സാത്താന്റെ തല തകർക്കുവാൻ വിശുദ്ധ പത്താം പിയൂസ് പാപ്പാ നൽകുന്ന നിർദ്ദേശങ്ങൾ

സഭയിൽ എന്നും പ്രചോദനാത്മകമായ തീരുമാനങ്ങളും നിലപാടുകളും കൈക്കൊണ്ട വ്യക്തിയാണ് വിശുദ്ധ പത്താം പിയൂസ് പാപ്പാ. ഇറ്റലിയിലെ ഒരു ദരിദ്ര കുടുംബത്തിൽ പത്തു മക്കളിൽ ഒരാളായി പിറന്ന അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ആദ്യ മാർപാപ്പയായി ഉയർത്തപ്പെട്ടു. തുടന്ന് അദ്ദേഹം ആരാധനാപരവും കാനോനികവുമായ മേഖലകളിൽ കാലോചിതവും യുക്തവുമായ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നു. പതിനൊന്നു വർഷം കത്തോലിക്കാ സഭയുടെ പരമാധികാരിയായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തിന്റെ മുഖമുദ്ര ‘ക്രിസ്തുവിൽ എല്ലാം നവീകരിക്കുക’ എന്നതായിരുന്നു.

കുഞ്ഞുങ്ങൾക്ക് ചെറുപ്രായത്തിൽ ദിവ്യകാരുണ്യ സ്വീകരണത്തിന് അവസരമൊരുക്കിയതും അനുദിനം വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് വിശ്വാസികളെ പ്രചോദിപ്പിച്ചതും മാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചതും വിശുദ്ധ പത്താം പിയൂസ് പാപ്പായുടെ തീരുമാന പ്രകാരമായിരുന്നു. ബൈബിൾ വായിക്കാൻ   സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രമിച്ചിരുന്നു. സാധാരണക്കാണ്‌ ദൈവവുമായുള്ള ബന്ധം കൂടുതൽ ലളിതമാക്കുവാൻ സാധ്യമായ എല്ലാ വഴികളും പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ ഇല്ലാതാക്കുവാനുള്ള പൈശാചിക തന്ത്രങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന പത്താം പിയൂസ് പാപ്പാ, പ്രലോഭനങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്ന ഏതാനും നിർദ്ദേശങ്ങൾ വിശ്വാസികൾക്കായി നൽകുന്നുണ്ട്. ഏതാനും നിർദ്ദേശങ്ങൾ ഇതാ:

1. “യേശുവിലേയ്ക്ക് നമ്മെ നയിക്കുന്ന വഴി ഏതാണ് ? അത് നമ്മുടെ കണ്മുൻപിൽ തന്നെയുണ്ട്. അത് സഭയാണ്. വലിയവരും ചെറിയവരും എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും സഭയുടെ കീഴിലേയ്ക്ക് കൊണ്ടുവരുകയും നിത്യരക്ഷയ്ക്കായി വർത്തിക്കുകയും ചെയ്യുക എന്നത് നമ്മുടെ കടമയാണ്.”

2. “ദരിദ്രനായാണ് ഞാൻ ജനിച്ചത്. ദരിദ്രനായാണ് ഞാൻ ജീവിക്കുന്നത്. ദരിദ്രനായി മരിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു.”

3. “സാത്താന്റെ എല്ലാ അധിപത്യങ്ങൾക്കും കാരണം ക്രിസ്ത്യാനിയുടെ ദുർബലതയും അലസതയുമാണ്.”

4. “ജപമാല ഏറ്റവും മനോഹരമായ പ്രാത്ഥനയാണ്. പ്രാർത്ഥനകളുടെ കൃപയാൽ സമ്പന്നവുമാണ്. ദൈവമാതാവിന്റെ ഹൃദയത്തെ സ്പർശിക്കുന്ന പ്രാർത്ഥനയാണ് ജപമാല. കുടുംബങ്ങളിൽ ജപമാല ചൊല്ലുന്നതോടെ സാത്താൻ കുടുംബങ്ങളിൽ നിന്ന് പാലായനം ചെയ്യും.”

5. “ഏറ്റവും ചെറുതും എളുപ്പവുമായ സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയാണ് അടുത്തടുത്ത വിശുദ്ധ കുർബാന സ്വീകരണം.”

6. “എല്ലാ ഹൃദയങ്ങളിലും സമാധാനം കണ്ടെത്തുവാനുള്ള ആഗ്രഹമുണ്ട്. എന്നാൽ ദൈവത്തിൽ നിന്ന് അകന്നുകൊണ്ട് ഹൃദയ സമാധാനം തേടുക എന്നത് മണ്ടത്തരമാണ്. ദൈവം നമ്മിൽ നിന്ന് അകന്നാൽ നീതി നമ്മിൽ നിന്ന് അകലും. നീതി ഇല്ലാതായാൽ സമാധാനവും പ്രതീക്ഷയും പ്രത്യാശയും എല്ലാം നഷ്ടമാകും.”

7. “കുട്ടികൾ അവരുടേതായ ഇഷ്ടങ്ങളിലേയ്ക്ക് എടുത്തുചാടുന്നതിനു മുൻപ് ക്രിസ്തുവിലുള്ള ശരിയായ വിശ്വാസം അവർക്ക് പകർന്നു കൊടുക്കണം. പിശാചിന്റെയും മറ്റ് ശത്രുക്കളുടെയും ആക്രമണത്തെ ആന്തരികമോ ബാഹ്യമോ ആയി ചെറുത്തുനിൽക്കാൻ ശക്തമായ ആത്മീയ അടിത്തറ അവരെ സഹായിക്കും.”

8. “പരീക്ഷണങ്ങൾ വലയ്ക്കുമ്പോൾ നരകസർപ്പത്തിന്റെ തല തകർക്കുന്ന പരിശുദ്ധ അമ്മയുടെ ചാരെ ആശ്രയം കണ്ടെത്താം.”

9. “സഭയുടെ ഏറ്റവും വലിയ പ്രശ്നം ധൈര്യമില്ലാത്ത അവസ്ഥയാണ്. അതായത് വിശ്വാസികളുടെ ഭീരുത്വം.”