മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 36

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു.

മലയോര മണ്ണിൽ സുവിശേഷദീപം തെളിച്ച വാഴപ്പിള്ളേത്ത് ജോസഫച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

1905 സെപ്റ്റംബർ 21-ന് വടശ്ശേരിക്കര വാഴപ്പിള്ളേത്ത് ഗീവറുഗീസിന്റെയും മറിയാമ്മയുടെയും ഇളയ മകനായി പൊടിക്കുഞ്ഞ് ജനിച്ചു. മാമ്മോദീസയിൽ ജോസഫ് എന്ന പേര് വിളിക്കപ്പെട്ടു. ആറ് സഹോദരങ്ങളും രണ്ടു സഹോദരികളും അടങ്ങിയ വലിയ കുടുംബം.

പ്രാഥമിക വിദ്യാഭ്യാസം വടശ്ശേരിക്കരയിലും ഹൈസ്‌കൂൾ പഠനം കൊട്ടാരക്കരയിലെ സാൽവേഷൻ ആർമി സ്കൂളിലും ആയിരുന്നു. പഠനത്തിൽ സമർത്ഥനായിരുന്ന ജോസഫിൽ, ഒരു വൈദികനാകണമെന്നും വിവാഹം കഴിക്കാതെ ദയറാ പട്ടക്കാരൻ ആകണമെന്നുമുള്ള ആഗ്രഹം ബാല്യത്തിലെ രൂപപ്പെട്ടിരുന്നു. ഹൈസ്കൂൾ പഠനത്തിനുശേഷം പെരുനാട്ടിലെ മുണ്ടൻമലയിൽ സ്ഥാപിതമായ ബഥനി ആശ്രമത്തിൽ ഫാ. പി.റ്റി. ഗീവർഗീസിന്റെ (ദൈവദാസൻ മാർ ഈവാനിയോസ്) ശിക്ഷണത്തിൽ വൈദികപഠനം ആരംഭിച്ചു. തുടർന്ന് പരുമല സെമിനാരിയിൽ ചേർന്ന് പഠനം പൂർത്തിയാക്കി. 1934 മെയ് 24-ന് നിരണം ഭദ്രാസനത്തിന്റെ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയിൽ (പിതാവ് പിന്നീട് കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്പ്പെട്ട് തിരുവല്ല രൂപതയുടെ മെത്രാപ്പോലീത്തയായി) നിന്ന് ശെമ്മാശ്ശ പട്ടവും ജൂൺ 7-ന് വൈദികപട്ടവും സ്വീകരിച്ചു.

1934 മുതൽ 1947 വരെയുള്ള 13 വർഷത്തെ യാക്കോബായ സഭയിലെ വൈദികശുശ്രൂഷയ്ക്കിടയിൽ മംഗലം, തലച്ചിറ, കാട്ടൂർ, പൊന്നമ്പ്, തുമ്പമൺ മുതലായ കേരളത്തിലെ ഇടവകകളിലും തമിഴ്‌നാട്ടിലെ ഡിൻഡിഗൽ, തൃശ്ശിനാപ്പള്ളി, ചെമ്പട്ടി പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചു. അതോടൊപ്പം തന്നെ നിരവധിയായ സാമൂഹികപ്രവർത്തനങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശ്ശിനാപ്പള്ളിയിലെ ശുശ്രൂഷാക്കാലത്ത് ഈശോസഭാ വൈദികരുമായും വിദേശ മിഷിനറിമാരുമായുള്ള അടുത്ത സമ്പർക്കം ശിഷ്യരിൽ പ്രധാനി പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്ക സഭയെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും കാതോലികവും ശ്ളൈഹീകവും ഏകവും വിശുദ്ധവുമായ സഭയെന്ന് വിശ്വാസപ്രമാണത്തിൽ ആവർത്തിച്ച് പ്രാർത്ഥിക്കുന്ന സത്യസഭ ഏതാണെന്ന ബോധ്യത്തിലെത്തുകയും തന്റെ ഗുരുഭൂതനായിരുന്ന മാർ ഈവാനിയോസ് പിതാവിന്റെ പാത പിന്തുടർന്ന് കത്തോലിക്കാ സഭയെ ആശ്ലേഷിക്കാനുമുള്ള തീരുമാനത്തിൽ എത്തിച്ചേരുകയും ചെയ്തു.

1947 ജൂണിൽ സ്വദേശത്ത്‌ തിരിച്ചെത്തിയ ജോസഫ് അച്ചൻ ജൂലൈ 7-ന് മൈലപ്ര ദേവാലയത്തിൽ വച്ച് വന്ദ്യ ചേപ്പാട്ട് ഫിലിപ്പോസ് റമ്പാച്ചന്റെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തി കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. അടുത്ത ദിവസം ജൂലൈ 8-ന് വടശ്ശേരിക്കര കത്തോലിക്കാ ദേവാലയത്തിൽ വച്ച് ജോസഫ് അച്ചന്റെ സാന്നിധ്യത്തിൽ വന്ദ്യ ചേപ്പാട്ട് ഫിലിപ്പോസ് റമ്പാച്ചന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അച്ചന്റെ സഹോദരങ്ങളും കുടുംബാംഗങ്ങൾ എല്ലാവരും കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ട് വടശ്ശേരിക്കര ഇടവക കൂട്ടായ്മക്ക് പുത്തൻ ഉണർവ്വായി മാറി. അച്ചന്റെയും കുടുംബാംഗങ്ങളുടെയും പാത പിന്തുടർന്ന് അനേകർ ഇടവകയിലേയ്ക്ക് കടന്നുവന്നു.

തിരുവനന്തപുരം അതിരൂപതയിൽ വൈദികനായി 1947 മുതൽ 1967 വരെയുള്ള 20 വർഷത്തെ സേവനത്തിനിടയിൽ പിറവന്തൂർ, നരിക്കൽ, അതിരുങ്കൽ, ശൂരനാട്, ചിറ്റാർ, റാന്നി-പെരുനാട്, വടശ്ശേരിക്കര, ഇലന്തൂർ മുതലായ ഇടവകകളിൽ നിരവധിയായ ശുശ്രൂഷകളിലേർപ്പെട്ടു. ഇക്കാലയളവിൽ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടുന്നവർക്കുവേണ്ടി പുതിയ ഇടവകകൾ സ്ഥാപിക്കുവാൻ മുൻകൈ എടുത്തിരുന്നു. ചിറ്റാറിൽ ശുശ്രൂഷ ചെയ്യുമ്പോഴാണ് വയ്യാറ്റുപുഴക്കു സമീപം കുളങ്ങരവാലിയിൽ പുതിയ ഇടവക ആരംഭിക്കുന്നത്. അത് പിൽക്കാലത്ത് വയ്യാറ്റുപുഴയിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അതുപോലെ സീതക്കുഴി ഇടവകയും കൊച്ചുകോയിക്കൽ ഇടവകയും സംയോജിപ്പിച്ച് സീതത്തോടിന്റെ ഹൃദയഭാഗത്ത്‌ കത്തോലിക്കാ ദേവാലയത്തിനു തുടക്കം കുറിച്ചത് ജോസഫ് അച്ചനെന്ന ധീരനായ മിഷനറിയായിരുന്നു. അതിരുങ്കൽ ഇടവക വികാരി ആയിരുന്ന കാലത്ത്‌ വാഴപ്പിള്ളേത്ത് അച്ചൻ ആരംഭിച്ചതാണ് മുറിഞ്ഞകൽ പള്ളി.

കിഴക്കൻ മേഖലകളിലെ ദേവാലയങ്ങളിൽ എത്തിച്ചേരുവാൻ നല്ല റോഡുകളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാലയളവിൽ വന്യമൃഗങ്ങളിൽ നിന്നുള്ള ഉപദ്രവവും യാത്രാക്ലേശവും വകവയ്ക്കാതെ ഈ പ്രദേശങ്ങളിലെല്ലാം കാൽനടയായി ചുറ്റിനടന്ന്‌ വിശ്വാസ സമൂഹത്തെ സന്ദർശിച്ചിരുന്നതും അവർക്കുവേണ്ടി കൂദാശ പരികർമ്മം ചെയ്തിരുന്നതും വിശ്വാസത്തിൽ അനേകരെ ബലപ്പെടുത്തിയതും പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. വിവിധയിടങ്ങളിൽ നിന്നായി കുടിയേറിയ ഒരു ജനസമൂഹത്തെ അരക്ഷിതാവസ്ഥയിൽ നിന്നും ജീവിതപ്രതിസന്ധികളിൽ നിന്നും കരകയറ്റുവാൻ ജോസഫച്ചനെപ്പോലുള്ള മിഷനറിമാർ ഏറ്റെടുത്ത ത്യാഗങ്ങളുടെ നന്മകളാണ് ഇന്ന് നാം അനുഭവിക്കുന്നത്.

ആരോഗ്യം വകവയ്ക്കാതെ ശുശ്രൂഷകളിൽ വ്യാപൃതനായിരുന്ന അച്ചനെ കരൾസംബന്ധമായ അസുഖത്തെ തുടർന്ന് 1967 സെപ്റ്റംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അച്ചൻ ആവശ്യപ്പെട്ടപ്രകാരം, ഒക്ടോബർ 9-ന് സുബോധത്തോടെ കന്തീലാ ശുശ്രൂഷ (രോഗീലേപനം) സ്വീകരിച്ചു. ത്യാഗോജ്ജ്വലമായ തന്റെ ജീവിതത്തിലൂടെ അനേകം പേർക്ക് മുപ്പത്തിമൂന്ന് വയസ്സുകാരൻ നസ്രായൻ ക്രിസ്തുവിനെ പകർന്നുകൊടുത്ത ആ പുരോഹിതശ്രേഷ്ഠൻ തന്റെ മുപ്പത്തിമൂന്നു വർഷത്തെ വൈദികജീവിതത്തിനൊടുവിൽ 1967 ഒക്ടോബർ 10-ന് അറുപത്തിരണ്ടാം വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വടശ്ശേരിക്കര സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയോടു ചേർന്ന് (പഴയ പള്ളി) പ്രത്യേകം തയ്യാറാക്കിയിരുന്ന കല്ലറയിൽ അച്ചനെ സംസ്കരിച്ചു. 2016-ൽ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്‌റ്റം തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വൈദികർക്കുവേണ്ടി പുതിയതായി നിർമ്മിച്ച കപ്പേളയിലേയ്ക്ക് അച്ചന്റെ ഭൗതീകാവശിഷ്ടം പ്രത്യേകം പെട്ടിയിലാക്കി മാറ്റി സ്ഥാപിച്ചു.

വാഴപ്പിള്ളേത്ത് വല്യച്ചന്റെ ജീവിതമാതൃകയുടെ അനുകരണീയത പിൻപറ്റി കുടുംബത്തിൽ നിന്നും അനേകം ശ്രേഷ്ഠമായ ദൈവവിളികളുണ്ടായി. സഹോദരപുത്രനായ മാത്യൂസ് വാഴപ്പിള്ളേത്ത് റമ്പാനും സഹോദരപുത്രിയായ സി. മേരി ജോസ്ന PCPA-യും സ്തുത്യർഹമായ സഭാശുശ്രൂഷയ്ക്കുശേഷം സ്വർഗ്ഗീയസമ്മാനത്തിനായി യാത്രയായി. സഹോദരപൗത്രനായ ജോഷി വാഴപ്പിള്ളേത്ത് അച്ചൻ പത്തനംതിട്ട ഭദ്രാസന അംഗമായി ശുശ്രൂഷ ചെയ്യുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ചെറിയാൻ വാഴപ്പിള്ളേത്ത് (സഹോദരപുത്രൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.