മതങ്ങള്‍ സമാധാനത്തിനുള്ള സ്ഥാപനങ്ങളാണെന്ന് മാര്‍പാപ്പ

സമാധാനത്തിന്റെ കല്പന എല്ലാ മതങ്ങളുടെ പ്രബോധനങ്ങളിലും ദൈവം ഉള്‍ച്ചേര്‍ത്തിട്ടുള്ളതാണെന്ന് മാര്‍പാപ്പ പറഞ്ഞു. സമൂഹത്തില്‍ കാണുന്ന നിസ്സംഗതയ്ക്കും ശത്രുതയ്ക്കും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ മതവൈവിധ്യത്തിനോ മതങ്ങള്‍ക്കോ സ്ഥാനമില്ലെന്ന സത്യം ഈശ്വരവിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

യുദ്ധവും കലാപങ്ങളും ഭീകരതയും ചുറ്റും തലപൊക്കുമ്പോള്‍ നിസ്സംഗരായി നോക്കിനില്‍ക്കാതെ, അവരവരുടെ മതത്തിന്റെ വിശ്വാസമൂല്യങ്ങളില്‍ ഊന്നിനിന്നു കൊണ്ട് നമുക്ക് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രയോക്താക്കളാകുവാന്‍ സാധിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മതങ്ങളുടെ അടിസ്ഥാനലക്ഷ്യം സാഹോദര്യവും സമാധാനവുമാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു.

അതിനാല്‍ ക്ലേശങ്ങളുടെ ഇക്കാലഘട്ടത്തില്‍ മതങ്ങളും വിശ്വാസികളും സമാധാനത്തിനായി ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും ഒരിക്കലും കലാപത്തിനും അക്രമത്തിനും യുദ്ധത്തിനും കൂട്ടുനില്‍ക്കാതെ ലോലവും മാന്യവുമായ കരുത്തും കഴിവും ഉപയോഗിച്ച് സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ടു മുന്നേറാന്‍ പരിശ്രമിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

കടപ്പാട് : വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.