മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 17

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു.

ബഹുമുഖ പ്രതിഭയായ പമ്പൂരേത്ത് അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

ശ്രീമൂലം പ്രജാസഭയിൽ വോട്ടവകാശമുണ്ടായിരുന്ന പുരോഹിതൻ, നിവർത്തന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി, കവികളും സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വൈദികൻ, മാന്തുക ഗവൺമെന്റ് യു.പി. സ്കൂളിന്റെ ശിൽപി, കുളനടയിൽ ഗവൺമെന്റ് ഹോസ്പിറ്റൽ വരാനായി അദ്ധ്വാനിച്ചവരിലൊരാൾ, പരിശുദ്ധനായ പരുമല തിരുമേനിയുടെ സെക്രട്ടറി, ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ സംരക്ഷകൻ, കാരക്കാട് ഇടവകയുടെ പ്രഥമ വികാരി… ഇത്യാദി സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പമ്പൂരേത്ത് ചാണ്ടപ്പിള്ള കത്തനാർ.

വിശുദ്ധനായ ഒരു പ്രവാചകന്‍ വഴി ജ്‌ഞാനം അവരുടെ പ്രവൃത്തികളെ ഐശ്വര്യപൂര്‍ണ്ണമാക്കി (ജ്‌ഞാനം 11:1).

ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് സ്വപ്രയ്തനത്താൽ പ്രതാപശാലിയായി മാറിയ ഒരു പുരോഹിതശ്രേഷ്ഠന്റെ ജീവിതകഥ. പന്തളത്തിനടുത്ത് ഉള്ളന്നൂർ ദേശത്ത് പമ്പൂരേത്ത് ഭവനത്തിൽ ഉമ്മുമ്മന്റെ രണ്ടാമത്തെ പുത്രനായി 1870 ഏപ്രിൽ മാസത്തിൽ ജനിച്ചു. നാട്ടിൽ നിലവിലിരുന്ന വിദ്യാഭ്യാസരീതി അനുസരിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദികനാകണമെന്നുള്ള ആഗ്രഹത്താൽ ഇടവക പൊതുയോഗത്തിന്റെ അംഗീകാരത്തോടെ ഗുരുകുലരീതിപ്രകാരം മല്പാനച്ചന്റെ കീഴിൽ സുറിയാനിയും കൂദാശാനുഷ്ഠാദികളും സംസ്‌കൃത ഭാഷയിൽ അറിവും സമ്പാദിച്ചശേഷം മാന്തളിർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വികാരിയാകുകയും ചെയ്തു. ഉള്ളന്നൂർ, വെൺമണി പള്ളികളിലും ശുശ്രൂഷ ചെയ്തു. ശെമ്മാശനായിരുന്ന കാലത്ത് നിരണം ഭദ്രാസനാധിപനായിരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു.

അന്ന് പുത്തൻകൂർ വിഭാഗം മെത്രാൻകക്ഷി, ബാവകക്ഷി എന്നിങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞിരുന്നില്ല. മലങ്കര സഭ രണ്ട് ഭാഗമായി വേർതിരിഞ്ഞുനിന്നപ്പോൾ അച്ചൻ പാത്രിയർക്കീസ് ഭാഗത്ത്‌ നില്‍ക്കുകയും അവരുടെ വികാരിയായി തീരുകയും ചെയ്തു. സഭയുടെ വിഭജനത്തോടുകൂടി മാന്തളിർ പള്ളിയിലും രണ്ട് വിഭാഗങ്ങൾ തമ്മിൽ എന്നും കേസും വഴക്കും നടന്നുകൊണ്ടിരുന്നു. ഏതാനം വർഷം മുമ്പു വരെയും തൽസ്ഥിതി തുടർന്നുകൊണ്ടേയിരുന്നു.

കക്ഷിവഴക്കുകളിൽ സഹികെട്ട അച്ചൻ സമാധാനമുള്ള കത്തോലിക്ക സഭയിലേയ്ക്ക് ചേരാൻ, അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെൻസിഗർ പിതാവിനെ കണ്ട് ആലോചനകൾ നടത്തിക്കൊണ്ടിരുന്ന കാലത്താണ് മാർ ഇവാനിയോസ് തിരുമേനി 1930-ൽ കത്തോലിക്കാ സഭയിൽ ചേർന്നത്. മാർ ഈവാനിയോസ് പിതാവും ബഥനി പ്രസ്ഥാനവുമായി പരിചയം ഉണ്ടായിരുന്നതിനാലും ശാശ്വതസമാധാനത്തിന് കത്തോലിക്കാ സഭ മാത്രമാണ് ഏക പോംവഴി എന്ന് ബോധ്യമായതിന്റെ വെളിച്ചത്തിലും നിരന്തരമായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും ഉറച്ച ബോധ്യത്തിൽ കത്തോലിക്കാ സഭയിലേയ്ക്ക് ചേരാൻ അച്ചൻ തീരുമാനമെടുത്തു.

താൻ വികാരിയായിരുന്ന മാന്തളിർ സെന്റ് തോമസ് പള്ളിയിലെ പാത്രിയാർക്കീസ് വിഭാഗത്തിന്റെ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടുകയും കത്തോലിക്കാ സഭയിൽ ചേരാനുള്ള തന്റെ തീരുമാനം അറിയിക്കുകയും ചെയ്തു. അച്ചന്റെ കുടുംബത്തോടൊപ്പം 40 കുടുംബങ്ങളും 1931 ജൂൺ മാസത്തിൽ കത്തോലിക്ക സഭയിൽ ചേർന്നു. 1930-ൽ തന്നെ കാരക്കാട് (മാന്തുക) ഭാഗത്ത് മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ ബഹുമാനപ്പെട്ട ഗീവർഗീസ് കിളന്നമണ്ണിൽ അച്ചന്റെ നേതൃത്വത്തിൽ രൂപപ്പെട്ടിരുന്നു. 1932 ജൂൺ 11-ന് മലങ്കര ഹയരാർക്കി നിലവിൽ വരുകയും തിരുവനന്തപുരം അതിരൂപത, തിരുവല്ല രൂപത എന്ന നിലയിൽ ഭരണക്രമീകരണമാകുകയും ചെയ്തപ്പോൾ മലങ്കര കത്തോലിക്കാ സഭയുടെ ഒരു ഇടവക ദേവാലയം എന്ന സ്ഥാനം കാരയ്ക്കാട്ട് ഇടവകയ്ക്കു ലഭിക്കുകയും പ്രഥമ വികാരിയായി പമ്പൂരേത്തച്ചൻ നിയമിക്കപ്പെടുകയുമുണ്ടായി.

മലങ്കര കത്തോലിക്കാ സഭയിലെ പ്രവർത്തനങ്ങൾ

ആദ്യകാലത്ത് കാരയ്ക്കാട്ട് പള്ളി ഒരു ഓല ഷെഡായിരുന്നു. പിന്നീട് ആലപ്പുഴയിലുള്ള പോത്തൻ ജോസഫ് എന്ന ഒരു കയർ ഫാക്ടറി ഉടമ ഈ പള്ളി, ഒരു നേർച്ചയായി പണികഴിപ്പിക്കാൻ മുന്നോട്ടുവരികയും അച്ചന്റെ നേതൃത്വത്തിൽ അത് ഇന്ന് കാണുന്ന പള്ളിയായി പണികഴിപ്പിക്കുകയും ചെയ്തു.

ഉള്ളന്നൂർ പള്ളി, പുന്തലപ്പള്ളി, മുടിയൂർക്കോണം പള്ളി, രാമഞ്ചിറ പള്ളി എന്നിവിടങ്ങളിലെ കത്തോലിക്കാ കൂട്ടായ്മകൾക്ക് നേതൃത്വം നൽകാൻ അച്ചനായിട്ടുണ്ട്. ഉള്ളന്നൂർ പള്ളിയുടെ ആദ്യ വികാരിയും അച്ചനാണ്. പുന്തല, മുടിയൂർക്കോണം, രാമഞ്ചിറ ഇവിടങ്ങളിലെ പള്ളികൾക്ക് തുടക്കം കുറിക്കാനും അച്ചനായി. അടൂർ വൈദികജില്ലാ വികാരിയായിരുന്ന കാലത്താണ് അടൂർ പ്രദേശത്തെ പല പ്രമുഖ കുടുംബങ്ങളും കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്യപ്പെട്ടത്.

മാർ ഈവാനിയോസ് പിതാവിന്റെ മുക്ത്യാറായ ഉള്ളന്നൂർ മത്തായി മലഞ്ചരുവിൽ സാറിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അച്ചൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാ ബാവയായ സിറിൾ ബസേലിയോസ് തിരുമേനിയ്ക്ക് 1935 നവംബർ 2ന്- കാരക്കാട് പള്ളിയിൽ വച്ച് മാമ്മോദീസ നൽകി.

മാർ ഇവാനിയോസ് തിരുമേനിയും ഒളിവുജീവിതവും

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ ഈവാനിയോസ് തിരുമേനിക്ക് ശക്തമായ പിന്തുണയുമായി അച്ചൻ കൂടെയുണ്ടായിരുന്നു. മാർ ഈവാനിയോസ് തിരുമേനി റോമിൽ പോയി പതിനൊന്നാം പീയുസ് മാർപ്പാപ്പയെ കാണുന്നതിനും വിവിധ രാജ്യങ്ങളിലെ തലവന്മാരെ സന്ദർശിക്കുന്നതിനും പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നതിനുമായി യൂറോപ്യൻ പര്യടനം നടത്തുന്നതിനു തീരുമാനിച്ചു. മെത്രാൻകക്ഷിക്കാരിൽ നിന്നും ശക്തമായ എതിർപ്പിനെ പിതാവ് നേരിട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. പിതാവിന്റെ വിദേശപര്യടനം ഏതുവിധേനയും തടയുന്നതിനും പൊതുജനമദ്ധ്യത്തിൽ താറടിച്ചുകാണിക്കുന്നതിനുമായി കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്യിക്കാൻ ഒരു ശ്രമമുണ്ടായി. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും റോം യാത്ര തുടരാനുമായി പിതാവിന് ഏതാനും ദിവസം ഒളിവിൽ പാർക്കേണ്ടിവന്നു. അന്ന് അഭയം നൽകിയത് പമ്പൂരേത്തച്ചന്റെ സ്വന്തം വീട്ടിലാണ്. തിരുമേനി അവിടെ രഹസ്യമായി മൂന്നു ദിവസം താമസിക്കുകയും നാലാം ദിവസം രാത്രിയോടുകൂടി റോമിലേയ്ക്ക് പോവുകയും ചെയ്തു.

സാമൂഹ്യപ്രവർത്തനങ്ങൾ

ഒരു സാധാരണ പുരോഹിതനെപ്പോലെ പള്ളിയും അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിലും മാത്രം ഒതുങ്ങിക്കൂടുന്ന ഒരാളായിരുന്നില്ല പമ്പൂരേത്തച്ചൻ. കുളനടയിലും പരിസരപ്രദേശങ്ങളിലും എല്ലാ പൊതുകാര്യങ്ങളിലും അച്ചൻ നേതൃസ്ഥാനം വഹിച്ചിരുന്നു. സ്ഥലവാസികളായ നാനാജാതി മതസ്ഥരുടെ ഇടയിലും അച്ചൻ സമ്മതനായിരുന്നു. നാട്ടിലെ വസ്തുസംബന്ധമായ കേസുകളിലും അതിർത്തിത്തര്‍ക്കങ്ങളിലും കുടുംബവ്യവഹാരങ്ങളിലുമെല്ലാം അച്ചൻ മദ്ധ്യസ്ഥനായിരുന്നു. അച്ചന്റെ തീരുമാനങ്ങളിലെ നേർമ്മ ആളുകൾക്ക് ബോധ്യവുമായിരുന്നു. വിപുലമായ ഒരു സുഹൃദ്വലയം അച്ചനുണ്ടായിരുന്നു. സരസകവി മൂലൂർ പത്മനാഭ പണിക്കർ, മഹാകവി പന്തളം കേരള വർമ്മ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

കാർഷിക വിപണനത്തിനായി തെല്ലു ദൂരെയുള്ള പന്തളം ചന്തയെ ആശ്രയിക്കുന്നത് ഏറെ ദുഷ്കരമായതിനാൽ കുളനടയിൽ തന്നെ അപ്രകാരമൊരു ക്രമീകരണം വരുന്നത് നാടിന് ഏറെ ഗുണകരമാകുമെന്ന് തിരിച്ചറിഞ്ഞ്, ഒരു ചന്ത സ്ഥാപിക്കുന്നതിന് അന്നത്തെ തിരുവതാംകൂർ ദിവാനായിരുന്ന മന്നത്ത് കൃഷ്ണൻനായർക്ക് അച്ചന്റെ നേതൃത്വത്തിൽ നിവേദനം നൽകുകയും അതിന്റെ ഫലമായി കുളനടയിൽ ചന്ത അനുവദിച്ചുകിട്ടുകയുമുണ്ടായി.

മാന്തുക ഗവ. യു.പി. സ്കൂൾ അച്ചന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. എം.സി. റോഡരികിൽ അച്ചനുണ്ടായിരുന്ന സ്ഥലത്ത് കെട്ടിടം പണിത് സ്കൂള്‍ ആരംഭിച്ചു. കുറേക്കാലം അച്ചൻ ഈ സ്കൂൾ നടത്തുകയും പിന്നീട് ഗവൺമെന്റിലേയ്ക്ക് നൽകുകയുമുണ്ടായി. കുളനടയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കുന്നതിനായി നേതൃത്വം നൽകിയതും അച്ചനാണ്.

1931-1938 കാലഘട്ടത്തിൽ തിരുവതാംകൂർ രാജ്യത്തിൽ ഭരണപരിഷ്ക്കാരത്തിനായി നടത്തിയ നിവർത്തനപ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് പന്തളം ഭാഗത്ത്‌ അതിന്റെ മുൻനിരയിൽ അച്ചനുണ്ടായിരുന്നു. അച്ചന്റെ അദ്ധ്യക്ഷതയിലാണ് കുളനടയിൽ ഒരു മഹാസമ്മേളനം നടന്നത്.

പമ്പൂരേത്തച്ചന്റെ കുടുംബം

പമ്പൂരേത്തച്ചൻ ധാരാളം ഭൂസ്വത്തുക്കളുള്ള സമ്പന്നനായ ഒരാളായിരുന്നു. ശ്രീമൂലം പ്രജാസഭയിലേയ്ക്ക് വോട്ടവകാശം ഉണ്ടായിരുന്ന അപൂർവ്വം ക്രിസ്ത്യാനികളിലൊരാളായിരുന്നു അദ്ദേഹം.

അച്ചന് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. അച്ചന്റെ ആൺമക്കളിൽ മൂന്നാമനാണ് അലക്സാണ്ടർ പമ്പൂരേത്ത് അച്ചൻ. അച്ചന്റെ മകളുടെ ഭർത്താവും വൈദികനായിരുന്നു – യാക്കോബായ സഭയിലെ ഫാ. മത്തായി മനയ്ക്കമണ്ണിൽ. മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിൽ സവിശേഷമായി ശ്രദ്ധ പതിപ്പിച്ചിരുന്നതിനാൽ അച്ചന്റെ പിന്മുറക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതനിലയിൽ ജീവിക്കുന്നു.

1949 ഏപ്രിൽ 10-ന് തന്റെ എഴുപത്തിയൊമ്പതാം വയസ്സിൽ അച്ചൻ നിര്യാതനായി. അച്ചന്റെ മരണശേഷം അദ്ദേഹത്തോടുള്ള സ്നേഹബഹുമാനസൂചകമായി അദ്ദേഹത്തിന്റെ ഹൈന്ദവ സുഹൃത്തുക്കൾ പണികഴിപ്പിച്ചതാണ് ഇന്ന് കാണുന്ന അദ്ദേഹത്തിന്റെ കല്ലറ. ഒരുപക്ഷേ, ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കാം ഒരു ക്രിസ്ത്യൻ പുരോഹിതന്റെ കല്ലറ ഹൈന്ദവ സഹോദരങ്ങൾ പണികഴിപ്പിക്കുന്നത്. മതമൈത്രിയുടെ പ്രതീകമായി അത് ഇന്നും നിലകൊള്ളുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഡോ. കെ.എ. ജോൺ (കൊച്ചുമകൻ), അജിൻ ചാക്കോ, ആൻ മറിയം റെജി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.