മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 35

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു

വിശ്വാസപരിശീലനത്തെ പ്രോജ്ജ്വലമാക്കിയ മത്തായി മലഞ്ചരുവിൽ അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഏറ്റവുമധികം വൈദികരെയും സന്യസ്തരെയും സമ്മാനിച്ച കുടുംബമെന്ന ഖ്യാതിയുള്ള ഉള്ളന്നൂർ മലഞ്ചരുവിൽ വീട്ടിൽ എം.വി. മത്തായിയുടെയും ഏലിയാമ്മയുടെയും പതിനൊന്നു മക്കളിൽ രണ്ടാമനായി 1925 നവംബർ 13-ന് മത്തായി ജനിച്ചു. അദ്ധ്യാപകനായ പിതാവ് മലഞ്ചരുവിൽ മത്തായി സാർ പുനരൈക്യപ്രസ്ഥാനത്തിന്റെ ആരംഭകാലങ്ങളിൽ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ സന്തതസഹചാരിയായി സഭയെ പടുത്തുയർത്താൻ അക്ഷീണം പരിശ്രമിച്ചപ്പോൾ അമ്മയായ ഏലിയാമ്മ ഗാർഹികസഭയായ കുടുംബത്തെ പണിതുയർത്തി, മക്കളെ ദൈവാശ്രയബോധത്തിൽ വളർത്തി. അതിനാൽ തന്നെ ആൺമക്കളിൽ മൂന്നു പേരെയും (ഫാ. ജോർജ് മലഞ്ചരുവിൽ, മലങ്കര സഭയുടെ ആദ്യ കാതോലിക്കാ ബാവയായ സിറിൾ ബസേലിയോസ് തിരുമേനി) പെൺമക്കൾ നാലു പേരെയും (സി. ഹെലേന, സി. ബെർക്കുമാൻസ്, സി. യൂജീനിയ, സി. ഫെലീഷ്യ) സഭാശുശ്രൂഷയ്ക്കായി നൽകാൻ ഈ കുടുംബത്തിനായി.

മെഴുവേലി പദ്മനാബോധയം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ജ്യേഷ്ഠസഹോദരനായ ജോർജ് അച്ചന്റെ പാത പിന്തുടർന്ന് മത്തായി വൈദികജീവിതം തെരഞ്ഞെടുത്തു. പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലെ പരിശീലനത്തിനുശേഷം മാംഗ്ലൂർ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1954 ഏപ്രിൽ 6-ന് വൈദികപട്ടം സ്വീകരിച്ചു.

തിരുവല്ലം, തുമ്പമൺ, അരുവിക്കര, പാളയം, വിതുര, കഴക്കൂട്ടം തുടങ്ങി വിവിധ ദേവാലയങ്ങളിൽ അച്ചൻ ശുശ്രൂഷ ചെയ്തു. മാർത്താണ്ഡം പ്രദേശത്ത് സഭാസേവനത്തിലേർപ്പെട്ട അച്ചൻ തിരുവനന്തപുരം മിഷന് ജില്ലാ വികാരിയായി നേതൃത്വം നൽകിയ കാലത്ത് തിരുവനന്തപുരത്തും തെക്കൻ പ്രദേശങ്ങളിലും നിരവധി മിഷനുകൾ സ്ഥാപിക്കാനും വളർത്തുവാനും മുൻകൈയെടുത്തു.

“ശൈശവത്തില്‍ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ദ്ധക്യത്തിലും അതില്‍ നിന്നു വ്യതിചലിക്കുകയില്ല” (സുഭാ 22:6). ഈ ബൈബിൾ വചനത്തെ മുറുകെപ്പിടിച്ച് വിശ്വാസപരിശീലകനായി പ്രവർത്തിച്ച അച്ചൻ തിരുവനന്തപുരം അതിരൂപതാ സൺ‌ഡേ സ്കൂൾ ഡയറക്ടറായി രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത കാലഘട്ടത്തിൽ വിശ്വാസപരിശീലന കാര്യാലയത്തിന് ഒരു ആസ്ഥാനം കുറവൻകോണത്ത് ക്രമീകരിക്കുന്നതിനും മലങ്കര ബാലൻ മാസികയിലൂടെ വിശ്വാസജീവിതത്തെയും സർഗ്ഗവാസനകളെയും പരിപോഷിപ്പിക്കാനും ശ്രദ്ധിച്ചു.

മലങ്കര വേദോപദേശ പാഠാവലി എന്ന പേരിൽ ഉപപാഠപുസ്തകം പ്രസിദ്ധീകരിച്ച അച്ചൻ വിവിധങ്ങളായ പരിശീലനകളരികൾ മതബോധന അദ്ധ്യാപകർക്കായും വിദ്യാർത്ഥികൾക്കായും ക്രമീകരിക്കുകയും സ്കൂൾ വിദ്യാഭ്യാസ മാതൃകയിൽ സൺഡേ സ്കൂൾ പരീക്ഷയും കലാ-കായികമത്സരങ്ങളും നടത്തുകയും ചെയ്തു. തിരുവനന്തപുരം അതിരൂപതയിൽ ഇദംപ്രദമായി കുഞ്ഞുങ്ങൾക്കായി അവധിക്കാല പരിശീലന ക്ലാസ്സുകൾ (BOC) ആരംഭിച്ചു. മിഷൻ പ്രദേശങ്ങളിൽ വൈദികരെ സഹായിച്ചിരുന്ന ഉപദേശിമാർക്കായി എല്ലാ മാസവും ബൈബിധിഷ്ഠിത ക്ളാസ്സുകളും തുടർപരിശീലനങ്ങളും അച്ചൻ ക്രമീകരിച്ചിരുന്നു.

പട്ടം സെന്റ് മേരീസ്‌ പ്രസ് മാനേജരായി ദീർഘകാലം സേവനം ചെയ്ത അച്ചൻ, സഭയുടെ മുഖപത്രമെന്ന പേരിലറിയപ്പെട്ടിരുന്ന ‘ക്രൈസ്തവ കാഹളം’ മാസികയും സഭാപ്രസിദ്ധീകരണങ്ങളും പ്രാർത്ഥനാ പുസ്തകങ്ങളും മുടക്കം കൂടാതെ പ്രസിദ്ധീകരിക്കാൻ ശ്രദ്ധിച്ചിരുന്നു.

പൗരോഹിത്യ ശുശ്രൂഷയിലുടനീളം വിവിധങ്ങളായ വേദികളിൽ വ്യാപൃതനായിരുന്ന ഈ കർമ്മോജ്ജ്വല ജീവിതം 1989 ഏപ്രിൽ 2-ന് നിര്യാതനായി. ജന്മമെടുത്ത ഉള്ളന്നൂരിന്റെ മണ്ണിൽ, സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ മലങ്കര സഭയുടെ വിശ്വസ്തനായ ഈ വിശ്വാസപരിശീലകൻ
കബറടങ്ങിയിരിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ജോൺ മത്തായി IAS (സഹോദരൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.