മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യ ജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 20

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു

സർക്കാർ സർവ്വീസ് ഉപേക്ഷിച്ച് സർവ്വേശ്വരന്റെ സർവ്വീസ് ഏറ്റെടുത്ത ആചാര്യശ്രേഷ്ഠൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

എഞ്ചിനീയറിംഗ് ബിരുദം നേടി ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന യുവാവ്, കൊളംബോയിൽ വച്ചു നടക്കാനിരുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പോകുന്നതിനുമുമ്പ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹം വാങ്ങാനെത്തിയപ്പോൾ ദൈവദാസൻ പറഞ്ഞു: “സർക്കാർ സർവ്വീസ് അല്ല സർവ്വേശ്വരന്റെ സർവ്വീസ് ആണ് നിന്റെ വിളി.” ഈവാനിയോസ് പിതാവിലൂടെ തന്റെ ജീവിതവിളി തിരിച്ചറിഞ്ഞ ഫിലിപ്പ് ചാക്കോ എന്ന ചെറുപ്പക്കാരൻ, തമ്പുരാന്റെ മുന്തിരിത്തോപ്പിലെ വേലയ്ക്കായിറങ്ങി ഇന്ന് നാം അറിയുന്ന ബഹുമാനപ്പെട്ട ഫിലിപ്പ് പന്തോളിൽ അച്ചനായിത്തീർന്നു.

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യകാലഘട്ടത്തിലെ പ്രേഷിത തീക്ഷ്ണതയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിവിധ വളർച്ചാഘട്ടങ്ങളും ഇന്നുവരെ സഭയെ നയിച്ച എല്ലാ സഭാധ്യക്ഷന്മാരോടുമൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം വൈദികരിലൊരാളാണ് വന്ദ്യ ഫിലിപ്പ് പന്തോളിൽ അച്ചൻ. 101 വർഷത്തെ ആയുഷ്കാലത്തിൽ 66 വർഷവും നിത്യപുരോഹിതനായ യേശുമിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുചേർന്നു ജീവിച്ച ആചാര്യശ്രേഷ്ഠൻ. ഏൽപിക്കപ്പെട്ട ദൗത്യങ്ങൾ കൃത്യമായും വിശ്വസ്തതയോടും ചെയ്ത കർമ്മയോഗി. ഉറച്ച ബോധ്യങ്ങളും ദൈവം നൽകിയ ബുദ്ധിവൈഭവവും കൈമുതലാക്കി, ദൈവഭക്തിയിലും ദൈവാശ്രയത്തിലും അടിയുറച്ചു നിന്ന് തന്റെ ജീവിതനിയോഗം പൂർത്തിയാക്കിയ വൈദികനുമായിരുന്നു പന്തോളിൽ അച്ചൻ.

മലങ്കര സഭയിലെ അതിപ്രഗത്ഭനായ വൈദികരിലൊരാളായ ഫിലിപ്പ് അച്ചൻ, പന്തോളിൽ ചാക്കോ ചാക്കോയുടെയും അന്നമ്മയുടെയും എട്ട് മക്കളിൽ ഇളയവനായി 1914 ഏപ്രിൽ 28-ന് ജനിച്ചു. പഠനത്തിൽ അതിസമർത്ഥനായിരുന്നതിനാൽ പത്താം ക്ലാസ്സിൽ ഒന്നാം റാങ്കോടു കൂടി പാസായതിനുശേഷം സിലോണിലെ (ശ്രീലങ്ക) കൊളംബോയിൽ നിന്ന് മെട്രിക്കുലേഷനും എഞ്ചിനീയറിംഗ് ബിരുദവും നേടി ദക്ഷിണാഫ്രിക്കയിൽ ടെലിഗ്രാഫ് എഞ്ചിനീയറായി ജീവിതമാരംഭിച്ചു. തന്റെ ജീവിതവിളി ഇതല്ലെന്നു തിരിച്ചറിഞ്ഞ ആ യുവാവ് വൈദികനാകണമെന്നുള്ള ആഗ്രഹത്തോടെ നാട്ടിലേയ്ക്കു മടങ്ങി. മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രത്യേക അനുവാദത്തോടെ ഇരുപത്തിയഞ്ചാം വയസിൽ 1940-ൽ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിൽ നിന്ന് തത്വ-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി 1949 ഏപ്രിൽ 29-ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. ദൈവശാസ്ത്രത്തിൽ licentiate ബിരുദവും രാഷ്ട്രമീമാംസയിൽ (Political Science) ബിരുദാനന്തര ബിരുദവും നേടി.

സുദീർഘമായ പൗരോഹിത്യശുശ്രൂഷയിൽ അവിഭക്ത തിരുവനന്തപുരം അതിരൂപതയിൽ വിവിധ ഇടവകകളുടെ വികാരിയായി സേവനം ചെയ്തതിനൊപ്പം അതിരൂപതയുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകളും വിശ്വസ്തതയോടെ നിർവ്വഹിക്കാൻ പന്തോളിൽ അച്ചനായി. അതിരൂപതാ അധ്യക്ഷന്മാർ കാലാകാലങ്ങളിൽ ഏൽപിച്ച ഉത്തരവാദിത്വങ്ങൾ അതിന്റെ ഗൗരവം മനസിലാക്കി, സഭയുടെ നന്മയ്ക്കായി പൂർത്തിയാക്കാൻ അക്ഷീണം അച്ചൻ യത്നിച്ചു. മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെയും മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെയും സെക്രട്ടറി, അതിരൂപതാ പ്രൊക്യുറേറ്റർ, ചാൻസലർ എന്നീ നിലകളിലും മാർ ഈവാനിയോസ് കോളേജിലെ അധ്യാപകനായും ബർസാർ ആയും അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ആയും പന്തോളിൽ അച്ചൻ ശുശ്രൂഷ ചെയ്തു. കോളേജിൽ നിന്നും വിരമിച്ചശേഷം സർവോദയ സ്കൂളിന്റെ പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചു. സെന്റ്‌ അലോഷ്യസ് മൈനർ സെമിനാരിയിൽ അധ്യാപകനായി വൈദികവിദ്യാർത്ഥികളുടെ പരിശീലനത്തിൽ സഹകാരിയായി.

1971-72 കാലഘട്ടത്തിൽ മാവേലിക്കര Coirlap എന്ന പ്രസ്ഥാനത്തിന്റെ ഡയറക്ടർ ആയും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫിലിപ്പച്ചന്റെ ഇടപെടലുകൾ വഴിയായി തിരുവനന്തപുരം അതിരൂപതയ്ക്ക് മുക്കംപാലയിൽ ബഥനി എസ്റ്റേറ്റും തിരുവല്ല അതിരൂപതക്ക് വിതുര ലക്ഷ്മി എസ്റ്റേറ്റും വാങ്ങുവാനും അതുവഴി സാമ്പത്തിക ഭദ്രത ഉറപ്പിക്കുവാനും സാധിച്ചു.

അച്ചന്റെ നൂറാം ജന്മദിനം ആഘോഷിച്ച 2014-ൽ ‘ഗുരുശ്രേഷ്ഠ’ അവാർഡിന് അർഹനായി.

കുന്നപ്പുഴ, കുണ്ടമൺകടവ്, കാഞ്ഞിരംപാറ, അഞ്ചാമട, പാളയം സെന്റ് മേരീസ് പ്രൊ കത്തീഡ്രൽ (ഇപ്പോഴത്തെ ബസിലിക്ക), അഞ്ചൽ, ഇടമുളക്കൽ, കരിമ്പേക്കൽ തുടങ്ങിയ ഇടവകകളിൽ വികാരി ആയും പന്തോളിൽ അച്ചന് ശുശ്രൂഷ ചെയ്യാൻ സാധിച്ചു. 23 വർഷക്കാലം ഇപ്പോഴത്തെ പത്തനംതിട്ട ഭദ്രാസനത്തിലെ നാരങ്ങാനം ഇടവകയുടെ വികാരി ആയിരുന്നു. ‘മാർ ഈവാനിയോസ് എന്റെ സ്മരണയിൽ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് ബഹു. പന്തോളിൽ അച്ചൻ.

പുനരൈക്യ പ്രസ്ഥാനത്തിന്റെ ശക്തനായ പ്രേഷിതനായിരുന്നതുപോലെ തന്നെ സഭൈക്യത്തിന്റെയും വക്താവ് ആയിരുന്ന പന്തോളിൽ അച്ചൻ, ദീർഘനാൾ അയിരൂർ എക്യൂമെനിക്കൽ ഫോറത്തിന്റെ നേതൃത്വവും വഹിച്ചു.

അഞ്ചൽ സെന്റ് ജോൺസ് കോളേജിന് തുടക്കം കുറിച്ച അച്ചൻ അതിനോട് ചേർന്ന് സ്കൂളും ആശുപത്രിയും നേഴ്സിംഗ് കോളേജുമൊക്കെ സ്ഥാപിക്കാൻ നേതൃത്വം നൽകിയപ്പോൾ അതിലൂടെ ഇന്നത്തെ അഞ്ചൽ പട്ടണത്തിന്റെ പുരോഗതിക്ക് ആരംഭം കുറിച്ചു. കലാലയ രാഷ്ട്രീയപശ്ചാത്തലത്തിൽ കേരളത്തിലെ കോളേജുകളിൽ ആദ്യമായി പോലീസ് വെടിവയ്പ്പുണ്ടായത് അഞ്ചൽ കോളേജിലായിരുന്നു. കലാപകലുഷിതമായ അന്തരീക്ഷങ്ങളെയെല്ലാം നേരിടാൻ അച്ചനായി. എതിർപ്പുകളെ പരിശുദ്ധാത്മ കൃപയോടെ സധൈര്യം നേരിട്ട് അച്ചൻ തുടക്കം കുറിച്ച നിരവധി സംരംഭങ്ങളുടെ നന്മ മലങ്കര സഭ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു.

2015 നവംബർ 15 ഞായറാഴ്ച്ച പന്തോളിൽ അച്ചൻ നിത്യസമ്മാനത്തിനായി വിളിച്ചുചേർക്കപ്പെട്ടു. മരണത്തിനുന് ഒന്നര മണിക്കൂർ മുമ്പ് തിരുപാഥേയം സ്വീകരിക്കുവാൻ ഭാഗ്യം ലഭിച്ചു. മരണശേഷം തന്നെ ധരിപ്പിക്കേണ്ട വസ്ത്രങ്ങളും അംശവസ്ത്രങ്ങളും ഒരുക്കിവച്ച്, മരണവാർത്ത അറിയിക്കേണ്ട എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരും ഡയറിയിൽ കുറിച്ചുവച്ച്, നല്ല ഒരുക്കത്തോടെ മരണത്തെ പുൽകാൻ പന്തോളിൽ അച്ചനു ഭാഗ്യം ലഭിച്ചു. 2015 നവംബർ 17-ന് അയിരൂർ സെന്റ് പാട്രിക് ദൈവാലയത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവായുടെ മുഖ്യകാർമ്മികത്വത്തിലും പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റ് പിതാക്കന്മാരുടെയും സഹകാർമ്മികത്വത്തിലും പന്തോളിൽ അച്ചന്റെ സംസ്കാരം നടത്തി.

യാക്കോബായ സഭയിൽ ജനിച്ചു, സിറോ മലബാർ സഭയിലൂടെ 1926-ൽ തന്നെ കത്തോലിക്കാ സംസർഗ്ഗത്തിലേയ്ക്ക് കടന്നുവന്ന്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദികനായി, തിരുവല്ല അതിരൂപതയിൽ ഇടവക അംഗത്വവും തിരുവനന്തപുരം മേജർ അതിരൂപതയിലും പത്തനംതിട്ട ഭദ്രാസനത്തിലും പൗരോഹിത്യ കൂട്ടായ്മയുടെ ഭാഗമായി ജീവിതം നയിച്ച് സ്വർഗ്ഗഭാഗ്യം പുൽകിയ വന്ദ്യനായ ആചാര്യനാണ് പന്തോളിൽ അച്ചൻ. നിത്യതയിലായിരിക്കുന്ന വന്ദ്യ പന്തോളിൽ അച്ചന്റെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഫാ.ഡാനിയേൽ കൊഴുവക്കാട്, ഫാ. ജോർജ് വലിയപറമ്പിൽ, ശ്രീ. ജോമി കലയപുരം ‘സുകൃതസ്മൃതി’ സുവനീർ – എം.സി.വൈ.എം. അയിരൂർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.