിക്ക പള്ളിയിലാണ്.

1966 -ൽ പുന്നമൂട് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി ഇടവക ശുശ്രൂഷ ആരംഭിച്ച ചെങ്കിലേത്ത് അച്ചൻ 1967-1969 -ൽ തുവയൂർ ഈസ്റ്റ്‌, അന്തിച്ചിറ പള്ളികളിലും 1969 -ൽ പാളയം പള്ളിയിൽ താമസിച്ചുകൊണ്ട് മണലയം, മൂന്നാംമൂട് ഇടവകയിലും 1970-1971 -ൽ ഇളമാട്, ചെറുവക്കൽ, വെങ്ങൂർ എന്നീ ഇടവകകളിലും പിന്നീട് 1971-1976 -ൽ പുലമൺ, തൃക്കണ്ണമംഗൽ, മൈലം ഇടവകകളിലും 1976-1981 -ൽ വെൺമണി, പുന്തല എന്നിവിടങ്ങളിലും 1981 മുതൽ 1983 വരെ അമ്പലത്തുംകാല, നീലേശ്വരം ഇടവകകളിലും 1983-1987 -ൽ അമ്പലപ്പുറം ഇടവകയിലും 1988-1989 കാലത്ത് ഊന്നുകൽ പള്ളിയിലും 1989 മുതൽ 1996 വരെ ഉളനാട്, രാമഞ്ചിറ ഇടവകകളിലും 1996-2001 -ൽ കാരുവേലി, തേവലപ്പുറം പള്ളിയിലും 2001 മുതൽ കുളനട, മുടിയൂർക്കോണം ഇടവകകളിലും വികാരിയായി സേവനമനുഷ്ഠിച്ചു.

സഭയിലെ എല്ലാ പിതാക്കന്മാരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അച്ചൻ മാവേലിക്കര രൂപതാദ്ധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവുമായി ആത്മബന്ധം പുലർത്തിയിരുന്നു.

പ്രമേഹവും രക്തസമ്മർദ്ദവുമെല്ലാം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് തന്റെ ശുശ്രൂഷാവേദിയിൽ അച്ചൻ വ്യാപൃതനായി. എല്ലാവരെയും ഒരേപോലെ കരുതി സ്നേഹിച്ച അച്ചൻ വളരെ നിശബ്ദനായി ഇടവകശുശ്രൂഷയിലേർപ്പെട്ടു. ജപമാല, കാശുരൂപങ്ങൾ, മാതാവിന്റെ ചിത്രങ്ങൾ, പ്രാർത്ഥനാ പുസ്തകങ്ങൾ ഇവയെല്ലാം ആളുകൾക്ക് നൽകി മരിയഭക്തിയിലേക്കും പ്രാർത്ഥനാചൈതന്യത്തിലേക്കും അവരെ ആകർഷിക്കാൻ അച്ചനു സാധിച്ചു.

1989 മുതൽ ജ്യേഷ്ഠസഹോദരി കുഞ്ഞമ്മയുടെ ഉളനാടുള്ള വീട്ടിൽ താമസിച്ചാണ് ഇടവകശുശ്രൂഷയിൽ ഏർപ്പെട്ടത്. 2004 ഫെബ്രുവരി 27 -ന് ഹൃദയാഘാതം മൂലം ഗീവർഗ്ഗീസ് അച്ചൻ മരണപ്പെട്ടു. ഉളനാട് സെന്റ് ജോൺസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നിശബ്ദമായി തന്റെ ശുശ്രൂഷകളിൽ വ്യാപൃതനായിരുന്ന ഈ പുരോഹിതശ്രേഷ്ഠനെ കബറടക്കിയിരിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ബാബു എ.ഡി. (സഹോദരീ പുത്രൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.