മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 40

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

തിരുവനന്തപുരം നഗരത്തെ ഭരിച്ച പണിക്കരച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ബാബു പോൾ ഐ.എ.എസ്. പണിക്കരച്ചനെ വിശേഷിപ്പിച്ചത്, ‘മാർ ഈവാനിയോസ് കോളേജിന്റെ പ്രിൻസിപ്പളായിരുന്ന് അനന്തപുരിയെ തന്റെ വ്യക്തിപ്രാഭവത്തിലൂടെ ഭരിച്ച, ആജ്ഞാശക്തിയുള്ള അസാധാരണനായ പുരോഹിതശ്രേഷ്ഠൻ’ എന്നാണ്. തന്റെ വിദ്യാർത്ഥികളെയും അവരിലൂടെ അവരുടെ കുടുംബാംഗങ്ങളെയും അടുത്തറിയാവുന്ന അച്ചൻ അനുപമമായ ജീവിതത്തിലൂടെ അവരെ ഓരോരുത്തരെയും സ്വാധീനിച്ചു.

1953-ൽ ഇംഗ്ളീഷ് ലെക്ച്ചററായി മാർ ഈവാനിയോസ് കോളേജിൽ പ്രവേശിച്ച അച്ചൻ 1959-ൽ വൈസ് പ്രിൻസിപ്പളായും 1961 മുതൽ 1979 വരെ പ്രിൻസിപ്പളായും ഇന്ന് കാണുന്ന ഔന്നത്യങ്ങളിലേക്ക് ഈ കലാലയത്തെ വളർത്തി. മുഖനോട്ടമില്ലാതെ എല്ലാവരേയും ഒന്നുപോലെ കരുതിയ അച്ചനെ വിദ്യാർത്ഥികളും അതുപോലെ സ്നേഹിച്ചു.

റവ. ഡോ. ഗീവർഗീസ് പണിക്കർ എന്ന പേര് കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന മൂന്നു ദശകങ്ങളിൽ കത്തോലിക്കാ സഭയിലും വിശിഷ്യ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലും ഏറെ മിന്നിത്തിളങ്ങുന്നതായിരുന്നു. തലസ്ഥാന നഗരിയിൽ എക്കാലവും തലയുയർത്തി നിന്നിരുന്ന മാർ ഈവാനിയോസ് കോളേജിന്റെ ശക്തിയുടെ പര്യായമായിരുന്നു ആ പേര്.

പൗരുഷത്തിന്റെ കാർക്കശ്യവും ഉദാരതയുടെ നൈർമ്മല്യവും അധീശത്വത്തിന്റെ ആർജ്ജവവും പൗരോഹിത്യത്തിന്റെ അഗ്നിസ്ഫുടതയും ഒത്തിണങ്ങിയ ഒരു ക്രാന്തദർശി. ശാന്തഗംഭീരമായ മുഖഭാവവും പ്രൗഢസാന്ദ്രമായ പുഞ്ചിരിയും കൂരമ്പ് പോലെ തറഞ്ഞുകേറുന്ന ആജ്ഞാശക്തിയും അദ്ദേഹത്തിന്റെ സവിശേഷതയാണ്.

വിഡ്ഢി ദിനമെന്ന് അപഖ്യാതിയുള്ള ഏപ്രിൽ 1, തന്റെ ജനനം കൊണ്ട് സ്മര്യപുരുഷൻ വിശേഷദിനമാക്കി മാറ്റി. 1924 ഏപ്രിൽ 1-ന് ആലപ്പുഴ ജില്ലയിൽ കാരിച്ചാലിൽ കിഴക്കേവീട്ടിൽ ശ്രീ. കെ.ജി. തോമസ് പണിക്കരുടെയും കല്ലൂപ്പാറ കൈതയിൽ ആച്ചിയമ്മ പണിക്കരുടെയും ഏഴു മക്കളിൽ സീമന്തപുത്രനായി ജനിച്ചു. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ കുടുംബാംഗം എന്ന ഭാഗധേയത്വം വലിയ ഒരു വ്യക്തികുലീനതയുടെ തായ്വേരായി കരുതണം.

കാരിച്ചാൽ വാഴത്താറ്റ് പ്രൈമറി സ്കൂൾ, കരുവാറ്റ St. James English Medium UP സ്കൂൾ, NSS HS എന്നിവിടങ്ങളിൽ പഠനം നടത്തി. ഹൈസ്ക്കൂളിൽ പ്രധാന അധ്യാപകനായിരുന്ന കൈനിക്കര കുമാരപിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നത് ഭാഗ്യമായി അദ്ദേഹം കരുതിയിരുന്നു.

ഐക്യത്തിന്റെ പ്രവാചകനായ മാർ ഈവാനിയോസ് പിതാവിന്റെ ജീവിതരീതിയിൽ ആകൃഷ്ടനായി 1940-ൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. മാർ ഈവാനിയോസ് പിതാവിന്റെ ശിക്ഷണത്തിൽ സുറിയാനിയും ആരാധനക്രമവും അഭ്യസിച്ചു. അതോടൊപ്പം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷിൽ BA ഹോണേഴ്സ് ബിരുദം നേടി. സിലോൺ കാൻഡി പേപ്പൽ സെമിനാരിയിൽ വൈദികപഠനവും ധനതത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും MA ഡിഗ്രിയും നേടി. 1949 ആഗസ്റ്റ് 24-ന് കാൻഡിയിൽ വച്ച് പൗരോഹിത്വം സ്വീകരിച്ചു. 1955-ൽ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയി. 1958-ൽ വാഷിംഗ്ടൺ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.

തീക്ഷ്ണമതിയായ ഒരു മിഷനറിയായ പണിക്കരച്ചൻ, കോളേജ് പ്രിൻസിപ്പൾ എന്ന തിരക്കുകൾക്കിടയിലും കന്യാകുമാരി മുതൽ ആങ്ങമൂഴി വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ തിരുവനന്തപുരം അതിരൂപതയുടെ വിവിധ പള്ളികളിൽ വികാരിയച്ചന്മാരെ സഹായിക്കുന്നതിനായി എല്ലാ ഞായറാഴ്ചകളിലും കടന്നുചെന്നിരുന്നു. ആരും ആവശ്യപ്പെടാതെ തന്നെ ഈ ആഴ്ച എവിടേക്കാണ് പോകേണ്ടത് തെന്ന് അറിഞ്ഞ് മനസ്സിലാക്കി പോകാൻ സന്നദ്ധനായിരുന്നു അദ്ദേഹം.

കോളേജ് ജീവിതത്തിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ആലുവ മംഗലപ്പുഴ St. Joseph’s സെമിനാരി റെക്ടറായി 6 വർഷം (1979-1985) ചുമതല വഹിച്ചു. കേരള കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളിലെയും വൈദികവിദ്യാർത്ഥികരെ പരിശീലിപ്പിച്ചിരുന്ന സെമിനാരിയുടെ റെക്ടറായിരുന്ന അച്ചൻ, വൈദിക പരിശീലനത്തെയും വൈദികാർത്ഥികളുടെ ജീവിതത്തെയും അടിമുടി നവീകരിച്ചു. ഏത് വിഷയവും പഠിച്ച് അതിനെ സംബന്ധിച്ച് ക്ളാസ്സുകൾ നയിക്കാനും പ്രസംഗങ്ങൾ എടുക്കാനും അച്ചന് സാധിച്ചിരുന്നു. വൈദികർക്ക് ധ്യാനം നൽകിയിരുന്ന അറിയപ്പെടുന്ന ഒരു ധ്യാനഗുരു കൂടിയായിരുന്നു പണിക്കരച്ചൻ.

മലങ്കര സഭയുടെ തനതായ വൈദിക പരിശീലനകേന്ദ്രമെന്ന നാളുകളായുള്ള ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം സമാരംഭിച്ച സെൻ്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടറായി 1985-ൽ ചുമതലയേറ്റു. മലങ്കരയുടെ അഭിമാനമായി സെമിനാരി ഇന്നു മാറിയെങ്കിൽ അതിന് തുടക്കം കുറിച്ചവരിൽ  ഒരാൾ പണിക്കരച്ചനായിരുന്നു.

സുറിയാനി ഭാഷാ പഠനകേന്ദ്രമായ കോട്ടയം സീരിയിൽ (SEERI) 1988 മുതൽ 2005 വരെ 18 വർഷം ഡീൻ ഓഫ് സ്‌റ്റഡീസായും സുറിയാനി ഗവേഷകനായും നിരവധി പേർക്ക് ഗൈഡായും പ്രവർത്തിച്ചു.

നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള അച്ചന്റെ ഏറെ ശ്രദ്ധേയമായ ഗവേഷണ ഗ്രന്ഥങ്ങളാണ് “A Historical Introduction of Syriac Liturgy (1989), The Church in the Syriac Tradition (1990) എന്നിവ.

ആരോഗ്യകാരണത്താൽ വിശ്രമജീവിതത്തിലായിരുന്ന പണിക്കരച്ചൻ പെരുമ്പുഴ അസ്സീസി ആശുപത്രിയിൽ വച്ച് 2008 ഡിസംബർ 28-ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തന്റെ മാതാപിതാക്കളുടെ അരികിലായി സംസ്കരിക്കപ്പെടണമെന്ന ആഗ്രഹത്തിനനുസരിച്ച് അദ്ദേഹത്തിന്റെ മൃതദേഹം, പറന്തൽ മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്കരിച്ചു.

മലങ്കര സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വൈദികരിലൊരാളായി പണിക്കരച്ചൻ എന്നും പ്രശോഭിക്കുന്നു. തന്റെ വിദ്യാർത്ഥികളിലൂടെ, പരിശീലിപ്പിച്ച വൈദികരിലൂടെ, രചിച്ച അമൂല്യമായ ഗ്രന്ഥങ്ങളിലൂടെ…

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: സന്തോഷ് സഖറിയാ പണിക്കർ (സഹോദര പുത്രൻ), EM ഗീവർഗീസ് ചന്ദനപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.