കായികവിനോദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറയുന്നതിങ്ങനെ

കായികവിനോദം സംഘാതാത്മകതയുടെ അനുഭവമാണെന്ന് മാര്‍പാപ്പ. ഏപ്രില്‍ 6 -ന് വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെട്ടത് അനുസ്മരിച്ചുകൊണ്ട്, കായികവിനോദം കൂട്ടായ്മയുടെ ഒരു അനുഭവമാണെന്ന ബോധ്യം വീണ്ടുമുണര്‍ത്താന്‍ ഈ ദിനാചരണത്തിന് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

സംസ്‌കാരങ്ങളും ഭിന്നജനതകളും തമ്മിലുള്ള സുദൃഢമായ സംഭാഷണം പരിപോഷിപ്പിക്കുന്നതിനും ഈ ദിനാചരണത്തിനു കഴിയട്ടെയെന്നും പാപ്പാ പറഞ്ഞു. കായികവിനോദ രംഗത്ത് സാഹോദര്യസംസ്‌കൃതി പ്രസരിപ്പിക്കുന്നതിന് വത്തിക്കാന്റെ കായികവിനോദ വിഭാഗം നടത്തുന്ന പരിശ്രമങ്ങള്‍ തുടരാന്‍ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

2013 ആഗസ്റ്റ് 23 -നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം ഏര്‍പ്പെടുത്തിയത്. ഒളിമ്പിക് സമിതിയുടെ പിന്തുണയോടെ 2014 ഏപ്രില്‍ 6 -നാണ് ഈ വാര്‍ഷിക ദിനാചരണത്തിന് തുടക്കമായത്. ഗ്രീസിലെ ഏഥന്‍സ് പട്ടണത്തില്‍ പ്രഥമ ഒളിമ്പിക്ക് കായികമത്സരം 1896 -ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട തീയതിയാണ് ഈ ദിനാചരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏപ്രില്‍ 6.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.