മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 47

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

സകലർക്കും അത്താണിയായിരുന്ന ജോസിയച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

തിരുവനന്തപുരം നഗരത്തിൽ ചികിത്സ, പഠനം, താമസം, ജോലി, വിദേശത്തേക്കുള്ള യാത്രകൾ അങ്ങനെ ഏത് കാര്യത്തിനായി എത്തുന്ന സകലർക്കും സംലഭ്യനായിരുന്ന വ്യക്തിത്വമായിരുന്നു ജോസിയച്ചന്റേത്. അച്ചനെ ഒരിക്കൽ പരിചയപ്പെട്ടവരാരും ജീവിതത്തിൽ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല എന്നത് സുനിശ്ചിതമാണ്. അത്രത്തോളം ആത്മബന്ധം ഓരോരുത്തരുമായി നേടാൻ അച്ചന് സാധിച്ചിരുന്നു. വശ്യമായ പെരുമാറ്റത്താൽ രാഷ്ട്രീയ, ഉദ്യോഗ, സാമൂഹ്യനേതാക്കളുമായി ശ്രേഷ്ഠമായ ബന്ധം സൂക്ഷിച്ചിരുന്ന അച്ചൻ, അതിലൂടെ തന്നാൽ കഴിയുന്ന സഹായം നിരവധി പാവങ്ങൾക്ക് ജോലിയായും ആശുപത്രിയിൽ ചികിത്സയായും താമസ സൗകര്യമായും ഒരുക്കിയിരുന്നു.

ഓമല്ലൂർ കിഴക്കേതിൽ വീട്ടിൽ അദ്ധ്യാപകനായ കെ.ജി. ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകനായി 1942 ജൂലൈ 23 -ന് ജനിച്ച് ജോർജ് ജോൺ എന്ന മാമ്മോദീസാ നാമം സ്വീകരിച്ച ജോസി അച്ചൻ ചെറുപ്പം മുതലേ തന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് നൽകാൻ ശ്രമിച്ചിരുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ, കാതോലിക്കേറ്റ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിലും നിന്നുള്ള വൈദിക പഠനത്തിനു ശേഷം 1967 ഡിസംബർ 27 -ന് പുത്തൻപീടിക സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വച്ച് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും സതീർത്ഥ്യരും സഹപാഠികളുമായ ജോർജ് ജേക്കബ്, ലൂയിസ് പീലിപ്പോസ് എന്നിവരോടൊപ്പം വൈദികപട്ടം സ്വീകരിച്ചു. തൊട്ടടുത്ത ദിവസം മൂവരും ഒരുമിച്ച് പ്രഥമ ദിവ്യബലിയർപ്പണം നടത്തി.

മാത്യു ഏഴാനിക്കാട് അച്ചൻ പുത്തൻപീടിക പള്ളിയിൽ വികാരിയായിരിക്കുമ്പോൾ 1958 മാർച്ച് മാസത്തിലെ പെസഹ തിരുനാൾ ദിനത്തിൽ മദ്ബഹായിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന 5 ബാലന്മാർ ഒരുമിച്ചു കൂടി, സെമിനാരിയിൽ ചേരണമെന്നുള്ള ആഗ്രഹം പരസ്പരം പങ്കുവച്ച് ഒരുമിച്ചു പ്രാർത്ഥിച്ചു. ലൂയിസ് പീലിപ്പോസ്, ജോർജ് ജേക്കബ്, ജോർജ് ജോൺ, പി.ടി. ജോർജ്, ഡാമിയൻ OlC അവർ അഞ്ചു പേരും വൈദികരായി പുത്തൻപീടിക പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു എന്നതിന് കാലം സാക്ഷി. ഒരുപക്ഷേ, മലങ്കരയിലെ മറ്റൊരു പള്ളിക്കും അവകാശപ്പെടാനാവാത്ത സതീർത്‌ഥ്യ സ്നേഹത്തിന്റെ പൂർത്തീകരണം.

1968-1970 കാലഘട്ടത്തിൽ വടശ്ശേരിക്കര, ഉതിമൂട്, പുതുശ്ശേരിമല ഇടവകകളിലും തുടർന്ന് 1970-1972 ൽ മണ്ണാറകുളഞ്ഞി, ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ ഇടവകകളിലും 1972-1979 ൽ തട്ട, ആനന്ദപ്പള്ളി, പൊങ്ങലടി എന്നീ ഇടവകകളിലും പിന്നീട് 1983-1984 ൽ അടൂരും 1984-1985 ൽ കുര, കുളക്കട, കലയപുരം ഇടവകകളിലും 1986 മുതൽ ആര്യനാട്, എരുത്താവൂർ, റസ്സൽപുരം ഇടവകകളിലും 1999 -ൽ കൊട്ടറക്കോണം, തോന്നക്കൽ, കാരക്കോണം, തെങ്കർക്കോണം ഇടവകകളിലും 2003 -ൽ ഭൂദാനകോളനി ഇടവകയിലും അച്ചൻ വികാരിയായി ശുശ്രൂഷ ചെയ്തു. ഇടവകയിലെ ഓരോ കുടുംബങ്ങളുടെയും ആവശ്യം സ്വന്തമെന്ന് കണ്ട് അവർക്കാവശ്യമായ എല്ലാ സഹായവും ചെയ്യുന്നതിന് അച്ചൻ അക്ഷീണം പരിശ്രമിച്ചിരുന്നു.

വൈദികനായതിനു ശേഷം ബി.എ, ബി.എഡ് പഠനങ്ങൾ പ്രൈവറ്റായി പൂർത്തിയാക്കി. 1980 മുതൽ 1983 വരെ നാലാഞ്ചിറ സർവ്വോദയ സ്കൂൾ മാനേജരായും 1986 മുതൽ സുദീർഘമായ കാലം പട്ടം സെന്റ് മേരീസ് പ്രസ് മാനേജരായും അച്ചൻ സേവനമനുഷ്ഠിച്ചു. സർവ്വോദയ സ്കൂളിലെ അന്നത്തെ വിദ്യാർത്ഥിനിയും ഇപ്പോൾ മാർ ഈവാനിയോസ് കോളേജിലെ വൈസ്പ്രിൻസിപ്പളുമായ ഡോ. ഷേർളി സ്റ്റുവർട്ട്, തന്റെ ബാല്യത്തെ വളരെയധികം സ്വാധീനിച്ച ഊർജ്ജസ്വലനും കർമ്മനിരതനും തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അച്ചനെ ഇപ്പോഴും ഓർക്കുന്നു.

പട്ടം സെന്റ് മേരീസ് പ്രസിന് ഇന്നു കാണുന്ന ആധുനീകതയുടെ മാറ്റങ്ങൾ; വിശാലമായ കെട്ടിടം, പുതിയ പ്രിന്റിംഗ് പ്രസ് കൊണ്ടുവന്നതിന് തുടക്കം കുറിച്ചത് അച്ചനാണ്.

തിരുവനന്തപുരം അതിരൂപതയുടെ പി.ആർ.ഒ ആയി ദീർഘകാലം സേവനമനുഷ്ഠിച്ച അച്ചൻ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിശ്വസ്തത പുലർത്തിയ, എടുക്കുന്ന തീരുമാനത്തിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന, പറഞ്ഞ വാക്കിന് മാറ്റമില്ലാത്ത, പുറമെ കർക്കശക്കാരനാണെങ്കിലും ഉദാരമനസിന് ഉടമയായ, എല്ലാവരോടും നല്ല വ്യക്തിബന്ധം പുലർത്തിയിരുന്ന ഒരാളായിരുന്നുവെന്ന് തിരുവനന്തപുരം അതിരൂപത എം. സി.വൈ.എം പ്രസിഡന്റായിരുന്ന ഷാജി എസ്. മലയിൽ അനുസ്മരിക്കുന്നു.

നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിന്റെ ഡയറക്ടറായി 2007 മുതൽ അച്ചൻ സേവനം അനുഷ്ഠിച്ചു. റിന്യൂവൽ സെന്ററിനോട് ചേർന്നുള്ള ഗിരിദീപം കൺവെൻഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും അച്ചനാണ്. റിന്യൂവൽ സെന്റർ ഡയറക്ടറായിരുന്ന കാലയളവിൽ എം.സി.വൈ.എം ന്റെ വിവിധ പ്രോഗ്രാമുകൾ നടത്താൻ ഔദാര്യപൂർവ്വം റിന്യൂവൽ സെന്റർ വിട്ടുനൽകുകയും യുവജനങ്ങൾക്ക് എല്ലാ പ്രോത്സാഹനവും നൽകിയ ജോസിയച്ചന്റെ സ്നേഹമസൃണമായ പെരുമാറ്റം ഒരിക്കലും മറക്കാനാകില്ല എന്ന് സഭാതല സമിതി പ്രസിഡന്റായിരിക്കുന്ന ജിത്ത് ജോൺ അനുസ്മരിക്കുന്നു.

റിന്യൂവൽ സെന്റർ ഡയറക്ടർ ആയിരിക്കെ 2016 മാർച്ച്‌ 28 -ന് ‘സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടു കൂടെ കരയുവിന്‍’ (റോമാ 12:15) എന്ന പൗലോസ് ശ്ളീഹായുടെ വാക്കുകളെ ജീവിതത്തിൽ സ്വാംശീകരിച്ച അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മാതൃദേവാലയമായ പുത്തൻപീടിക മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഭൗതികശരീരം കബറടക്കിയിരിക്കുന്നു.

അച്ചന് ജോസഫ് ജോൺ കിഴക്കേതിൽ, ആലീസ് കുര്യൻ പാലക്കുന്നേൽ എന്നീ രണ്ട് സഹോദരങ്ങളുണ്ട്.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട് : ജോസഫ് ജോൺ കിഴക്കേതിൽ (അച്ചന്റെ സഹോദരൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.