മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യ ജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 19

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു.

പുനരൈക്യ പ്രസ്ഥാനത്തിനായി അഹോരാത്രം അദ്ധ്വാനിച്ച പന്തളത്തച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

1902-ലാണ് തയ്യിൽ ഇസഹാക്ക് കത്തനാർ – ഏലിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിലൊരുവനായി പന്തളത്തച്ചൻ എന്ന പേരിൽ പ്രഖ്യാതനായ ഗീവർഗീസ് അച്ചൻ ജനിച്ചത്. പിതൃവഴിയിലും മാതൃവഴിയിലും ദൈവത്താല്‍ ഏറെ അനുഗ്രഹിക്കപ്പെട്ട കുടുംബത്തിലായിരുന്നു ജനനം എന്നതിനാലും വൈദികനായ അപ്പന്റെ ശുശ്രൂഷാക്രമങ്ങളോടും ജീവിതരീതിയോടും താല്പര്യമുണ്ടായിരുന്നതിനാലും ബാല്യം മുതലേ ദേവാലയകാര്യങ്ങളോട് അനല്പമായ അടുപ്പമുണ്ടായിരുന്നു. പിതൃഭവനമായ തയ്യിൽ കുടുംബം മാർതോമാ ശ്ളീഹായിൽ നിന്നു സ്നാനമേറ്റ ശങ്കരപുരിയുടെ തായ്വഴിയാണ്. മാതൃഭവനമായ പനച്ചക്കൽ കുടുംബവും കൈപ്പട്ടൂരിലെ ശ്രേഷ്ഠമായ കുടുംബങ്ങളിലൊന്നാണ്.

തലയനാട് സെന്റ് മേരീസ് പള്ളിയിൽ മാമ്മോദീസ മുങ്ങി. ഔഗേൻ ബാവയിൽ നിന്നു 1924 ഫെബ്രുവരി 19-ന് വൈദികപട്ടം സ്വീകരിച്ച് തലയനാട് പള്ളിയിൽ തന്നെ വിശുദ്ധ കുർബാനയർപ്പിച്ചു.

മാവേലിക്കര പണിക്കരു വീട്ടിൽ കുടുംബാംഗമായ മറിയാമ്മയെ വിവാഹം ചെയ്ത് കോന്നിക്കടുത്ത് ആഞ്ഞിലിക്കുന്നിൽ സ്ഥിരതാമസമാക്കി. കുഞ്ഞൂഞ്ഞമ്മ, ജോഷ്വ, പെണ്ണമ്മ, ജോർജ്, ത്രേസ്യാമ്മ, ജോസഫ്, തോമസ് എന്നിങ്ങനെ 7 മക്കളെ നൽകി ദൈവം ആ ദാമ്പത്യവല്ലരിയെ അനുഗ്രഹിച്ചു. അട്ടച്ചാക്കലും കോന്നിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഇടവകകളിൽ ഈ നാളുകളിൽ ശുശ്രൂഷ ചെയ്തു.

ബഥനിയുടെ മെത്രാപ്പൊലീത്തയായിരുന്ന മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ നടന്ന കത്തോലിക്കാ പുനരൈക്യം അന്ന് സമുദായാംഗങ്ങൾക്കിടയിലെ സംസാരവിഷയമായിരുന്നു. മാർ ഈവാനിയോസ് പിതാവുമായും ബഥനി പ്രസ്ഥാനവുമായും അടുത്ത ബന്ധം അച്ചൻ കാത്തുസൂക്ഷിച്ചിരുന്നു. ബഥനി ആശ്രമത്തിലെ ശുശ്രൂഷകളിലും പ്രാർത്ഥനകളിലും കോന്നിയിൽ താമസമായ നാളുകളിൽ തന്നെ സഹകരിച്ചിരുന്നു. ജീവിതസഖിയായ മറിയാമ്മയും മാർ ഈവാനിയോസ് പിതാവും കുടുംബാംഗങ്ങളായതും ആ ബന്ധം ദൃഢപ്പെടുവാൻ നിമിത്തമായി. മാർ ഈവാനിയോസ് പിതാവുമായുള്ള വലിയ ബന്ധത്താലും നിരന്തരമായ പ്രാർത്ഥനയാലും അച്ചൻ ആ തീരുമാനമെടുത്തു, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അംഗമാകുക. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും എതിർപ്പിനെയും ഭീഷണിയുടെ സ്വരങ്ങളെയും വകവയ്ക്കാതെ 1930 ഡിസംബറിൽ അദ്ദേഹം പുനരൈക്യപ്പെട്ടു. പത്തനംതിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവന്ന ആദ്യ വൈദികരിലൊരാളാണ് പന്തളത്തച്ചൻ.

പുനരൈക്യ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സർവ്വാത്മനാ സമർപ്പിച്ച അച്ചൻ ആഞ്ഞിലിക്കുന്ന്, മൈലപ്ര, മണ്ണാറകുളഞ്ഞി, കുമ്പഴ, വടക്കുപുറം, പൊന്നമ്പ്, കോന്നിത്താഴം, മുളന്തറ, തണ്ണിത്തോട്, കോന്നി, കിഴവള്ളൂർ, ളാക്കൂർ, പൂങ്കാവ്, ഊട്ടുപാറ, വകയാർ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. യാത്രാസൗകര്യങ്ങൾ തുലോം ദുർലഭമായിരുന്ന ആ കാലത്ത് പുനരൈക്യപ്പെട്ട വൈദികർ വിരലിലെണ്ണാൻ പോലുമില്ലാതിരുന്ന വൈഷമ്യഘട്ടത്തിൽ കിലോമീറ്ററുകളോളം നടന്നുപോയാണ് അച്ചൻ വിവിധ സ്ഥലങ്ങളിൽ സഭാശുശ്രൂഷ നിർവ്വഹിച്ചിരുന്നത്. ചെങ്ങറ പ്രദേശങ്ങളിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ പുല്ലു മേഞ്ഞ പള്ളി പണിയുവാൻ വിശ്വാസികളോടൊപ്പം തോളോടുതോൾ ചേർന്ന് അദ്ധ്വാനിച്ചു.

1947 നവംബർ 30-ന് ആഞ്ഞിലിക്കുന്ന് ദേവാലയത്തിനു സമീപമായി അച്ചൻ്റെ വീട് ആശീർവദിക്കുകയും ഇടവകയിൽ താമസമാക്കുകയും ചെയ്തു. പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും മലങ്കര സുറിയാനി കത്തോലിക്കാ സഭ ഇന്ന് ആഴത്തിൽ ഉറപ്പിക്കപ്പെട്ടുവെങ്കിൽ അതിന്റെ പിന്നിലെ അടിസ്ഥാന ശിൽപികളിലൊരാൾ പന്തളത്തച്ചനാണ്. അച്ചന്റെ ആത്മീയജീവിതവും ജീവിതവിശുദ്ധിയും അടുത്തറിയാവുന്നതിനാൽ മാർ ഈവാനിയോസ് പിതാവ് അച്ചന്റെ ആത്മീയ ഉപദേശങ്ങൾ തേടുകയും അച്ചൻ്റെയടുത്ത് വിശുദ്ധ കുമ്പസാരം നടത്തുകയും ചെയ്തിരുന്നു.

1964 ജനുവരി 13-ന് ഹൃദയാഘാതത്തെ തുടർന്ന് ഭൗമികശുശ്രൂഷ പൂർത്തിയാക്കി മാലാഖമാർക്കൊപ്പം ഇമ്പങ്ങളുടെ പറുദീസയിൽ വ്യാപരിക്കാനായി പുനരൈക്യപ്രസ്ഥാനത്തിനായി സ്വജീവിതം പൂർണ്ണമായി സമർപ്പിച്ച ധീരപ്രേഷിതൻ യാത്രയായി. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അച്ചന്റെ ഭൗതീകശരീരം ആഞ്ഞിലിക്കുന്ന് പള്ളിയ്ക്കുള്ളിലായി സംസ്കരിച്ചു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചന്‍)

കടപ്പാട്: തോമസ് സി.ജി (മകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.