റഷ്യയില്‍ ലെനിന്റെ പ്രതിമയ്ക്കു പകരം ക്രിസ്തുവിന്റെ കൂറ്റന്‍ ശില്പം ഉയരും

ക്രിസ്തുവിന്റെ കൂറ്റന്‍ ശില്പം നിര്‍മ്മിക്കാനുള്ള പദ്ധതി റഷ്യയില്‍ തയ്യാറാകുന്നു. സോവിയറ്റ് യൂണിയന്റെ കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന വ്‌ളാഡിമര്‍ ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്താണ് ക്രിസ്തുവിന്റെ രൂപം ഉയരുക.

റഷ്യയുടെ കിഴക്ക് വ്‌ളാഡിവോസ്‌തോക്ക് നഗരത്തിലെ ഒരു മലയിലാണ് കൂറ്റന്‍ ക്രിസ്തുശില്‍പത്തിനായുള്ള പദ്ധതി ഒരുങ്ങുന്നത്. സോവിയറ്റ് ഭരണകാലത്ത് ഇവിടെ ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അതിനു സാധിച്ചില്ല. ക്രിസ്തുശില്‍പം നിര്‍മ്മിക്കാനായി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ അംഗീകാരം നല്‍കുന്നതോടെ നിര്‍മ്മാണം ആരംഭിച്ചേക്കും.

റഷ്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ക്രിസ്തുശില്‍പത്തിന് 125 അടിയോളം ഉയരമുണ്ടാകുമെന്നാണ് സൂചന. ബ്രസീലിലെ പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമര്‍ ശില്പത്തിനും ഇതേ ഉയരം തന്നെയാണ്. എന്നാല്‍, റഷ്യയില്‍ പണിയാന്‍ ഉദ്ദേശിച്ചിരിക്കുന്ന ക്രിസ്തുശില്പത്തിന്റെ പീഠത്തിന്റെ ഉയരം കൂടി കണക്കിലെടുക്കുമ്പോള്‍, ക്രൈസ്റ്റ് ദി റെഡീമര്‍ ശില്പത്തിന്റെ ഉയരത്തെ മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ പാത്രിയാര്‍ക്ക് കിറിലിന്റെ ആത്മീയ ഉപദേഷ്ടാവായ ഇല്ലി എന്ന ഒരു സന്യാസിയില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുന്നത്.