മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 21

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു.

പഞ്ചായത്ത് പ്രസിഡന്റായ പുരോഹിതൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

“ഇസ്രായേല്‍ ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്മാര്‍ ജോര്‍ദാന്റെ മധ്യത്തില്‍ വരണ്ട നിലത്തു നിന്നു. സര്വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു” (ജോഷ്വ 3:17).

കുത്തിയൊഴുകുന്ന നദിയിലേയ്ക്ക് സധൈര്യം ആദ്യം ചുവടു വയ്ക്കേണ്ടത് പുരോഹിതന്റെ പാദങ്ങളാണ്. ജനത്തെ ശാദ്വലഭൂമികയിലേയ്ക്ക് നയിക്കേണ്ടവന് പാദങ്ങൾ പുറകിലേയ്ക്ക് വലിക്കാനാകില്ല. പ്രതികൂലങ്ങളെ ദൈവാശ്രയത്തോടെ അനുകൂലമാക്കിയ ഒരു ഇടയനെ പരിചയപ്പെടാം…

പള്ളിയിലെ ആരാധനാശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കുക, ഇടവകയ്ക്ക് നേതൃത്വം നൽകുക എന്നതൊക്കെയാണ് വികാരിയുടെ ശുശ്രൂഷ. അതിനൊക്കെ അപ്പുറത്തേയ്ക്ക് തന്റെ ദേശത്തിന്റെ മുഴുവൻ പുരോഗതിയ്ക്കായി അക്ഷീണം അദ്ധ്വാനിച്ച, നാടിന്റെ വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച ഇടയനാണ് മൈലപ്രാ തെങ്ങുംതറ മേടയിൽ ഫാ. എ.ജി. ഏബ്രഹാം.

മൈലപ്ര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന അച്ചൻ, മൈലപ്രയിലെ പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്കൂളുകൾ, സഹകരണസംഘം തുടങ്ങിയവയെല്ലാം ആരംഭിച്ചു. സഞ്ചാരയോഗ്യമായ നിരവധി റോഡുകൾ, കലുങ്കുകൾ, ദേശത്തിന്റെ വൈദ്യുതീകരണം, ഡിസ്പെൻസറി, വൈദ്യശാല, സ്വയംതൊഴിൽ കണ്ടെത്തൽ പരിശീലനകേന്ദ്രങ്ങൾ ഇങ്ങനെ അച്ചന്റെ കൈയ്യെത്താത്ത മേഖലകളില്ല. പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിൽ നിന്ന് മൈലപ്ര പള്ളിപ്പടിയിലേയ്ക്കുള്ള റോഡ് അച്ചന്റെ സംഘാടനമികവിൻ്റെ മറ്റൊരു ഉദാഹരണമാണ്.

റേഷൻകട, തുണിക്കട ഇവയെല്ലാം അച്ചന്‍ ആരംഭിച്ച മൈലപ്ര സംഘത്തിന്റെ കീഴിലുണ്ടായിരുന്നു. ഏക്കറു കണക്കിന് വനഭൂമി, കൃഷി ചെയ്യാനായി പാട്ടത്തിനെടുത്ത് ആളുകളെ ഒരുമിച്ചുകൂട്ടി കൃഷി ചെയ്ത് പാവപ്പെട്ട മനുഷ്യർക്ക് വരുമാനമാർഗ്ഗങ്ങൾ നൽകിയിരുന്നു. നാടിനായി സ്വജീവിതം സമർപ്പിച്ച ആ ഇടയൻ ദേശത്തിന്റെ പേരിൽ ‘മൈലപ്ര അച്ചൻ’ എന്ന നാമത്താൽ പ്രഖ്യാതനായി.

1901 ഒക്ടോബർ 17-ന് ഫാ. റ്റി.ജി. എബ്രഹാം – മറിയാമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമനായി ഏബ്രഹാം ജനിച്ചു. ദൈവവിളിയാൽ അനുഗ്രഹിക്കപ്പെട്ട തെങ്ങുംതറ കുടുംബത്തിലെ അന്തരീക്ഷം, പുരോഹിതനായി കർത്താവിന് തന്നെത്തന്നെ സമർപ്പിക്കണമെന്നുള്ള ചിന്ത ആ ബാലനിൽ രൂഢമൂലമാക്കി. സ്വപിതാവും പിതാമഹനും അങ്ങനെ തലമുറകളോളം പൗരോഹിത്യവൃത്തിയിലായിരുന്ന കുടുംബാംഗമായതിനാൽ പള്ളിയോട് ചേർന്നുതന്നെയായിരുന്നു ബാല്യം.

പത്തനംതിട്ടയിലും മൈലപ്രയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കുണ്ടറയിലും കോട്ടയം പഴയ സെമിനാരിയിലുമായി വൈദികപരിശീലനം നടത്തി. 1926 ആഗസ്റ്റ് 31-ന് കുണ്ടറ സെമിനാരിയിൽ വച്ച് ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച് സെപ്റ്റംബർ 18-ന് മാതൃ ഇടവകയായ മൈലപ്ര പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു.

മൈലപ്ര, കുമ്പഴ, തോട്ടമൺ, മണ്ണാറകുളഞ്ഞി, കടമ്മനിട്ട എന്നിവിടങ്ങളിലെ ഓർത്തഡോക്സ് പള്ളികളിൽ 1927 മുതൽ 1935 വരെ സേവനമനുഷ്ഠിച്ചു.

പുത്തൻപീടികയിലെ പീടികയിൽ ഗീവർഗീസ് അച്ചനുമായുള്ള അടുപ്പം കത്തോലിക്കാ സംസർഗ്ഗത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചു. നിരന്തര പഠനത്തിന്റെയും പ്രാർത്ഥനയുടെയും ഒടുവിൽ 1935 ജൂലൈ 20-ന് മാർ ഈവാനിയോസ് പിതാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്യപ്പെട്ടു. 150-ൽ പരം കുടുംബങ്ങൾ അച്ചനോടൊപ്പം കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്യപ്പെട്ടു.

മൈലപ്ര, മണ്ണാറകുളഞ്ഞി, വല്യേന്തി, മേക്കൊഴൂർ, ഉതിമൂട്, തോട്ടമൺ, വടശ്ശേരിക്കര, പെരുനാട് , ഏറത്തുമ്പമൺ, വലഞ്ചുഴി, മുട്ടത്തുകോണം, പുതുശ്ശേരിമല, പമ്പുമല തുടങ്ങി 27-ൽ പരം പള്ളികളിൽ 1935 മുതൽ വികാരിയായി ശുശ്രൂഷ ചെയ്തു.

മാർ ഈവാനിയോസ് പിതാവുമായും മാർ ഗ്രീഗോറിയോസ് പിതാവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അച്ചനെ, രൂപതയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾക്ക് തീരുമാനം എടുക്കുന്നതിനു മുമ്പ് ആലോചന ചോദിച്ചിരുന്നു. അച്ചന്മാരുടെ പ്രോവിഡന്റ് ഫണ്ട് രൂപീകരണവും ബൈലോയും ക്രമപ്പെടുത്തി എഴുതുന്നതിനും മലങ്കര സഭയുടെ തൂക്കാസാ, ഇടവക ഭരണനിബന്ധനകളുടെ ക്രോഡീകരണത്തിലും സഹായിച്ചിരുന്നു.

മൈലപ്ര പ്രദേശത്തിന്റെ ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിനായി അച്ചൻ സ്വജീവിതം ഉഴിഞ്ഞുവച്ചു. ശെമ്മാശ്ശനായിരിക്കുമ്പോൾ തന്നെ ആളുകളെ ഒരുമിച്ചുകൂട്ടി ഒരു സഹകരണസംഘം രൂപീകരിച്ചു. 1923-ൽ ആരംഭിച്ച പരസ്പര സഹായ സഹകരണസംഘം ഇന്ന് പത്തനംതിട്ട ജില്ലയിലെ കാർഷികരംഗത്തും വിപണനരംഗത്തും വ്യാപാര രംഗത്തും ചുവടുറപ്പിച്ച മൈലപ്ര സർവ്വീസ് സഹകരണ ബാങ്കായി വളർന്നിരിക്കുന്നു. സംഘം തുടങ്ങിയ നാൾ മുതൽ, അച്ചന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്ന കാലം വരെയും പ്രസിഡൻ്റായി നേതൃത്വം നൽകി.

മൈലപ്രയിലെയും സമീപപ്രദേശങ്ങളിലെയും ക്രൈസ്തവരെ ഒരുമിച്ചുകൂട്ടി ‘ഓൾ ക്രിസ്ത്യൻ മൂവ്മെൻ്റ്’ എന്ന പേരിൽ എക്യുമെനിക്കൽ കൂട്ടായ്മകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ക്രിസ്തുമസിനും മറ്റു വിശേഷാവസരങ്ങളിലും യോഗങ്ങൾ കൂടുകയും റാലികൾ ക്രമീകരിക്കുകയും ചെയ്തിരുന്നു.

മൈലപ്ര, മണ്ണാറക്കുളഞ്ഞി, വല്യേന്തി പ്രൈമറി സ്കൂളുകൾ, മൈലപ്രയിലെ യു.പി. ഹൈ സ്കൂൾ, ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂൾ ഇതെല്ലാം തുടക്കം കുറിച്ച് നടത്തിവന്നത് അച്ചനായിരുന്നു. അന്നത്തെ ഹൈസ്കൂൾ ഇന്ന് പത്തനംതിട്ട ജില്ലയിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂളുകളിലൊന്നായി വളർന്നിരിക്കുന്നു. തന്റെ സ്കൂളുകളെല്ലാം മലങ്കര സഭയ്ക്കായി അച്ചൻ വിട്ടുനൽകി.

നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി നാനാജാതി മതസ്ഥരായ ആളുകൾ അച്ചനോടൊപ്പം പ്രവർത്തിച്ചിരുന്നു. നാടിന് മുഴുവൻ സുസമ്മതനായിരുന്നതിനാൽ സ്വത്തു തർക്കം, അതിർത്തി പ്രശ്നം, കുടുംബപ്രശ്നം ഇവയിലെല്ലാം മദ്ധ്യസ്ഥത വഹിച്ച് തീർപ്പ് കല്പിക്കുന്നതിന് ആളുകൾ അച്ചനെ സമീപിച്ചിരുന്നു.

ഭൂദാനപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ ജയപ്രകാശ് നാരായണൻ 1954 ഒക്ടോബർ 2-ന് അച്ചന്റെ ഭവനത്തിലെത്തുകയും, അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ അച്ചൻ തന്റെ കുറെ ഭൂമി ദാനം ചെയ്ത് അതിനോട് സഹകരിക്കുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും അച്ചനെ സന്ദർശിച്ചിട്ടുണ്ട്.

ആത്മീയകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്ന അച്ചൻ ധ്യാനയോഗങ്ങളിലും കൺവെൻഷനുകളിലും മുടക്കം കൂടാതെ സംബന്ധിക്കുകയും വികാരിയായിരുന്ന ഇടവകകളിൽ ധ്യാനഗുരുക്കന്മാരെ ക്ഷണിച്ച് കൺവെൻഷനുകൾ നടത്തുകയും ചെയ്തിരുന്നു. അൽഫോൻസാമ്മയോട് സവിശേഷ ഭക്തിയുണ്ടായിരുന്നതിനാൽ, വിശുദ്ധയുടെ ഓർമ്മദിവസമായ ജൂലൈ 28-ന് ഭരണങ്ങാനത്ത് പോയി കബറിൽ പ്രാർത്ഥിച്ചിരുന്നു. സിസ്റ്ററിൻ്റെ വിശുദ്ധജീവിതം അധികം അറിയപ്പെടുന്നതിനു മുമ്പാണിത് എന്നോർക്കണം. അസാധ്യകാര്യ മദ്ധ്യസ്ഥനായ വി. യൂദാശ്ളീഹായോട് അനൽപമായ ഭക്തിയുണ്ടായിരുന്ന അച്ചൻ, മുഖത്തലയിലെ യൂദാ തദ്ദേവൂസിൻ്റെ തീർത്ഥാടനകേന്ദ്രത്തിൽ പോയും പ്രാർത്ഥിച്ചിരുന്നു.

പുത്തൻപീടിക പടിഞ്ഞാറ്റേതിൽ ശോശാമ്മ – അച്ചൻ്റെ ജീവിതസഖി – എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി എന്നും ഒപ്പമുണ്ടായിരുന്നു. 3 ആൺമക്കളെയും 7 പെൺമക്കളെയും നൽകി ദൈവം ആ ദാമ്പത്യബന്ധത്തെ സമൃദ്ധമായി അനുഗ്രഹിച്ചു. പിതാവിന്റെ ജീവിതമാതൃകയുടെ ശ്രേഷ്ഠത ഉൾക്കൊണ്ട മകൾ, സിസ്റ്റർ അൽഫോൻസാ എസ്.ഐ.സി. ബഥനി സന്യാസിനി സമൂഹാംഗമായിരുന്നു. ‘എൻ്റെ സ്മരണാകിരണങ്ങൾ’ എന്ന പേരിൽ അച്ചൻ തന്റെ ജീവിതാനുഭവങ്ങൾ ക്രൈസ്തവകാഹളം മാസികയിൽ എഴുതിയിരുന്നു.

വിശ്രമരഹിതമായ അദ്ധ്വാനത്തിനാലുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 1975-ൽ വളരെയധികം ക്ഷീണിതനാകുകയും തുടർന്ന് വിശ്രമത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. വിശ്രമത്തിലായിരുന്നപ്പോഴും വിശുദ്ധ കുർബാന അർപ്പണവും രോഗീസന്ദർശനവും മുടക്കിയിരുന്നില്ല. 1979 സെപ്റ്റംബർ 14-ന് ഭൂമിയിൽ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം പൂർത്തിയാക്കി മൈലപ്രയുടെ വികസനശിൽപി സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി.

ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നൂറുകണക്കിന് ആളുകളെ സാക്ഷിനിർത്തി സെപ്റ്റംബർ 15-ന് അച്ചന്റെ ഭൗതീകശരീരം മൈലപ്ര പള്ളിയോട് ചേർന്ന് സംസ്കരിച്ചു.

സ്നേഹത്തോടെ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഡോ. റ്റി.എ. ഏബ്രഹാം (മകൻ), കെ.ജി. ജോയി (മൈലപ്ര ഇടവകാംഗം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.