മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യ ജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 18

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു.

നിശബ്ദനായ ശുശ്രൂഷകൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ തന്നെ സ്ഥാപിതമായ കാരക്കാട് (മാന്തുക) മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ പ്രഥമ വികാരി പമ്പൂരേത്ത് ചാണ്ടപ്പിള്ള കത്തനാരുടെ ആൺമക്കളിൽ മൂന്നാമനായ അലക്സാണ്ടർ അച്ചൻ 1896-ൽ ജനിച്ചു. പന്തളത്തിനടുത്ത് കുളനടയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാന്തളിർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ മാമ്മോദീസ മുങ്ങിയ പൈതലിന് അലക്സാണ്ടർ എന്ന നാമം നൽകപ്പെട്ടു.

കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ തീക്ഷ്ണതയോടെ വേല ചെയ്യുന്ന സ്വപിതാവിന്റെ പാത പിന്തുടർന്ന് അനുഗ്രഹീതനായ വൈദികനാകണമെന്നതായിരുന്നു ബാല്യം മുതലുള്ള ആഗ്രഹം. വൈദികപരിശീലനം മൂവാറ്റുപുഴയിലെ പാമ്പാക്കുട സിറിയൻ സെമിനാരിയിൽ ആയിരുന്നു. പരിശീലനത്തിനൊടുവിൽ 1921 മാർച്ച്‌ 30-ന് പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനുശേഷം 1921-22 -ൽ മാന്തളിർ യാക്കോബായ പള്ളിയുടെ വികാരിയായ സ്വപിതാവിനോടൊപ്പം സഹവികാരിയായി (അസിസ്റ്റൻ്റ്) പൗരോഹിത്യശുശ്രൂഷ ആരംഭിച്ചു. 1922-24 -ൽ ചങ്ങനാശ്ശേരിക്ക് അടുത്ത് നീലംപേരൂർ യാക്കോബായ പള്ളിയിലും അസിസ്റ്റന്റ് വികാരിയായിരുന്നു. പിന്നീട് 1924-27 -ൽ കോട്ടയത്തിനടുത്ത് പാക്കിൽ യാക്കോബായ പള്ളിയിലും 1927-31 -ൽ തിരുവല്ല കുറ്റൂർ യാക്കോബായ പള്ളിയിലും വികാരിയായി ശുശ്രൂഷ ചെയ്തു.

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിൻ്റെ നേതൃത്വത്തില്‍ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി, നിരന്തരമായ കക്ഷിവഴക്കിലും കയ്യാങ്കളിയിലും മനസ്സുമടുത്ത് പിതാവായ പമ്പൂരേത്ത് ചാണ്ടപ്പിള്ള കത്തനാർ കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവന്നപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാതെ 1931 ജൂൺ 22-ന് കത്തോലിക്ക സഭയിലേയ്ക്ക് അലക്സാണ്ടറച്ചനും പുനരൈക്യപ്പെട്ടു. പുനരൈക്യപ്പെട്ടതിനുശേഷം 1931-1932 -ൽ മാന്തുക കത്തോലിക്ക ചാപ്പലിൽ പിതാവിനൊപ്പം ശുശ്രൂഷ ചെയ്തു. തുടർന്ന് 1932-1937 -ൽ പമ്പുമല സെന്റ് മേരീസ്‌ പള്ളിയിൽ വികാരിയായിരുന്നു. 1937-1941 വർഷങ്ങളിൽ കാരയ്ക്കാട്, പന്തളം, ഇടപ്പോൺ, തുമ്പമൺ മാമ്പിലാലി എന്നിവിടങ്ങളിൽ വികാരിയായിരുന്നു. 1941 മുതൽ 1949 വരെ ഉള്ളന്നൂർ, ഇടപ്പോൺ, പന്തളം, ഉളനാട്‌ എന്നിവിടങ്ങളിലായിരുന്നു ശുശ്രൂഷ നിർവ്വഹിച്ചിരുന്നത്.

സുദീർഘമായ 8 വർഷം ഉള്ളന്നൂർ ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചു. സ്തുത്യർഹമായ ഇടവക ശുശ്രൂഷാ കാലഘട്ടത്തിലൊരിക്കൽ ഉള്ളന്നൂർ പള്ളിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഉണ്ടായ ഒരു റോഡപകടത്തിൽ കാലിന് പരുക്കേൽക്കുകയും തൽഫലമായി കാലിന് സ്വല്പം സ്വാധീനക്കുറവുണ്ടാകുകയും ചെയ്തു. ഇത് പ്രവർത്തനങ്ങളെ തെല്ല് പരിമിതപ്പെടുത്തുകയുണ്ടായി.

തന്റെ പിതാവിന്റെ മരണശേഷം അച്ചൻ 1949-ൽ കാരയ്ക്കാട് സെന്റ് ജോസഫ്‌സ് ഇടവകയുടെ വികാരിസ്ഥാനം ഏറ്റെടുത്തു. 1958-ൽ കാരക്കാട് പള്ളിയോടാപ്പം കുരമ്പാലപള്ളിയുടെ വികാരിയുമായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 1969-ൽ വികാരിസ്ഥാനത്ത് നിന്ന് പിന്മാറുകയും ചെയ്തു.

പന്തളത്തും സമീപപ്രദേശങ്ങളിലും ജെസ്യൂട്ട് വൈദികരോടും ഫ്രാൻസിസ്കന്‍ മിഷനറി ബ്രദേഴ്സിനോടും ചേർന്ന് നിരവധിയായ സഭാശുശ്രൂഷകളിൽ ഏർപ്പെട്ടിട്ടുണ്ട്. അനേകർക്ക് ക്രിസ്തുവിനെ പകർന്നുകൊടുക്കാൻ അദ്ധ്വാനിച്ചിട്ടുണ്ട്. 1976 ആഗസ്റ്റ് 9-ന് അച്ചൻ മരണമടഞ്ഞു. കാരയ്ക്കാട് പള്ളിയോടു ചേർന്ന്  സംസ്കരിച്ചിരിക്കുന്നു.

അലക്സാണ്ടർ അച്ചൻ്റെ പ്രിയപത്നി അന്നമ്മ, സഭാശുശ്രൂഷകൾക്ക് കൈത്താങ്ങായി കൂടെയുണ്ടായിരുന്നു. 3 മക്കളായിരുന്നു ഈ ദമ്പതികൾക്ക്. അലക്സാണ്ടർ, സൂസന്നാമ്മ, ജോൺ. അച്ചൻ്റെ ചെറുമകളായ ജോയിസ് ജോണിൻ്റെ ഭർത്താവാണ് മുമ്പ് വത്തിക്കാനിലേയും സ്വിറ്റ്സർലണ്ടിലേയും ഇന്ത്യൻ സ്ഥാനപതിയും ഇപ്പോൾ കുവൈറ്റിലെ അംബാസിഡറുമായ സിബി ജോർജ് IFS.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.