മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 34

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു

മിതഭാഷിയും കർമ്മനിരതനുമായ ജോർജ് മലഞ്ചരുവിൽ അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

“ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; വിശുദ്ധ തൈലം കൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്‌തു” (സങ്കീ. 89:20). പ്രവാചകനും രാജാവുമായ ദാവീദിനെക്കുറിച്ച് സങ്കീർത്തകൻ എഴുതിയിരിക്കുന്നതുപോലെ ദൈവവിളിയാൽ അനുഗ്രഹീതമായ മലഞ്ചരുവിൽ കുടുംബത്തിൽ നിന്ന് ആദ്യം അഭിഷേകം സ്വീകരിച്ച പുരോഹിതനാണ് ജോർജച്ചൻ. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ കർമ്മനിരതമായ ശുശ്രൂഷാജീവിതത്തിൽ താങ്ങും തണലുമായിരുന്ന മലഞ്ചരുവിൽ മത്തായി സാറിന്റെയും സഹധർമ്മിണി ഏലിയാമ്മയുടെയും കടിഞ്ഞൂൽ പുത്രനായി 1924 ജനുവരി 25-ന് ജനിച്ചു. കുളനട സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും കറ്റാനം പോപ്പ് പയസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.

തങ്ങളുടെ മക്കളെയെല്ലാം ദൈവപ്രീതിയിൽ വളർത്താൻ മാതാപിതാക്കൾ സവിശേഷശ്രദ്ധ വച്ചിരുന്നു. മാതാപിതാക്കളിൽ നിന്നു ലഭിച്ച വിശ്വാസത്തെ മുറുകെപ്പിടിച്ച് ഒരു പുരോഹിതനായി ശുശ്രൂഷ ചെയ്യുന്നതിനായിരുന്നു ജോർജിന് താൽപര്യം. കുടുംബത്തിലെ മൂത്ത മകന്റെ ആഗ്രഹത്തിന് മാതാപിതാക്കളും എതിരു നിന്നില്ല. മാർ ഈവാനിയോസ് പിതാവിനോടൊപ്പം താമസിച്ച് മൈനർ സെമിനാരി പഠനം നടത്തി. തുടർന്ന് മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി 1950 ജൂൺ 18-ന് പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു; ജൂൺ 19-ന് പട്ടം സെമിനാരിയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.

അജ്മീർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. ബിരുദം നേടി മാർ ഈവാനിയോസ് കോളേജിൽ ബർസാറായും ഹോസ്റ്റൽ വാർഡനായും ആദ്യ പ്രിൻസിപ്പളായ ബനഡിക്ട് അച്ചനൊപ്പം (ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവ്) സേവനം ആരംഭിച്ചു. തുടർപഠനത്തിനായി അമേരിക്കയിലേയ്ക്കു പോകുകയും ന്യൂയോർക്കിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടുകയും ചെയ്തു.

അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെയും തുടർന്ന് മാർ ഈവാനിയോസ് കോളേജിന്റെയും പ്രിൻസിപ്പലായി, 1984-ൽ റിട്ടയർ ചെയ്തു. തുടർന്ന് 1985-ൽ അന്നൈ വേളാങ്കണ്ണി കോളേജിന്റെ പ്രിൻസിപ്പലായി. പിന്നീട് മലങ്കര മേജർ സെമിനാരിയിൽ പ്രൊഫസറായും ആധ്യാത്മിക പിതാവായും സേവനം ചെയ്തു.

മാർ ഈവാനിയോസ് കോളേജിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സ്തുത്യർഹമായ സംഭാവന ചെയ്ത അച്ചനാണ് 1984-ൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിന് തുടക്കം കുറിക്കുന്നതും. മാർ ഗ്രിഗോറിയോസ് ഗാർമെൻസിന്റെ അമരക്കാരനായി സ്തുത്യർഹ സേവനം ചെയ്ത അച്ചൻ ദീർഘകാലം തിരുവനന്തപുരം അതിരൂപതാ പ്രെസ്ബിറ്ററൽ കൗൺസിലിലും എഡ്യുക്കേഷണൽ ബോർഡിലും അംഗമായിരുന്നു.

മിതഭാഷിയും അതേസമയം കർമ്മനിരതനും അടിയുറച്ച സഭാസ്നേഹിയുമായ അച്ചന്റെ അനുഗ്രഹീതപാത പിന്തുടർന്ന് സഹോദരങ്ങൾ രണ്ട് പേരും – ഫാ. മത്തായി മലഞ്ചരുവിൽ, സിറിൾ ബസേലിയോസ് കാതോലിക്കാ ബാവ – സഹോദരിമാർ നാല് പേരും – സി. ഹെലേന, സി. ബെർക്കുമാൻസ്, സി. യൂജീനിയ, സി. ഫെലീഷ്യ – തുടർന്ന് ഉള്ളന്നൂർ, പന്തളം പ്രദേശത്തു നിന്ന് അനേകർ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ച് വൈദിക – സന്യസ്തജീവിതത്തിലേയ്ക്ക് കടന്നുവന്നു.

നിലമേൽ, കഴക്കൂട്ടം, പോത്തൻകോട്, പൗഡികോണം, അഞ്ചൽ, ഉള്ളിയാഴിത്തുറ, കല്ലയം, സുസൈപുരം എന്നീ ഇടവകകളുടെ വികാരിയുമായി സേവനം ചെയ്തു. തിരുവനന്തപുരം മേജർ സെമിനാരിയിൽ സേവനം ചെയ്യുന്നതിനിടയിൽ രോഗബാധിതനായി, 1994 ഡിസംബർ 22-ന് നിര്യാതനായി. ഉള്ളന്നൂർ ദേശത്തിന്റെ വൈദികസംസ്ക്കാരത്തിന് തുടക്കം കുറിച്ച അച്ചനെ ഉള്ളന്നൂർ മലങ്കര കത്തോലിക്ക പള്ളിയിൽ കബറടക്കി.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ജോൺ മത്തായി IAS (സഹോദരൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.